
കോട്ടയം : ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്യുമ്പോൾ സ്പെഷ്യൽ ഡ്രൈവ് നടത്തി വാർത്തകളിൽ ഇടംപിടിക്കുന്നതല്ലാതെ ഭക്ഷ്യസുരക്ഷാവകുപ്പിന്റെ പ്രവർത്തനം നിർജ്ജീവം. ജീവനക്കാരുടെ കുറവും പരിശോധനകൾ കൃത്യമായി നടത്താനുള്ള സംവിധാനവുമില്ലാതെ വകുപ്പ് ഇഴയുമ്പോൾ സർക്കാരും കാഴ്ചക്കാരുടെ റോളിലാണ്. ഇതിന് ബലി കൊടുക്കുന്നതാകട്ടെ സാധാരണക്കാരുടെ ജീവനും. നിലവിൽ നടക്കുന്ന പരിശോധനകളിൽ പലതും പ്രഹസനമായി മാറുകയാണെന്നാണ് ആക്ഷേപം. ഭക്ഷ്യസുരക്ഷാ സംവിധാനത്തിലെ അടിസ്ഥാന പോരായ്മകൾ പരിഹരിക്കാതെ ഭക്ഷ്യവിഷബാധയ്ക്ക് ഫലപ്രദമായി തടയിടാനാകില്ലെന്നാണ് വിലയിരുത്തൽ. ഭക്ഷ്യസുരക്ഷാ വകുപ്പിനോട് ആരോഗ്യവകുപ്പ് വർഷങ്ങളായി തുടരുന്ന അവഗണന അവസാനിപ്പിക്കണമെന്നും ആവശ്യത്തിന് ഉദ്യോഗസ്ഥരെ നിയമിച്ച് പരിശോധനാ സംവിധാനം ശക്തിപ്പെടുത്തണമെന്നുമാണ് ആവശ്യം. ഭക്ഷ്യവിഷബാധയുണ്ടായാൽ നിയമനടപടി സ്വീകരിക്കാനും ഭക്ഷണസാമ്പിളുകൾ ശേഖരിച്ച് ലാബോറട്ടറി പരിശോധനയ്ക്ക് അയയ്ക്കാനും അധികാരമുള്ളത് ഭക്ഷ്യസുരക്ഷാ വകുപ്പിനാണ്. ഉദ്യോഗസ്ഥരുടെ അഭാവം കാരണം പല സ്ഥലങ്ങളിലും പരിശോധനകൾക്ക് ഹെൽത്ത് ഇൻസ്‌പെക്ടർമാരെ ആശ്രയിക്കേണ്ട സാഹചര്യമാണ്. ഹെൽത്ത് ഇൻസ്‌പെക്ടർമാരുടെ ചുമതല ഹോട്ടലുകളിലെ ശുചിത്വം, കുടിവെള്ളത്തിന്റെ ഗുണനിലവാരം, മാലിന്യസംസ്‌കരണം, പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട വിഷയങ്ങൾ എന്നിവ പരിശോധിക്കുന്നതാണ്.
പിടിപ്പതുപണി, പിന്നെന്ത് ചെയ്യും
ചെറിയ തുക പിഴയടപ്പിച്ചും ലൈസൻസ് താത്കാലികമായി റദ്ദാക്കിയുമുള്ള നടപടി കൊണ്ട് കാര്യമില്ല. എഫ്.എസ്.എസ്.എ.ഐ മാനദണ്ഡപ്രകാരം ആയിരം ഭക്ഷ്യോത്പാദന വിതരണ കേന്ദ്രങ്ങളിൽ ഒരു ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥൻ വേണം. സംസ്ഥാനത്ത് നാലരലക്ഷത്തോളം ഭക്ഷ്യസംരംഭങ്ങളുള്ള സാഹചര്യത്തിൽ 480 ഓളം ഉദ്യോഗസ്ഥർ ആവശ്യമാണ്. എന്നാൽ നിലവിലുള്ളത് 170 പേർ. ഇതിൽ 150 പേരാണ് പരിശോധനാ ചുമതലയിലുള്ളത്. ശേഷിക്കുന്നവർ ഓഫീസ് ജോലികളിലാണ്. എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ മാത്രമാണ് അംഗീകൃത ഭക്ഷ്യപരിശോധന ലാബോറട്ടറികൾ പ്രവർത്തിക്കുന്നത്.
വേണ്ടത് 48 ഉദ്യോഗസ്ഥർ
നിലവിൽ 170 പേർ മാത്രം
എല്ലാ ജില്ലകളിലും ലാബ് വേണം
ജില്ലയിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന് സ്വന്തമായി പരിശോധന ലാബില്ല
പ്രധാന ലാബിലേക്ക് സാമ്പിൾ അയച്ചാൽ ഫലം ലഭിക്കാൻ രണ്ടാഴ്ച
എല്ലാ ജില്ലകളിലും ലാബുകൾ സജ്ജമായാൽ നടപടി വേഗത്തിലാക്കാം.
''ജില്ലാതലത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക ഭക്ഷ്യസുരക്ഷാ സ്‌ക്വാഡുകൾ രൂപീകരിക്കണം. ഭക്ഷ്യസുരക്ഷാ വകുപ്പിൽ കൂടുതൽ ഉദ്യോഗസ്ഥരെ നിയമിച്ച് പരിശോധനാ സംവിധാനം ശക്തിപ്പെടുത്തണം.
-(എബി ഐപ്പ്, ഭക്ഷ്യ ഉപദേശക വിജിലൻസ് സമിതി അംഗം)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |