SignIn
Kerala Kaumudi Online
Wednesday, 22 July 2026 4.19 AM IST

കൈവിട്ട് കോൺഗ്രസ് കൗൺസിലർമാർ..... ഒടുവിൽ വിശ്വാസം നഷ്ടപ്പെട്ടു,  പാലാ ' പാലം ' പൊളിഞ്ഞു

pala

പാലാ : സ്വതന്ത്രക്കൂട്ടായ്മയെ ഒപ്പം കൂട്ടി ഭരിക്കാനുള്ള സുവർണാവസരം യു.ഡി.എഫിന് ലഭിച്ചിട്ടും ഒരുവർഷം തികയും മുന്നേ വിശ്വാസം നഷ്ടപ്പെടുന്ന കാഴ്ചയ്ക്കാണ് ഇന്നലെ പാലാ നഗരസഭ കാര്യാലയം സാക്ഷ്യം വഹിച്ചത്. രാജ്യത്തെ പ്രായം കുറഞ്ഞ നഗരസഭ ചെയർപേഴ്സൺ എന്ന ഖ്യാതി നേടിയ ദിയ ബിനു പുളിക്കക്കണ്ടത്തിന്റെ പടിയിറക്കത്തിന് ഇടയാക്കിയത് കോൺഗ്രസ് കൗൺസിലർമാരുടെ കാലുവാരലിലൂടെയാണ്. കൊട്ടാരമറ്റം ഓട്ടോ സ്റ്റാൻഡ് പൊളിക്കലുമായി ബന്ധപ്പെട്ട തർക്കമാണ് ഭരണനഷ്ടത്തിലേക്ക് കലാശിച്ചത്. അവസാനനിമിഷം വരെയും ഭരണം താഴെവീഴാതിരിക്കാൻ ഡി.സി.സി നേതൃത്വം ഇടപെട്ടെങ്കിലും ഫലം കണ്ടില്ല. വിപ്പ് ലംഘിച്ചെത്തിയ 4 കോൺഗ്രസ് കൗൺസിലർമാരും, കോൺഗ്രസ് വിമത മായാ രാഹുലും എൽ.ഡി.എഫ് അവിശ്വാസത്തെ പിന്തുണച്ചതോടെ വെട്ടിലായത് കോൺഗ്രസ് നേതൃത്വമാണ്. യോഗത്തിൽ പങ്കെടുക്കരുത് എന്നാവശ്യപ്പെട്ട് തങ്ങൾ നാലുപേർക്കും വിപ്പ് ലഭിച്ചിട്ടില്ലെന്നാണ് കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ ടോണി തൈപ്പറമ്പിൽ, ബിജു മാത്യൂസ്, രജിത പ്രകാശ്, ലിസിക്കുട്ടി മാത്യു എന്നിവർ പറഞ്ഞത്. വിപ്പ് നേരിട്ട് കൈയിൽ കിട്ടിയിട്ടില്ല. പാലായിലെ കോൺഗ്രസ് പ്രവർത്തകരുടെ ആത്മാഭിമാനം സംരക്ഷിക്കാനാണ് തങ്ങൾ സ്വതന്ത്രമുന്നണി ചെയർപേഴ്‌സണ് എതിരെയുള്ള അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചതെന്ന് ഇവർ പറഞ്ഞു.

ഇക്കാര്യങ്ങൾ കോൺഗ്രസ് നേതൃത്വത്തെ ധരിപ്പിച്ചതാണ്. സാധാരണക്കാർക്കൊപ്പം നിൽക്കാത്ത ഭരണരീതിയായിരുന്നു നഗരസഭയിലുണ്ടായിരുന്നത്. തങ്ങൾ പാർട്ടിയെ ധിക്കരിച്ചിട്ടില്ല. കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ വികാരത്തിനനുസരിച്ചാണ് പ്രവർത്തിച്ചതെന്നും കോൺഗ്രസ് കൗൺസിലർമാർ പറഞ്ഞു.

''കോൺഗ്രസ് നൽകിയ വിപ്പ് ലംഘിച്ചവരെ വിമതരെന്നേ വിളിക്കാൻ കഴിയൂ. മത്സരിക്കാൻ ചിഹ്നം നൽകിയവരാണ് വിപ്പ് നൽകിയത്. മുഖ്യമന്ത്രിയുടെയും കെ.പി.സി.സി. പ്രസിഡന്റിന്റെയും നിർദ്ദേശവും ഇക്കാര്യത്തിലുണ്ടായിരുന്നു. എന്നാൽ നാല് കൗൺസിലർമാർ ഇത് ലംഘിച്ചു. ഇവർക്കെതിരെ നടപടി വേണം.

-അഡ്വ. ബിനു പുളിക്കക്കണ്ടം, സ്വതന്ത്രമുന്നണിയംഗം

ചെയർപേഴ്‌സൺ ചർച്ച തകൃതി

ചെയർപേഴ്‌സൺ, വൈസ് ചെയർമാൻസ്ഥാനത്തേക്കുള്ള ചർച്ചകൾ നിലവിലെ 17 അംഗ കൂട്ടായ്മയിൽ ആരംഭിച്ചു. ആക്ടിംഗ് ചെയർപേഴ്‌സൺ മായാ രാഹുലിനാണ് പ്രഥമ പരിഗണന. കോൺഗ്രസ് വിമതയായിരുന്ന മായാ രാഹുലിനെ അടുത്തിടെ പാർട്ടിയിലേക്ക് തിരികെ എടുത്തതായി കത്തുണ്ടായിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് സമയത്ത് സ്വതന്ത്രയായി മത്സരിച്ചതിനാൽ മായയ്ക്ക് ഈ ടേം തീരുംവരെ സ്വതന്ത്രയായി തുടരേണ്ടി വരും. കോൺഗ്രസ് അംഗം ലിസിക്കുട്ടി മാത്യുവിനെയും പരിഗണിക്കുന്നുണ്ട്.

സാദ്ധ്യതകൾ ഇങ്ങനെ

സ്വതന്ത്ര മുന്നണിയുമായി സഹകരിക്കാൻ താത്പര്യമില്ലാത്തതിനാൽ കേരള കോൺഗ്രസ് (എം) ഭരണം ഏറ്റെടുക്കാനില്ലെന്നാണ് വിശദീകരണം

പകരം കോൺഗ്രസ് തീരുമാനിക്കുന്ന സ്ഥാനാർത്ഥിയെ ചെയർപേഴ്‌സൺ സ്ഥാനത്ത് പിന്തുണയ്ക്കാനാണ് കേരള കോൺഗ്രസ് (എം) നീക്കം

വൈസ് ചെയർമാനായി കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് ടോണി തൈപ്പറമ്പിലാകും മത്സരിക്കുക. കേരള കോൺഗ്രസ് (എം) പിന്തുണച്ചേക്കും. ബിജു മാത്യൂസിനും സാദ്ധ്യതയുണ്ട്.

വിപ്പ് ലംഘിച്ചതിന് അയോഗ്യത കുരുക്കും

വിപ്പ് ലംഘിച്ച് അവിശ്വാസ പ്രമേയ ചർച്ചയിൽ പങ്കെടുക്കുകയും, അനുകൂലിക്കുകയും ചെയ്ത നാല് കോൺഗ്രസ് കൗൺസിലർമാർക്ക് അയോഗ്യതയ്ക്കും സാദ്ധ്യതയുണ്ട്. വിപ്പ് കൊടുത്ത ഡി.സി.സി പ്രസിഡന്റിനോ, അല്ലെങ്കിൽ ഏതെങ്കിലും കൗൺസിലർമാർക്കോ പരാതിയുമായി തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കാം. വിപ്പ് ലംഘിച്ച് വോട്ട് ചെയ്താൽ പാർട്ടി വിട്ടുപോകുന്നതിന് തുല്യമായിട്ടാണ് കണക്കാക്കുന്നതെന്ന് നിയമവിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. ഡി.സി.സി പ്രസിഡന്റിനെ ഉൾപ്പെടെ സാക്ഷിയായി വിസ്തരിക്കുകയോ ചെയ്യാം. കേസ് തെളിഞ്ഞാൽ കൗൺസിലർമാരെ അയോഗ്യരാക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL