
കോട്ടയം : റെയിൽവേ വികസനത്തിന്റെ ഭാഗമായി നിരവധി പദ്ധതികൾ നടപ്പാക്കിയിട്ടും കുമാരനല്ലൂർ റെയിൽവേ സ്റ്റേഷനിൽ മുഴച്ച് നിൽക്കുന്നത് അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം. സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ച് ഏഴ് പതിറ്റാണ്ടിലേറെയായിട്ടും എറണാകുളം ഭാഗത്തേക്കുള്ള ട്രാക്കിൽ പ്ലാറ്റ്‌ഫോം നിർമ്മിക്കാത്തതാണ് യാത്രക്കാർക്ക് ദുരിതം.
ട്രെയിൻ നിറുത്തുമ്പോൾ യാത്രക്കാർക്ക് നിലത്തു നിന്ന് ഉയരമുള്ള കോച്ചുകളിലേക്ക് ഏന്തിവലിഞ്ഞ് കയറണം. രാവിലെ ജോലിക്കും പഠന ആവശ്യങ്ങൾക്കുമായി യാത്ര ചെയ്യുന്നവരാണ് ഏറെ. രാവിലത്തെ പാസഞ്ചർ ട്രെയിനുകളിൽ വൻതിരക്കാണ്. മറ്റുള്ളവരുടെ സഹായത്തോടെയാണ് വയോജനങ്ങളും സ്ത്രീകളും ട്രെയിനിൽ കയറുന്നത്. ട്രെയിനിൽ കയറാനോ ഇറങ്ങാനോ ശ്രമിക്കുന്നതിനിടെ യാത്രക്കാർ വീഴുന്ന സംഭവങ്ങളും പതിവാണ്. ഭാഗ്യം കൊണ്ടാണ് വൻഅപകടങ്ങൾ വഴിമാറുന്നത്.
വശങ്ങൾ കാടുകയറി
സ്റ്റേഷനിൽ നിലവിൽ കുറച്ച് ട്രെയിനുകൾക്ക് മാത്രമാണ് സ്റ്റോപ്പ്. എറണാകുളം ഭാഗത്തേക്കാണ് തിരക്കേറെ. ഇരട്ടപ്പാത പദ്ധതി പൂർത്തിയായതിനെ തുടർന്ന് മറുവശത്ത് വിശാലമായ പ്ലാറ്റ്‌ഫോം നിർമ്മിച്ചിട്ടുണ്ട്. എന്നാൽ പ്ലാറ്റ്‌ഫോം ഇല്ലാത്ത ട്രാക്കിന്റെ വശം കാടുകയറി കിടക്കുകയാണ്. ഇഴജന്തുക്കളുടെ ശല്യം രൂക്ഷമാണ്. സ്റ്റേഷനിലേക്ക് ക്ഷേത്രം ഭാഗത്ത് നിന്നും സമീപ പ്രദേശങ്ങളിൽ നിന്നുമെത്തുന്ന യാത്രക്കാർക്ക് കാട്ടുവഴിയിലൂടെയോ ട്രാക്കിലേക്ക് ഇറങ്ങിയോ സഞ്ചരിക്കേണ്ട സാഹചര്യമാണുള്ളത്. കാഴ്ച മറയ്ക്കുന്ന തരത്തിൽ കാട് വളർന്നതിനാൽ അപകടസാദ്ധ്യതയും ഏറി.
പ്രായമായവരും, സ്ത്രീകളും ട്രെയിനിൽ കയറാൻ ബുദ്ധിമുട്ടുന്നു
ട്രാക്കിലൂടെ യാത്രക്കാർ നടക്കുന്നത് അപകടത്തിനിടയാക്കും
പ്ലാറ്റ് ഫോം നിർമ്മിക്കണമെന്നാവശ്യത്തിന് വർഷങ്ങളുടെ പഴക്കം
''അടിയന്തരമായി കാട് വെട്ടിത്തെളിച്ച് യാത്രക്കാർക്ക് സുരക്ഷിതമായ പ്രവേശന മാർഗം ഒരുക്കണം. എറണാകുളം ഭാഗത്തെ ട്രാക്കിൽ പ്ലാറ്റ്‌ഫോം നിർമ്മിക്കണം. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം പരിഹരിച്ച് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണം. കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണം.
(സന്തോഷ് കുമാരനല്ലൂർ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |