SignIn
Kerala Kaumudi Online
Wednesday, 20 May 2026 5.02 AM IST

മത്സരയോട്ടം, ഇന്നലെയും പൊലിഞ്ഞു ഒരു ജീവൻ..... അതിരുകടന്ന് ന്യൂജെൻ  ബൈക്ക് അഭ്യാസം 

bike

കോട്ടയം : റീൽസ് ചിത്രീകരണത്തിനായി പൊതുനിരത്തുകളിൽ യുവാക്കൾ നടത്തുന്ന വാഹന അഭ്യാസ പ്രകടനം അതിര് കടക്കുന്നത് അപകടം വിളിച്ചോതുന്നു. ഇന്നലെ പള്ളിക്കത്തോട്ടിൽ മത്സരയോട്ടത്തിനിടെ ഡ്യൂക്ക് ബൈക്ക് നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചതാണ് ഒടുവിലത്തെ സംഭവം. മത്സര ഓട്ടവും, സ്റ്റണ്ടിംഗും നടത്തി മൊബൈലിൽ ചിത്രീകരിച്ച ശേഷം നവമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നത് ഒരുകൂട്ടർക്ക് ലഹരിയാണ്. ഇതിനായി പ്രത്യേക വാട്‌സ് ആപ്പ് ഗ്രൂപ്പുകളുമുണ്ട്. പലപ്പോഴും വേഗം നൂറ് കിലോമീറ്ററിനു മുകളിലാണ്. ആധുനിക നിലവാരത്തിൽ ടാറിംഗ് നടത്തിയ നിരത്തുകളാണ് ഇതിനായി ഇവർ തിരഞ്ഞെടുക്കുന്നത്. ചങ്ങനാശേരി പാലാത്ര ബൈപ്പാസ്, കോടിമത ബൈപ്പാസ്, ഏറ്റുമാനൂർ - പട്ടിത്താനം ബൈപ്പാസ്, മണർകാട് ബൈപ്പാസ്, നാലുമണിക്കാറ്റ് റോഡ്, വാഗമൺ റോഡ്, മലയോരമേഖലയിലെ റോഡുകൾ എന്നിവയാണ് ഇവരുടെ ഇഷ്ടലൊക്കേഷൻ. ജി.പി.എസ് , ബ്ലൂ ടൂത്ത്, ക്യാമറ തുടങ്ങിയവയും ഒപ്പമുണ്ടാകും. കാതടപ്പിക്കുന്ന തരത്തിലുള്ള ശബ്ദത്തോടെ രൂപമാറ്റം വരുത്തിയ ബൈക്കുകൾ രാത്രികാലങ്ങളിൽ റോഡുകൾ കൈയടക്കുകയാണ്. കാറുകളുമുണ്ട് ഇക്കൂട്ടത്തിൽ. പെരുന്ന മുതൽ ടി.ബി റോഡുവഴി ബോട്ടുജെട്ടിവരെ ഫ്രീക്കന്മാരുടെ വിളയാട്ടമാണ്. കാൽനടയാത്രക്കാർ സന്ധ്യകഴിഞ്ഞാൽ ഭീതിയോടെയാണ് പോകുന്നത്. നാട്ടുകാർ പരാതി നൽകിയതോടെ പൊലീസ് പെട്രോളിംഗ് നടത്തുന്നുണ്ടെങ്കിലും ഇവർ പോയിക്കഴിഞ്ഞാൽ വീണ്ടും സംഘം നിരത്തുകൾ കീഴടക്കും.

ലഹരിയുടെ ഉന്മാദം, പരിശോധനയില്ല

രാത്രി കാലങ്ങളിൽ പൊലീസ് പരിശോധന കുറവായതാണ് ഇത്തരം സംഘങ്ങളുടെ വിലസലിന് കാരണമാകുന്നത്. കൺട്രോൾ റൂം വാഹനത്തിന്റെ പട്രോളിംഗ് അല്ലാതെ നഗരങ്ങളിൽ രാത്രികാലങ്ങളിൽ പൊലീസിനെ കാണേറെയില്ല. പലരും ലഹരിയുടെ ഉന്മാദത്തിലാണ് അഭ്യാസം കാട്ടിക്കൂട്ടുന്നത്. എം.ഡി.എം.എ അടക്കം ഉപയോഗിച്ച് അപകടകരമായ രീതിയിൽ ബൈക്കുകൾ ഓടിക്കുന്നവരുണ്ടെന്ന് ചങ്ങനാശേരി നിവാസികൾ പറയുന്നു. വാഹനങ്ങൾക്കിടയിലൂടെ നുഴഞ്ഞു കയറിപ്പോകുകയും ഭീതിപ്പെടുത്തും വിധം വലിയ ഹോൺ മുഴക്കുകയും ചെയ്യുന്നത് ഇവരുടെ വിനോദമാണ്.

ഫോളോവേഴ്‌സിനെ കൂട്ടാൻ അഭ്യാസം

ഫോളോവേഴ്‌സിനെ കൂട്ടാനായാണ് ഈ മരണപ്പാച്ചിലും, തോന്ന്യാസങ്ങളും കാട്ടിക്കൂട്ടുന്നത്

ബി.ജി.എം അകമ്പടിയോടെ റേസിംഗ്, ഡ്രിഫ്റ്റ്റിംഗ് വീഡിയോകൾ സോഷ്യൽമീഡിയകളിൽ വ്യാപകമാണ്

പഴയ മോഡൽ കാർ, ബൈക്ക് എന്നിവ മോഡിഫൈ ചെയ്തും, സൈലൻസർ മാറ്റിയുമാണ് ചത്രീകരണം.

''പൊലീസോ, ഗതാഗതവകുപ്പോ പിഴ ഈടാക്കുയോ പിടിയ്ക്കുയോ ചെയ്താൽ അംഗീകാരമായി കണ്ട് സ്റ്റാറ്റസും പോസ്റ്റും ഇടുന്നതാണ് യുവതലമുറയുടെ രീതി.

(പൊതുപ്രവർത്തകർ)

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL