
കോട്ടയം : 'ഓപ്പറേഷൻ തൂഫാന്റെ ' ഭാഗമായി വാഹനപരിശോധനകൾ വ്യാപകമാക്കിയതോടെ റോഡിലെ നിയമലംഘനങ്ങളിലും കുറവ്. പരിശോധനയിൽ പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനമോടിച്ച് പിടിയിലാകുന്ന സംഭവങ്ങൾ കൂടുതലായിരുന്നു. ഇരുചക്ര, നാലുചക്ര വാഹനങ്ങളുമായി നിരത്തിലിറങ്ങിയിരുന്ന നിരവധി കുട്ടികൾ പരിശോധന ഭയന്ന് പിൻവാങ്ങി. ലൈസൻസ് ഇല്ലാതെ വാഹനമോടിച്ചിരുന്ന കുട്ടികൾ അമിതവേഗത്തിലും അശ്രദ്ധയോടെയും സഞ്ചരിച്ചതിനെ തുടർന്ന് നിരവധി അപകടങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പുറമേ മദ്യപിച്ച് വാഹനോടിക്കുന്നത് ഉൾപ്പെടെയുള്ള നിയമലംഘനങ്ങളിലും കുറവുണ്ട്. ലഹരി ഉപയോഗവും, കടത്തും കണ്ടെത്തുന്നതിനുള്ള പ്രത്യേക പരിശോധനകളുടെ ഭാഗമായാണ് വാഹന പരിശോധന ഊർജ്ജിതമാക്കിയത്. ലൈസൻസ്, വാഹനരേഖകൾ, പ്രായം എന്നിവ കർശനമായി പരിശോധിക്കുന്നതിനാൽ പ്രായപൂർത്തിയാകാത്തവർ വാഹനമോടിക്കുന്ന സംഭവങ്ങൾ കുറഞ്ഞു. പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനവുമായി പിടിയിലാകുന്ന സാഹചര്യങ്ങളിൽ രക്ഷിതാക്കളെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി നിയമനടപടികൾ സ്വീകരിക്കുകയും പിഴ ഈടാക്കുകയും ചെയ്യുകയാണ് പതിവ്. കുട്ടികൾക്ക് വാഹനം കൈമാറുന്ന രക്ഷിതാക്കൾക്കും വാഹന ഉടമകൾക്കുമെതിരെ നിയമപ്രകാരം നടപടി സ്വീകരിക്കുന്നുണ്ട്.
അഭ്യാസം വേണ്ട, പണി കിട്ടും
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഗതാഗത നിയമലംഘനങ്ങൾക്കെതിരായ നടപടികളും ശക്തമാക്കിയിട്ടുണ്ട്. ഹെൽമെറ്റ് ധരിക്കാതെയുള്ള യാത്ര, സീറ്റ് ബെൽറ്റ് ഉപയോഗിക്കാത്തത്, അപകടകരമായ ഡ്രൈവിംഗ്, രേഖകളില്ലാതെ വാഹനമോടിക്കൽ തുടങ്ങിയ വിവിധ നിയമലംഘനങ്ങൾക്ക് പെറ്റിക്കേസുകളുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ട്.റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും അപകടങ്ങൾ കുറയ്ക്കുന്നതിനുമായി പരിശോധനകൾ തുടരുമെന്ന് പൊലീസ് അറിയിച്ചു.
ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശങ്ങൾ
ലൈസൻസില്ലാതെ വിദ്യാർത്ഥികൾ വാഹനമോടിക്കുന്നത് അദ്ധ്യാപകരും രക്ഷകർത്താക്കളും വിലക്കണം
കുട്ടികൾക്കും മാതാപിതാക്കൾക്കും ബോധവത്കരണം, സംഭവം ശ്രദ്ധയിൽപ്പെട്ടാൽ പൊലീസിനെ അറിയിക്കണം
''പ്രായപൂർത്തിയാകാത്തവർക്ക് വാഹനം കൈമാറാതിരിക്കണം. ഗതാഗതനിയമങ്ങൾ കർശനമായി പാലിക്കണം.
-ജില്ലാ പൊലീസ്
ഗതാഗത നിയമലംഘനങ്ങളിൽ 20 % കുറവ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |