
കോട്ടയം : ഒറ്റമഴയിൽ വെള്ളക്കെട്ട്, കനത്തകാറ്റിൽ നാശനഷ്ടം. ഉച്ചയോടെ അടങ്ങിയെങ്കിലും ജില്ലയിൽ കാലവർഷത്തിന്റെ കെടുതികൾ തുടങ്ങി. ചുരുങ്ങിയ സമയത്തിനുള്ളിൽ സമീപനാളുകളിൽ ഏറ്റവും കൂടുതൽ മഴ പെയ്ത ദിവസങ്ങളിലൊന്നായിരുന്നു ഇന്നലെ. 8.7 സെന്റി മീറ്റർ. ഇന്ന് ഓറഞ്ച് അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതിരമ്പുഴ നാൽപ്പാത്തിമലയിൽ ശക്തമായ മഴയിലും കാറ്റിലും വീടിന്റെ മേൽക്കൂര തകർന്നു വീണു. ആർക്കും പരിക്കില്ല. പടിഞ്ഞാറൻ മേഖലയിലും മണർകാടും മാടപ്പള്ളിയിലും തോടുകൾ നിറഞ്ഞു.ചിലയിടങ്ങളിൽ വെള്ളം റോഡ് നിറച്ചു. മഴ ശക്തമായി തുടർന്നാൽ മഴക്കാല ദുരന്തങ്ങളും കൂടെയെത്തുമെന്ന ആശങ്കയുണ്ട്. വേനൽ മഴ ദുർബലമായിരുന്നതിനാൽ ജലാശയങ്ങളിൽ വെള്ളം താഴ്ന്നു നിൽക്കുകയായിരുന്നു. മീനച്ചിലാറ്റിലും മണിമലയാറ്റിലും ജലനിരപ്പ് ഉയർന്നെങ്കിലും അപകടകരമായ നിലയിലേക്ക് എത്തിയിട്ടില്ല.
മഴക്കാല പൂർവ ശുചീകരണം പാളി
ഇത്തവണ മഴക്കാലപൂർവ ശുചീകരണം താറുമാറായതിനാൽ ഒന്നോ രണ്ടോ ദിവസം ശക്തമായ മഴ പെയ്താൽ വെള്ളപ്പൊക്ക സാദ്ധ്യതയും നിലനിൽക്കുകയാണ്. മീനച്ചിലാറ്റിൽ ഉൾപ്പെടെ ഒഴുക്ക് തടസപ്പെടുന്ന രീതിയിൽ മരച്ചില്ലകളും മറ്റും ചാഞ്ഞു കിടക്കുന്നു. നഗര, ഗ്രാമഭേദമന്യേ ഓടകൾ ശുചീകരിക്കാൻ വൈകി. ഇനിയും വൈകിയാൽ നഗരങ്ങളിലും ടൗണുകളിലും അപ്രതീക്ഷിത വെള്ളപ്പൊക്കമുണ്ടാകുമെന്ന മുന്നറിയിപ്പുമുണ്ട്.
പ്രഖ്യാപനത്തിൽ ഒതുങ്ങി പ്രളയകാല ഷെൽട്ടർ
വർഷാവർഷം പ്രളയക്കെടുതിയിൽ മുങ്ങുന്ന ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലെ ജനങ്ങൾക്ക് സുരക്ഷിത താവളമൊരുക്കാൻ ജില്ലാ പഞ്ചായത്തിന്റെ ഷെൽട്ടർ പദ്ധതി ബഡ്ജറ്റ് പ്രഖ്യാപനത്തിൽ ഒതുങ്ങി. 2018 ലെ പ്രളയത്തിന് ശേഷമാണ് ജില്ലാ പഞ്ചായത്ത് ബഡ്ജറ്റിൽ പദ്ധതി ഇടംപിടിച്ചത്. ദുരിതാശ്വാസ ക്യാമ്പുകളിലെ നരകയാതനയിൽ നിന്നുള്ള മോചനം കൂടിയാണ് ലക്ഷ്യംവച്ചത്. കുമരകം, അയ്മനം, തിരുവാർപ്പ്, ആർപ്പൂക്കര മേഖലകളിലുള്ളവരെ ഉദ്ദേശിച്ചായിരുന്നു പദ്ധതി. കായലോര മേഖലയിലെ ജനങ്ങൾക്ക് പ്രഖ്യാപനം പ്രതീക്ഷയായിരുന്നു. താത്കാലിക ക്യാമ്പുകളിലേയ്ക്ക് മാറേണ്ടി വരുന്ന പടിഞ്ഞാറൻ മേഖലയിലെ ജനങ്ങൾക്ക് ഏറെ യ്രോജനപ്പെടുന്ന പദ്ധതി ജോഷി ഫിലിപ്പ് ആദ്യമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റായപ്പോഴാണ് പ്രഖ്യാപിച്ചത്. വീടുകളിൽ വെള്ളം കയറി ആഴ്ചകളോളം ജനങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത് എല്ലാ വർഷവും പതിവ് കാഴ്ചയാണ്.
ദുരിതം പടിഞ്ഞാറ്
വെള്ളപ്പൊക്ക നാശം കൂടുതൽ പടിഞ്ഞാറൻ മേഖലയിൽ
ഷെൽട്ടറിൽ ആധുനിക അടുക്കള ഉൾപ്പെടെ സംവിധാനം
ഷെൽട്ടർ പണിയാൻ സർക്കാർ സ്ഥലങ്ങൾ നിരവധി
യു.ഡി.എഫ് തിരിച്ചെത്തിയിട്ടും നടപടിയില്ല
ഇടതുഭരണത്തിന് ശേഷം വീണ്ടും യു.ഡി.എഫ് ജില്ലാ പഞ്ചായത്തിന്റെ ഭരണമേറ്റെടുത്ത് ജോഷി ഫിലിപ്പ് പ്രസിഡന്റായിട്ടും പടിഞ്ഞാറൻ മേഖലയിലെ ജനങ്ങളോടുള്ള അവഗണന തുടരുകയാണ്. സ്വന്തം മുന്നണി പ്രഖ്യാപിച്ച പദ്ധതിയായിട്ടും ഇതിന്റെ തുടർനടപടികൾ സ്വീകരിക്കാനോ ഫണ്ട് വകയിരുത്താനോ തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |