
ആഘോഷമാക്കി വനിതകൾ
കോട്ടയം: കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി പദ്ധതിക്ക് ജില്ലയിലും ഗംഭീര തുടക്കം. യാത്രയിൽ പങ്കുചേർന്നും മധുരം വിതരണം ചെയ്തും പല കേന്ദ്രങ്ങളിലും വനിതകൾ ആദ്യ ദിനം ആഘോഷമാക്കി. ജില്ലാതല ഉദ്ഘാടനം കോട്ടയം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു. കുമരകം വഴി ചേർത്തലയ്ക്ക് സർവീസ് നടത്തുന്ന ഓർഡിനറി ബസിലെ യാത്രക്കാരിക്ക് അദ്ദേഹം സീറോ ടിക്കറ്റ് കൈമാറി. പ്രിയദർശിനി പദ്ധതി മാതൃകാപരമാണെന്ന് തിരുവഞ്ചൂർ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, കോട്ടയം നഗരസഭ അധ്യക്ഷൻ എം.പി. സന്തോഷ് കുമാർ, ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ എസ്.രമേശ് എന്നിവർ സംസാരിച്ചു. കോട്ടയം ഡിപ്പോയിൽ 22 ഓർഡിനറി സർവീസുകളിലാണ് സ്ത്രീകൾക്ക് സൗജന്യയാത്രാ സൗകര്യം ലഭ്യമാവുക. കടുത്തുരുത്തി നിയോജകമണ്ഡലംതല ഉദ്ഘാടനം കടുത്തുരുത്തി സെൻട്രൽ ജംഗ്ഷനിൽ നടന്ന ചടങ്ങിൽ മന്ത്രി മോൻസ് ജോസഫ് നിർവഹിച്ചു. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വർഗീസിന് ആദ്യയാത്രയ്ക്കുള്ള സീറോ ടിക്കറ്റ് മന്ത്രി കൈമാറി. സ്ത്രീസമൂഹത്തിന് സംസ്ഥാനസർക്കാർ നൽകുന്ന പരിഗണനയാണ് സൗജന്യയാത്ര പദ്ധതി നടപ്പാക്കുന്നതിലൂടെ വ്യക്തമാകുന്നതെന്ന് മന്ത്രി പറഞ്ഞു. തദ്ദേശ സ്ഥാപന അദ്ധ്യക്ഷൻമാർ, അംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
പുതുപ്പള്ളി ബസ് സ്റ്റാൻഡിൽ ചാണ്ടി ഉമ്മൻ എം.എൽ.എ, ഏറ്റുമാനൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നാട്ടകം സുരേഷ് എം.എൽ.എ, പൊൻകുന്നം പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ പ്രൊഫ.റോണി കെ.ബേബി എം.എൽ.എ,ചങ്ങാശേരി പെരുന്ന ബസ് സ്റ്റാൻഡിൽ വിനു ജോബ് എംഎൽഎ, എരുമേലി, മുണ്ടക്കയം എന്നിവിടങ്ങളിൽ അഡ്വ.എം.ജെ സെബാസ്റ്റ്യൻ എം.എൽ.എ, വൈക്കം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ കെ.ബിനിമോൻ എം.എൽ.എ എന്നിവർ പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |