
കോട്ടയം : 80 ശതമാനം സബ്സിഡി നിരക്കിൽ മലയോര കർഷകർക്ക് കാർഷിക യന്ത്രങ്ങൾ ലഭ്യമാക്കുന്ന സർക്കാർ പദ്ധതി താളം തെറ്റി. കാടുവെട്ടിത്തെളിക്കുന്നതിനും, മണ്ണ് ഒരുക്കുന്നതിനുമുള്ള മെഷീനുകളും, ജാതി,ഏലം,കുരുമുളക്, കൊക്കോ, തേങ്ങ ഉൾപ്പെടെയുള്ളവ ഉണക്കുന്നതിനുമുള്ള ട്രയറുകളും കുരുമുളക് മെതിയന്ത്രവും ഉയർന്ന പ്രദേശങ്ങളിൽ വെള്ളമെത്തിക്കാനുള്ള മോട്ടോറുകളും, മരുന്ന് അടിക്കാനുള്ള ഡ്രോണുകളും ഉൾപ്പെടെയായിരുന്നു സബ്സിഡി കഴിഞ്ഞ് കുറഞ്ഞ തുകയ്ക്ക് ലഭ്യമാക്കുമെന്നായിരുന്നു സർക്കാർ പറഞ്ഞിരുന്നത്. കർഷക കൂട്ടായ്മകൾക്ക് 30 ലക്ഷം രൂപ വരെ വിലയുള്ള യന്ത്രങ്ങൾ ലഭ്യമാക്കുന്ന പദ്ധതി കൃഷി വകുപ്പ് മുഖേനയാണ് നടപ്പാക്കുന്നത്. നിരവധി അപേക്ഷകളും ലഭിച്ചു. കൃഷി വകുപ്പ് എൻജിനിയറിംഗ് വിഭാഗം പരിശോധന നടത്തി തിരഞ്ഞെടുത്തവർ സബ്സിഡി തുക കുറച്ച് ബാക്കി പണവുമായി ബാങ്കിലെത്തിയപ്പോൾ 30 ലക്ഷം രൂപയ്ക്കുള്ള ഈട് വേണമെന്നും ഒൻപതര ശതമാനം പലിശയ്ക്ക് പണം വായ്പയായി നൽകാമെന്നും വായ്പാത്തുക മുഴുവൻ തിരിച്ചടച്ച ശേഷമേ സബ്സിഡി നൽകൂ എന്നുമാണ് ബാങ്ക് അധികൃതർ പറഞ്ഞത്. 20 ശതമാനം അടച്ചാൽ മതിയെന്ന കൃഷി വകുപ്പ് അധികൃതരുടെ ഉറപ്പ് ഇതോടെ പൊളിഞ്ഞു.
പലിശ താങ്ങില്ല, കർഷകർ പിൻവാങ്ങി
30 ലക്ഷം രൂപ വരെ ഒമ്പത് ശതമാനം പലിശയ്ക്ക് തിരിച്ചടക്കുമ്പോൾ സബ്സിഡി കിട്ടിയിട്ടും നേട്ടമില്ലെന്നു മനസിലാക്കി പദ്ധതിയോട് കർഷകർ മുഖംതിരിച്ചു. പദ്ധതി വഴി നെൽകർഷകർക്ക് കൊയ്ത്ത് യന്ത്രവും ട്രാക്ടറും സബ്സിഡി കുറച്ച് ബാങ്കുകൾ നൽകുന്നുണ്ട്. പലരും കൊയ്ത്ത് യന്ത്രവും ട്രാക്ടറും വാടകയ്ക്ക് നൽകി പണമുണ്ടാക്കുകയാണ്. കൃഷി വകുപ്പ് ഉദ്യോഗസ്ഥർക്കും ഇതിന്റെ കമ്മീഷൻ ലഭിക്കുന്നുണ്ടെന്നാണ് കർഷകരുടെ ആരോപണം
''നെൽകർഷക കൂട്ടായ്മയ്ക്ക് ട്രാക്ടറും കൊയ്ത്ത് മെതിയന്ത്രവും സബ്സിഡി നിരക്കിൽ നൽകുമ്പോൾ മലയോര കർഷകരോട് മാത്രം ഒമ്പതുശതമാനം പലിശയ്ക്ക് നൽകുന്ന വായ്പാത്തുക മുഴുവൻ തിരിച്ചടച്ച ശേഷമേ സബ്സിഡി അനുവദിക്കൂവെന്ന് ബാങ്കുകൾ പറയുന്നത് വിവേചനമാണ്. ഇതിന് പിന്നിൽ കൃഷി വകുപ്പ്ഉദ്യോഗസ്ഥരുടെ കൈകളുണ്ടോ എന്നു സംശയിക്കണം. സർക്കാർ ഇടപെടൽ ഇക്കാര്യത്തിൽ ഉണ്ടാകണം.
-എബി ഐപ്പ് (കർഷക കോൺഗ്രസ്)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |