പിഴക്: പാലാ- തൊടുപുഴ റൂട്ടിലെ സ്ഥിരം അപകട മുനമ്പായ പിഴക് പാലത്തിന്റെ അപകടാവസ്ഥ പരിഹരിക്കാനുള്ള നടപടികൾക്ക് തുടക്കമായി. മാണി സി.കാപ്പൻ എം.എൽ.എ. മുഖാന്തിരം ജനപ്രതിനിധികൾ നിവേദനം നൽകിയതിനെ തുടർന്നാണ് പരിഹാര നടപടികൾ തുടങ്ങിയത്.
കെ.എസ്.ടി.പി. റോഡ് മെയിന്റനൻസ് വിഭാഗവും എൻജിനീയറിംഗ് വിഭാഗവും നാറ്റ്പാക് ഉദ്യോഗസ്ഥ സംഘവും ഇന്നലെ സ്ഥലം സന്ദർശിച്ച് കാര്യങ്ങൾ വിലയിരുത്തി. അപകടസ്ഥലത്തിന്റെ സ്‌കെച്ചും പ്ലാനും തയ്യാറാക്കിയിട്ടുണ്ട്. പിഴക് റോഡ് സംരക്ഷണ സമിതിയാണ് റോഡിലെ അപകടാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മാസങ്ങളായി കോട്ടയം കളക്ട്രേറ്റിലടക്കം പരാതികളുമായി പോയിരുന്നത്. ജില്ലാ റോഡ് സേഫ്ടി കൗൺസിലിൽ പിഴക് പാലം ഭാഗത്ത് ആവശ്യമായ സുരക്ഷയൊരുക്കാൻ കഴിഞ്ഞ ഫെബ്രുവരിയിൽ തന്നെ നിർദേശം നല്കിയിരുന്നുവെങ്കിലും തുടർനടപടികൾ ഇഴയുകയായിരുന്നു. പുതിയ പ്ലാനിന് റോഡ് ആൻഡ് ബ്രിഡ്ജ് വിഭാഗത്തിന്റെ അനുമതി കൂടി ലഭിക്കേണ്ടതുണ്ട്. സ്‌കെച്ച് അപ്രൂവൽ ലഭിച്ചാൽ ഉടൻ സുരക്ഷാ നടപടികൾ ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.
പരിഹാര നടപടികൾ മൂന്ന് ഘട്ടമായി നടത്തും.
ആദ്യഘട്ടത്തിൽ അപകടങ്ങളൊഴിവാക്കാനുള്ള സുരക്ഷാ മുൻകരുതലുകളാണ് സ്വീകരിക്കുക. ഇരുവശത്തുനിന്നുള്ള റോഡ് പാലത്തിൽ കയറുന്നതോടെ വളയുന്നതാണ് നിയന്ത്രണം നഷ്ടമായി അപകടങ്ങൾക്ക് കാരണമാകുന്നത്. സ്ഥലത്തുണ്ടായിരുന്ന പഴയപാലം ഉൾപ്പെടുത്തി റോഡ് നിവർത്താനുള്ള മാർഗ്ഗങ്ങളും ആലോചിക്കുന്നുണ്ട്.
എൻജിനീയറിംഗ് വിഭാഗം പ്ലാനും സ്‌കെച്ചും തയാറാക്കി പി.ബ്ല്യു.ഡിക്ക് നല്കും. വളവ് നിവർത്താനുള്ള പ്ലാനും ഇതിലുണ്ടാവും. തത്ക്കാലം അപകടം കുറയ്ക്കാനുള്ള നടപടികളാണ് ഇപ്പോൾ സ്വീകരിക്കുന്നത്. ഹൈവേയുടെ അടുത്ത മെയിന്റനൻസ് വർക്കുകൾ വരുമ്പോഴാണ് പാലം നേരെയാക്കുന്നതിനുള്ള നടപടികൾ.
ബ്ലിങ്കർ ലൈറ്റ്, അപകടമുന്നറിയിപ്പ് ബോർഡുകൾ എന്നിവ സ്ഥാപിക്കാൻ എമർജൻസി എസ്റ്റിമേറ്റ് തയാറാക്കി പിഡബ്ല്യുഡി കെഎസ്ടിപിയ്ക്ക് കൈമാറുകയും അംഗീകാരം ലഭിക്കുകയും ചെയ്തിട്ടുണ്ട്. വർക്ക് ഓർഡർ നല്കുന്ന മുറയ്ക്ക് ഇവ നടപ്പാക്കുമെന്ന് പിഡബ്ല്യുഡി റോഡ് വിഭാഗം എക്‌സിക്യൂട്ടീവ് എൻജീനീയറും അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |