കേരളാ കോൺഗ്രസ് മാണി ഗ്രൂപ്പ് വർഷങ്ങളോളം ഭരിച്ച പാലാ 'നരകസഭയിൽ' യു.ഡി.എഫിന് ഭരണം ലഭിച്ചു ആറുമാസം പിന്നിടുമ്പോൾ പരസ്പരം പാരപണിയുന്നതിൽ യു.ഡി.എഫ് കൗൺസിലർമാരുടെ മത്സരം കണ്ട് സ്വയം ശപിക്കാനേ വോട്ടർമാർക്കു കഴിയുന്നുള്ളൂ. തമ്മിൽതല്ലി ഭരണം ഇല്ലാതാക്കരുതെന്ന് മുതിർന്ന നേതാക്കൾ ഉപദേശിക്കുമ്പോൾ 'തല്ലരുതമ്മാവാ ഞാൻ നന്നാകില്ലെന്ന് പറഞ്ഞതുപോലാണ് കാര്യങ്ങൾ. 'ഞങ്ങടെ കാര്യം ഞങ്ങൾ കുളമാക്കികൊള്ളാം നിങ്ങളാരും ഇടപെടേണ്ടെന്ന് മുതിർന്ന നേതാക്കളെ തിരിച്ചു ഉപദേശിക്കാൻ പാലായിലെ ചോട്ടാനേതാക്കൾ വളർന്നിരിക്കുന്നത് കണ്ട് കാഴ്ചക്കാരായി നിൽക്കാനേ മൂത്ത നേതാക്കൾക്ക് കഴിയുന്നുള്ളൂ.
26 അംഗ കൗൺസിലിൽ രണ്ട് അംഗങ്ങളുടെ കുറവേ പ്രതിപക്ഷത്തുള്ളൂ. ഭരണപക്ഷത്തിനാകട്ടെ രണ്ട് അംഗങ്ങളുടെ ഭൂരിപക്ഷമേയുള്ളൂ. 'കയ്യാലപ്പുറത്തെ തേങ്ങാ പോലാണ് ഭരണം. അതിനിടയിലാണ് ഭരണകക്ഷികൾക്കിടയിൽ പോര് മുറുകിയത്.
നിലവിലെ ഓട്ടോറിക്ഷാ സ്റ്റാൻഡ് മാറ്റിയതാണ് ഒരു പ്രശ്നം. ഡി.വൈ.എഫ്.ഐ പരിപാടിക്ക് സ്റ്റേഡിയം വാടകയ്ക്ക് കൊടുത്തതാണ് രണ്ടാമത്തെ പ്രശ്നം. ഒരു മേശക്ക് ചുറ്റുമിരുന്ന് ചിയേഴ്സ് വിളിച്ചു തീർക്കാവുന്ന ചീളുകേസിന്റെ പേരിൽ കുളിപ്പിച്ചു കൊച്ചില്ലാതായെന്ന് പറഞ്ഞതുപോലെ കാത്തുനോറ്റിരുന്ന നഗരസഭാ ഭരണം ഇല്ലാതാക്കാൻ നടത്തുന്ന ചക്കളത്തി പോരാട്ടം കണ്ട് ഓരോന്ന് പൊട്ടിക്കാൻ നാട്ടുകാരുടെ കൈ തരിക്കുകയാണ്.
ചെയർപേഴ്സണെതിരെ പ്രതിപക്ഷം അവിശ്വാസ നോട്ടീസ് നൽകിയിരിക്കുകയാണ്.ഈ മാസം 21ന് അവിശ്വാസം ചർച്ചയ്ക്കെടുക്കുമ്പോൾ ഭരണപക്ഷ അംഗങ്ങൾ അനുകൂലിച്ചോ എതിർത്തോ വോട്ടുചെയ്യുമെന്ന കാര്യത്തിൽ നേതാക്കൾക്ക് ഒരെത്തുംപിടിയുമില്ല. രണ്ടോ മൂന്നോ ഭരണകക്ഷി അംഗങ്ങൾ വിട്ടുനിന്നാൽ അവിശ്വാസം പാസാകും. യു.ഡി.എഫ് ചെയർപേഴ്സൺ രാജിവെയ്ക്കേണ്ടിവരും. പകരം ആരെന്ന കാര്യത്തിൽ യു.ഡി.എഫിൽ ധാരണയുമില്ല.
പ്രതിപക്ഷത്തിന് ഭരണം കിട്ടണമെങ്കിൽ മൂന്നംഗ പുളിക്കക്കണ്ടം ഫാമിലി വോട്ടെങ്കിലും കിട്ടണം. ഇത്രയം നാളും പരസ്പരം ചീത്തവിളിച്ചവരുടെ വോട്ട് എങ്ങനെ മേടിക്കും. അവരുടെ പിന്തുണയിൽ എങ്ങനെ 'നരകസഭ' ഭരിക്കും ! കോൺഗ്രസിൽ നിന്ന് ചെയർപേഴ്സണാകണമെങ്കിലും പ്രതിപക്ഷ പിന്തുണ വേണം. ചുരുക്കത്തിൽ മധുരിച്ചിട്ടു തുപ്പാനും കയ്ച്ചിട്ട് ഇറക്കാനും കഴിയാത്ത അവസ്ഥയിലാണ് ഇരുമുന്നണികളും.
അവിശ്വാസം പാസായാലും നഗരസഭാ ഭരണം വേണ്ട യു.ഡി.എഫിലെ തമ്മിൽതല്ല് കാണാനാണ് തങ്ങൾക്ക് ഇഷ്ടമെന്നു പറഞ്ഞു 'തിന്നുകയുമില്ല തീറ്റിക്കുകയുമില്ല' എന്ന അവസ്ഥയിലാണ് പ്രതിപക്ഷം.
കഴുതകളായ തങ്ങളെ ഭരിക്കാൻ തിരഞ്ഞെടുത്ത കോവർ കഴുതകളുടെ പേക്കൂത്തുകൾ കണ്ട് 'വിനാശകാലേ വിപരീത ബുദ്ധി' എന്ന് പറഞ്ഞുപോവുകയാണ് ചുറ്റുവട്ടത്തുള്ളവർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |