
പ്രധാനവില്ലൻ ലഹരിയും അവിഹിതവും
തൊടുപുഴ: ഗാർഹിക പീഡനത്തിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അടിവരയിടുമ്പോഴും കുടുംബപ്രശ്നങ്ങളുമായി ബന്ധപ്പെട്ട അതിക്രമത്തിൽ കുറവില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ വർഷം ആഗസ്റ്റ് 31 വരെ ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട് 323 പരാതികളാണ് ജില്ലാ വിമൻ പ്രൊട്ടക്ഷൻ ഓഫീസിൽ ലഭിച്ചത്. തൊടുപുഴ, കുമളി, അടിമാലി, ചെറുതോണി എന്നിവിടങ്ങളിലെ സർവീസ് പ്രൊവൈഡിംഗ് സെന്ററുകൾ വഴിയും സഖി വൺ സ്റ്റോപ് സെന്ററിലുമായി ലഭിച്ച പരാതികളുടെ എണ്ണമാണിത്. ഗാർഹിക അതിക്രമങ്ങളിൽ പ്രധാനമായും പരാതി ലഭിക്കുന്നത് പങ്കാളിയുടെ മദ്യപാനത്തിനും ലഹരി ഉപയോഗത്തിനുമെതിരെയാണ്. വിവാഹേതര ബന്ധങ്ങൾ, അമിത മൊബൈൽ ഫോൺ ഉപയോഗം, ദമ്പതിമാർക്കിടയിലെ വിശ്വാസമില്ലായ്മ, സാമ്പത്തിക പ്രശ്നങ്ങൾ എന്നിവയാണ് മറ്റു കാരണങ്ങൾ. സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികൾ കുറഞ്ഞിട്ടുണ്ട്. അതിക്രമങ്ങൾക്ക് ഇരകളാകുന്ന സ്ത്രീകളിൽ ഭൂരിഭാഗം പേരും ഇപ്പോൾ പരാതി നൽകാൻ തയ്യാറാകുന്നുണ്ടെന്നാണ് വിലയിരുത്തൽ.
സഹായത്തിനായി ബന്ധപ്പെടാം
അതിക്രമങ്ങൾക്കിരയാകുന്ന സ്ത്രീകൾക്ക് വിമൻ പ്രൊട്ടക്ഷൻ ഓഫീസിലോ, സഖി വൺ സ്റ്റോപ് സെന്ററിലോ, താമസ സ്ഥലത്തിനടുത്തുള്ള സർവീസ് പ്രൊവൈഡിംഗ് സെന്ററിലോ പരാതി നൽകാം. സൗജന്യ നിയമസഹായം, കൗൺസലിംഗ്, മെഡിക്കൽ സഹായം, ഷെൽറ്റർ ഹോം സേവനം, പുനരധിവാസ സഹായ നടപടികൾ എന്നിവ ലഭ്യമാണ്. പൈനാവിൽ എസ്.ബി.ഐ ശാഖയ്ക്ക് സമീപമാണ് ജില്ലാ വിമൻ പ്രൊട്ടക്ഷൻ ഓഫീസ് പ്രവർത്തിക്കുന്നത്. ഇതിനോട് ചേർന്ന് തന്നെയാണ് നിരാലംബരായ സ്ത്രീകൾക്ക് സംരക്ഷണം നൽകുന്നതിനുള്ള സഖി വൺ സ്റ്റോപ് സെന്റർ. നിലവിൽ 15 പേർക്ക് കോടതികളിൽ നിന്ന് ഇവിടെ സംരക്ഷണം ലഭ്യമായിട്ടുണ്ട്. ഫോൺ: 04862- 221722, 8281999056.
ജീവനക്കാരില്ല, ഇരട്ടി ജോലിഭാരം
നിരാലംബരായ സ്ത്രീകൾക്ക് അഭയമായി നിരവധി കേസുകളാണ് ദിനംപ്രതി കൈകാര്യം ചെയ്യുന്നതെങ്കിലും പൈനാവിലെ ജില്ലാ ഓഫീസിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് വിമൻ പ്രോട്ടക്ഷൻ ഓഫീസറുടെ ജോലിഭാരം ഇരട്ടിയാക്കുന്നു. ഫീൽഡ് വർക്ക്, കോടതി റിപ്പോർട്ട് തയാറാക്കൽ, ബോധവത്കരണ പരിപാടികൾ, മറ്റ് ഓഫീസ് ജോലികൾ എല്ലാം ഒരാളാണ് ചെയ്യുന്നത്. സഹായത്തിനായി എം.എസ്.ഡബ്ല്യു യോഗ്യതയുള്ള കൗൺസിലറെയും ഫീൽഡ് അസിസ്റ്റന്റിനെയും നിയോഗിക്കണമെന്ന് ശുപാർശ സർക്കാരിലേക്ക് നൽകിയിട്ട് നാളുകളായെങ്കിലും ഇതുവരെയും നടപടിയായിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |