
ചങ്ങനാശേരി: എല്ലാം നഷ്ടപ്പെടുന്ന അവസ്ഥ!. ചങ്ങനാശേരിയുടെ പടിഞ്ഞാറൻ മേഖലയിലെ ദുരിതം വാക്കുകൾക്കപ്പുറമാണ്.
ക്യാമ്പുകളിൽ കഴിയുന്നവർ തിരികെ വീടുകളിലേയ്ക്ക് മടങ്ങാൻ ദിവസങ്ങളെടുക്കും. വീടുകളിൽ ഉയർത്തി വച്ചിരിക്കുന്ന സാധനങ്ങൾ നഷ്ടപ്പെടുമെന്ന ഭയത്തിലാണ് പലരും. കുറിച്ചി, ഇത്തിത്താനം, വാഴപ്പളളി, മാടപ്പള്ളി, പായിപ്പാട്, ചങ്ങനാശേരി നഗരസഭ പരിധിയിൽപ്പെട്ടവരാണ് ദുരിതമനുഭവിക്കുന്നത്. ജലനിരപ്പ് ഉയർന്നതോടെ ക്യാമ്പുകളിലേയ്ക്ക് പോകാൻ തയാറാകാത്തവർ ബന്ധുവീടുകളിലും അഭയം പ്രാപിച്ചു. മഴയ്ക്ക് ശമനമുണ്ടെങ്കിലും കിഴക്കൻവെള്ളം ചങ്ങനാശേരിയുടെ വിവിധ ഭാഗങ്ങളിലെ തോടുകളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. എ.സി റോഡിൽ താഴ്ന്ന ഭാഗങ്ങളായ മനയ്ക്കച്ചിറ, പൂവം, പാറയ്ക്കൽ കലുങ്ക്, കിടങ്ങറ പാലത്തിന് സമീപം എന്നിവിടങ്ങളിൽ കയറിയ വെള്ളം നിലവിൽ താഴ്ന്നിട്ടില്ല.
ദുരിതാശ്വാസ പ്രവർത്തനങ്ങൾ സജീവം
ചങ്ങനാശേരി ഫയർഫോഴ്‌സിന്റെയും പൊലീസിന്റെയും വിവിധ സന്നദ്ധ രാഷ്ട്രീയ യുവജനസംഘടനകളുടെ നേതൃത്വത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ സജീവമാണ്. എ.സി റോഡ് പുറമ്പോക്ക് കോളനി, പൂവം, അംബേദ്കർ കോളനി, പായിപ്പാട് പഞ്ചായത്തിലെ വേഷ്ണാൽ, മൂലേപുതുവൽ, നക്രാൽപുതുവൽ, അറുനൂറിൽപുതുവൽ, കോമങ്കേരിച്ചിറ, എ.സി കോളനി, എ.സി റോഡ് കോളനി, കാവാലിക്കരിച്ചിറ തുടങ്ങിയ സ്ഥലങ്ങളിലെ വീടുകൾ വെള്ളത്തിലാണ്.
വെള്ളക്കെട്ട് രൂക്ഷം
വാഴപ്പള്ളി പഞ്ചായത്തിൽ വെട്ടിത്തുരുത്ത്, തുരുത്തേൽ, പറാൽ, കുമരങ്കരി, നത്തനടിച്ചിറ, ഈരത്ര ഇഞ്ചൻതുരുത്ത്, ചാമ, തൂപ്രം, ചീരഞ്ചിറ, പുതുച്ചിറ തൃക്കൊടിത്താനം പഞ്ചായത്തിലെ ഇരൂപ്പ പാലത്തിനിരുവശവും, നഗരത്തിൽ പെരുന്ന അട്ടിച്ചിറ കോളനി, വാലുമ്മേൽച്ചിറ, മഞ്ചാടിക്കര, കോണത്തോടി, മാടത്താനി എന്നിവിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |