SignIn
Kerala Kaumudi Online
Sunday, 20 September 2026 3.42 AM IST

അരൂർ - തുറവൂർ ഉയരപ്പാത : അവസാന ഘട്ടത്തിലേക്ക്

d

തുറവൂർ: ദേശീയപാത 66ലെ ഗതാഗതക്കുരുക്കിന് പരിഹാരമൊരുക്കി കേരളത്തിന്റെ ഗതാഗത ചരിത്രത്തിൽ പുതിയ അധ്യായമെഴുതാൻ ഒരുങ്ങുകയാണ് അരൂർ-തുറവൂർ ഉയരപ്പാത. രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയ ഉയരപ്പാതകളിലൊന്നായ ഈ പദ്ധതി നിർമ്മാണത്തിന്റെ അവസാനഘട്ടത്തിലാണ്.

നിലവിൽ 95 ശതമാനത്തിലേറെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിട്ടുണ്ട്. ഗർഡർ സ്ഥാപിക്കൽ, സർവീസ് റോഡുകളുടെ വികസനം, സുരക്ഷാ സംവിധാനങ്ങൾ, ലൈറ്റിംഗ്, അനുബന്ധ നിർമ്മാണങ്ങൾ എന്നിവ പുരോഗമിക്കുകയാണ്. പദ്ധതി പൂർത്തിയാകുന്നതോടെ ദേശീയപാതയിലെ ഏറ്റവും തിരക്കേറിയ ഭാഗങ്ങളിലൊന്നായ അരൂർ-തുറവൂർ മേഖലയിലെ ഗതാഗതക്കുരുക്ക് ഗണ്യമായി കുറയുമെന്നാണ് പ്രതീക്ഷ. നിലവിൽ അരൂർ മുതൽ തുറവൂർ വരെയുള്ള യാത്രയ്ക്കും എറണാകുളത്തേക്കുള്ള യാത്രയ്ക്കും പലപ്പോഴും മണിക്കൂറുകൾ വേണ്ടിവരുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. ഉയരപ്പാത തുറന്നുകൊടുത്താൽ തുറവൂരിൽ നിന്ന് എറണാകുളം നഗരപരിധിയിലേക്ക് വളരെ കുറഞ്ഞ സമയത്തിനുള്ളിൽ എത്താൻ സാധിക്കും. ചരക്കു വാഹനങ്ങൾക്കും ദീർഘദൂര യാത്രക്കാർക്കും ഇത് വലിയ ആശ്വാസമാകും.

കേരളത്തിലെ ദേശീയപാത വികസന ചരിത്രത്തിലെ ഏറ്റവും വലിയ നിർമാണ നേട്ടങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്ന അരൂർ-തുറവൂർ ഉയരപ്പാത, സംസ്ഥാനത്തിന്റെ ഗതാഗത മേഖലയ്ക്ക് പുതിയ മുഖം നൽകുമെന്ന് കണക്കാക്കപ്പെടുന്നു. യാത്രാസമയം കുറയ്ക്കുന്നതോടൊപ്പം ഇന്ധന ഉപഭോഗം, ഗതാഗതക്കുരുക്ക്, അപകടസാധ്യത എന്നിവയും കുറയ്ക്കാൻ പദ്ധതി സഹായകമാകും.

13.82 കിലോമീറ്റർ നീളം

അരൂരിൽ നിന്ന് തുറവൂർ വരെ 13.82 കിലോമീറ്റർ നീളത്തിൽ നിർമ്മിച്ചിരിക്കുന്ന ഉയരപ്പാത ദേശീയപാത അതോറിറ്റി ഒഫ് ഇന്ത്യയ്ക്ക് വേണ്ടി മഹാരാഷ്ട്ര ആസ്ഥാനമായ അശോക് ബിൽഡ്കോൺ കൺസ്ട്രക്ഷൻ കമ്പനിയാണ് നിർമിക്കുന്നത്.

ആദ്യഘട്ടത്തിൽ 12.75 കിലോമീറ്റർ ദൈർഘ്യത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരുന്നത്. പിന്നീട് തുറവൂർ ജംഗ്ഷനിൽ നിന്ന് ആലക്കപ്പറമ്പ് വരെ കൂടി നീട്ടിയതോടെയാണ് ഉയരപ്പാതയുടെ ആകെ ദൈർഘ്യം 13.82 കിലോമീറ്ററായത്. ഏകദേശം 2200 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി യാഥാർത്ഥ്യമാക്കുന്നത്. നിർമ്മാണം ആരംഭിച്ച നാൾ മുതൽ നിരവധി വെല്ലുവിളികളാണ് പദ്ധതിക്ക് മുന്നിലുണ്ടായിരുന്നത്. ഗതാഗത നിയന്ത്രണങ്ങൾ, വെള്ളക്കെട്ട്, മഴ, ഭൂമിശാസ്ത്രപരമായ പ്രതിസന്ധികൾ എന്നിവയ്ക്കൊപ്പം നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ അപകടങ്ങളും മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇതെല്ലാം മറികടന്നാണ് പദ്ധതി അന്തിമഘട്ടത്തിലേക്ക് കടന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL