
പാലാ : നഗരസഭയിൽ ഇന്ന് നടക്കുന്ന അവിശ്വാസ പ്രമേയ ചർച്ചയ്ക്ക് മുന്നോടിയായി യു.ഡി.എഫിലും, എൽ.ഡി.എഫിലും തുടർചർച്ചകൾ നടന്നു. ഇന്ന് രാവിലെ 11 നാണ് പ്രമേയം ചർച്ചയ്ക്കെടുക്കുന്നത്. യോഗത്തിൽ നിന്ന് വിട്ടുനിൽക്കാൻ യു.ഡി.എഫ് കൗൺസിലർമാർക്ക് പാർട്ടി നേതൃത്വം വിപ്പ് നൽകിയിട്ടുണ്ട്. 26 അംഗ കൗൺസിൽ അംഗങ്ങളിൽ 14 പേർ വോട്ട് ചെയ്‌തെങ്കിലേ അവിശ്വാസം പാസാകൂ. യോഗത്തിൽ പങ്കെടുത്താൽ അവിശ്വാസ പ്രമേയത്തിന് അനുകൂലമായി കോൺഗ്രസ് കൗൺസിലർമാർ വോട്ട് ചെയ്യാൻ സാദ്ധ്യതയുണ്ടെന്ന സൂചനയെ തുടർന്നാണ് വിട്ടുനിൽക്കാൻ വിപ്പ് നൽകിയതെന്നാണ് സൂചന. അതേസമയം വിപ്പ് കൈപ്പറ്റിയാലും തങ്ങളുടെ മനസാക്ഷിക്കനുസരിച്ചേ നീക്കങ്ങൾ നടത്തൂവെന്നാണ് ചില കോൺഗ്രസ് കൗൺസിലർമാരുടെ അഭിപ്രായം.
സ്വതന്ത്ര മുന്നണി കൂട്ടായ്മയിലെ അംഗമായ ദിയ ബിനു പുളിക്കക്കണ്ടത്തിനെതിരെ തങ്ങൾ ഒന്നടങ്കം നേരത്തെ തന്നെ അവിശ്വാസം രേഖപ്പെടുത്തിയിരുന്നുവെന്ന് കോൺഗ്രസിലെ ചില കൗൺസിലർമാർ ചൂണ്ടിക്കാട്ടുന്നു.
ജോസഫ് ഗ്രൂപ്പ് കൗൺസിലർമാർക്കും കെ.ഡി.പി. കൗൺസിലറിനും അതാത് പാർട്ടി നേതാക്കൾ വിപ്പ് നൽകിയിട്ടുണ്ട്.
വിപ്പ് ലംഘിച്ചാൽ കടുത്ത നടപടി
വിപ്പ് ലംഘിക്കുന്ന സാഹചര്യം ഒരു കാരണവശാലും ഉണ്ടാകില്ലെന്നും മറിച്ചായാൽ ശക്തമായ തുടർനടപടികൾ സ്വീകരിക്കുമെന്നും യു.ഡി.എഫ് നേതൃത്വം കൗൺസിലർമാരെ അറിയിച്ചിട്ടുണ്ട്. അതേസമയം അവിശ്വാസ പ്രമേയം ഉറപ്പായും പാസാകുമെന്നാണ് പ്രതിപക്ഷ നേതാവ് ബിജു പാലുപടവിൽ പറയുന്നത്. ഭരണകക്ഷിയംഗങ്ങൾ പോലും ചെയർപേഴ്സണെതിരെ നേരത്തെ തന്നെ അവിശ്വാസം രേഖപ്പെടുത്തിയിട്ടുള്ളതിനാൽ കാര്യമായ ചർച്ചകൾക്ക് പോലും ഇടംകൊടുക്കാതെ അവിശ്വാസ പ്രമേയം പാസാകുമെന്നും അദ്ദേഹം പറഞ്ഞു.
ഉദ്യോഗസ്ഥർക്ക് നന്ദി പറഞ്ഞ് ദിയ
ഇന്നലെ നഗരസഭയിലെ കണ്ടിജൻസി ജീവനക്കാർ ഉൾപ്പെടെ മുഴുവൻ ഉദ്യോഗസ്ഥരുടെയും യോഗം ചെയർപേഴ്സൺ ദിയ ബിനു പുളിക്കക്കണ്ടം വിളിച്ചു ചേർത്തു. കഴിഞ്ഞ ആറ് മാസമായി ലഭിച്ച പിന്തുണയ്ക്ക് നന്ദി അർപ്പിച്ചു. ഇനിയും സഹോദര സ്‌നേഹത്തോടെ എല്ലാവരുമായും ഇടപെടുമെന്നും കൂട്ടിച്ചേർത്തു.
''ഇടതുമുന്നണിയ്ക്ക് ഭരണം ലഭിക്കുന്ന സാഹചര്യം ഒരു കാരണവശാലും ഉണ്ടാക്കില്ല. വ്യക്തിപരമായ അഭിപ്രായ വത്യാസങ്ങൾ പറഞ്ഞു തീർക്കും. പാലാ നഗരസഭ ഭരണസമിതി കാലാവധി തീരും വരെ യു.ഡി.എഫ് കെട്ടുറപ്പോടെ മുന്നോട്ടു പോകും.
നാട്ടകം സുരേഷ് എം.എൽ.എ (ഡി.സി.സി പ്രസിഡന്റ് )
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |