
കോട്ടയം : കോട്ടയത്തെ ഒരു തലമുറയെ സിനിമയോട് അടുപ്പിച്ച തിരുനക്കരയിലെ പഴയ രാജ് മഹാൾ തിയേറ്ററും (അനശ്വര) തിരശീല താഴ്ത്തി. ഭാരത് ഹോസ്പിറ്റൽ ഉടമകളാണ് സ്വന്തമാക്കിയത്. തിയേറ്റർ പൊളിച്ച് ഭാരതിന്റെ പുതിയ പ്രവേശന കവാടവും, കാർപാർക്കിംഗ് കേന്ദ്രവുമായി മാറ്റും. നടത്തിപ്പ് നഷ്ടത്തിലായതോടെ നഗരത്തിൽ പ്രദർശനം നിറുത്തുന്ന ആറാമത്തെ തിയേറ്ററാണ്. യൂണിയൻ ക്ലബിന് സമീപം വിജയ, നഗര മദ്ധ്യത്തിൽ സെൻട്രൽ തിയേറ്റർ പിന്നീട് ബെസ്റ്റ് ഹോട്ടൽ ആയത് പൂട്ടിയതോടെ സെൻട്രൽ തിയേറ്ററിരുന്ന സ്ഥലം സെൻട്രൽ ജംഗ്ഷൻ മാത്രമായി. ഇംഗ്ലീഷ് സിനിമകൾ അടക്കം ലോക ക്ലാസിക്കുകൾ പ്രദർശിപ്പിരുന്ന സ്റ്റാർ തിയേറ്ററും നാഗമ്പടത്തെ റോയൽ തിയേറ്ററും (നിർമ്മല ) ഷോപ്പിംഗ് കോംപ്ലക്സുകളായി. തിരുവാതുക്കൽ രാധാകൃഷ്ണ തിയേറ്ററും സ്വകാര്യഭൂമിയായി. വലിയ തിയേറ്ററുകൾ പൂട്ടുമ്പോൾ ജില്ലയിൽ നീണ്ടൂർ, പള്ളിക്കത്തോട്, കറുകച്ചാൽ തുടങ്ങി ഉൾപ്രദേശങ്ങളിൽ പോലും മൾട്ടിപ്ലക്സുകൾ വ്യാപകമായി. മണിപ്പുഴ ലുലുമാൾ കോംപ്ലക്സിലും മൾട്ടിപ്ലക്സ് തിയേറ്ററുകൾ ഉടൻ ഉയരും.
കോട്ടയത്തിന്റെ സിനിമാ തിയേറ്റർ സംസ്കാരത്തിൽ വലിയ വിപ്ലവം സൃഷ്ടിച്ച കഥയാണ് അനശ്വരയുടേത്. തിരുനക്കര തെക്കേനട മേച്ചേരി മഠത്തിലെ മഹാദേവ അയ്യരുടെ ഭാര്യ രാജം ആയിരുന്നു 1947 പാലസ് റോഡിൽ തിയേറ്റർ പണിതപ്പോൾ സ്വന്തം പേരും ഭാര്യയുടെ പേരും ചേർത്ത് രാജ്...മഹാ ൾ എന്ന പേരു നൽകി. തിരുനക്കര ഉത്സവത്തിന് പുലർച്ചെ വരെയായിരുന്നു നിറഞ്ഞ സദസിലെ പ്രദർശനം.
മികച്ച ശബ്ദവിന്യാസം
കരിങ്കൽഭിത്തിയിൽ തീർത്തതിനാൽ മികച്ച ശബ്ദവിന്യാസം പ്രത്യേകതയായിരുന്നു. എന്നും പ്രദർശനത്തിന് മുമ്പ് ഉച്ചഭാഷിണിയിലൂടെ സിനിമാപാട്ടുകൾ ആസ്വദിക്കാൻ റോഡിൽ കൂട്ടം കൂടി നിന്നത് ഒരു തലമുറയായിരുന്നു. സിനിമാപാട്ട് പുസ്തകം വിൽക്കുന്ന കടയും തിയേറ്ററിനോട് ചേർന്നുണ്ടായിരുന്നു. ആനന്ദ് , അഭിലാഷ്, ആശ തിയേറ്റർ ഉടമസ്ഥരായ സെൻട്രൽ പിക്ച്ചേഴ്സ് വാങ്ങിയതോടെ 'രാജ് മഹാൾ ' അനശ്വര'യാവുകയായായിരുന്നു. പുത്തൻ സാങ്കേതികവിദ്യയും മികച്ച സീറ്റിംഗ് ക്രമീകരണങ്ങളുമാക്കിയ അനശ്വരയിലായിരുന്നു വർഷങ്ങളായി കോട്ടയം ഫിലിം ഫെസ്റ്റിവലും നടന്നിരുന്നത്.
''
വർഷങ്ങളോളം സിനിമയോട് എന്നെ അടുപ്പിച്ച 'രാജ്മഹാൾ (അനശ്വര) ' ഇല്ലാതാകുന്നത് വ്യക്തിപരമായ ദു:ഖംകൂടിയാണ്. ഒരു പാട് സിനിമകൾ കണ്ടിട്ടുള്ള തിയേറ്റർ ഇല്ലാതാകുമ്പോൾ ഉള്ളിൽ ഗൃഹാതുരത്വത്തിന്റെ വിങ്ങൽ. എല്ലാ വർഷവും കോട്ടയം ഫിലിംഫെസ്റ്റിവൽ നടന്നിരുന്ന നല്ലൊരു തിയേറ്ററും ഇല്ലാതാവുകയാണ്.
-ആർട്ടിസ്റ്റ് സുജാതൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |