SignIn
Kerala Kaumudi Online
Thursday, 22 October 2026 4.53 PM IST

അപകടങ്ങൾ ഒഴിയാതെ എം.സി റോഡ്

adct

കോട്ടയം:എം.സി റോഡിൽ വീണ്ടും ചോരപ്പാട്. ഇന്നലെ പുലർച്ചെ നാട്ടകം പോളിടെക്‌നിക് കോളേജിന് സമീപമുണ്ടായ അപകടത്തിൽ പൊലിഞ്ഞത് രണ്ട് ജീവനുകളാണ്. കണ്ടെയ്‌നർ ലോറിയും ജീപ്പും കൂട്ടിയിടിച്ച് മരിച്ചത് തൊടുപുഴ സ്വദേശിയും ബീഹാർ സ്വദേശിയും. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മൂന്നു പേർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുമാണ്.

പള്ളം മുതൽ കോടിമത നാലുവരിപ്പാത വരെ സ്ഥിരം അപകടമേഖലകളാണ്. പള്ളം കെ.എസ്.ഇബി ചാർജിംഗ് സ്റ്റേഷന് സമീപം നിയന്ത്രണം നഷ്ടമായ ബുള്ളറ്റ് മതിലിൽ ഇടിച്ചു കയറി ബൈക്ക് യാത്രക്കാരനായ തിരുവനന്തപുരം കിളിമാനൂർ ഹസൻ മൻസിലിൽ മുഹമ്മദ് അസ്ലം (52) മരിച്ചിട്ട് അധിക നാളായില്ല. മണിപ്പുഴ മുളങ്കുഴ റോഡിൽ ഗ്യാസ് ടാങ്ക് ലോറിയും ബൈക്കും കൂട്ടിയിടിച്ച് പാക്കിൽ സ്വദേശി നിഖിൽ ജോൺസൺ മരിച്ചതും മാസങ്ങൾക്ക് മുൻപാണ്. മണിപ്പുഴ കോടിമത റോഡിൽ ദോസ്ത് പിക്കപ്പ് വാൻ സ്‌കൂട്ടറിലിടിച്ച് മൂലവട്ടം സ്വദേശികളായ ദമ്പതികൾ മരിച്ചതും അടുത്തകാലത്താണ്.

അപകടവളവുകളും അശ്രദ്ധയും
ചെറുതും വലുതുമായ അപകടങ്ങൾ പലപ്പോഴും എം.സി റോഡിലുടനീളം ഉണ്ടാകുന്നുണ്ട്. എം.സി റോഡിൽ ചിങ്ങവനം മുതൽ മണിപ്പുഴ, കോടിമത നാലുവരിപ്പാത, ബൈപ്പാസ് റോഡ്, നാഗമ്പടം, ബേക്കർ ജംഗ്ഷൻ, ഏറ്റുമാനൂർ, കാണക്കാരി വരെ അപകടമേഖലയാണ്. ചിങ്ങവനം മുതൽ നാട്ടകം വരെയുള്ള ഭാഗത്ത് വളവുകൾ നിറഞ്ഞയിടങ്ങൾ ഏറെയാണ്. അമിത വേഗതയും അശ്രദ്ധയും അപകടത്തിന്റെ ആക്കം കൂട്ടുന്നു.

വാഹന അപകടങ്ങൾ വർദ്ധിച്ചപ്പോൾ രാത്രി ദീർഘദൂരയാത്രക്കാർക്ക് പൊലീസിന്റെ നേതൃത്വത്തിൽ ചായയും കാപ്പിയും നൽകുന്നുണ്ടായിരുന്നു. ഇപ്പോൾ ഇത് നടക്കുന്നില്ലെന്നാണ് വിവരം.

ഉറക്കം വന്നാൽ നോ ഡ്രൈവ്

ഉറക്കത്തോട് വാശിപിടിച്ച് വാഹനമോടിക്കുന്നത് വലിയ അപകടമുണ്ടാക്കും. ഉറക്കം വരുന്നുണ്ടെങ്കിൽ വാഹനം ഓടിക്കാതിരിക്കുക. റോഡരികിൽ സുരക്ഷിതമായി വാഹനം പാർക്ക് ചെയ്ത് അല്പനേരം വിശ്രമിച്ച ശേഷം യാത്ര തുടരുക.ചായയോ കാപ്പിയോ കുടിക്കുക.

വരകളും റിഫ്ലക്‌ടറുകളില്ല

ദേശീയപാത അതോറിറ്റിക്ക് കീഴിലുള്ള എം.സി റോഡിന്റെ കോട്ടയം മുതൽ ചെങ്ങന്നൂർ വരെയുള്ള 36 കിലോമീറ്റർ ദൂരത്തെ നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. 39 കോടി രൂപ ചെലവഴിച്ചാണ് നവീകരണ പ്രവർത്തനങ്ങൾ. നവീകരണം പൂർത്തിയാക്കിയ ഭാഗത്ത് വരകളും റിഫ്ലക്ടറുകളും ഇതുവരെ സ്ഥാപിച്ചിട്ടില്ല. റിഫ്ലക്ടറുകൾ ഇല്ലാത്തത് രാത്രി യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിലാക്കുന്നു.റോഡ് നവീകരിച്ച ശേഷം വേഗനിയന്ത്രണ സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടില്ല.കോടിമത നാലുവരിപ്പാതയിൽ വഴിവിളക്കുകൾ തെളിയാത്തതും അപകടത്തിന് ഇടയാക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, MC ROAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL