SignIn
Kerala Kaumudi Online
Sunday, 06 September 2026 1.19 AM IST

അങ്ങനെയങ്ങ് 'ഫ്രീക്കി'യാലോ!

കൊല്ലം: കാതടപ്പിക്കുന്ന ശബ്ദത്തിനൊപ്പം ചീറിപ്പാഞ്ഞ് അപകട ഭീഷണി ഉയർത്തുന്ന ഫ്രീക്കന്മാരെ കുടുക്കാൻ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്‌മെ‌ന്റ് സംഘത്തിനൊപ്പം കളക്ടർ ആനി ജൂല തോമസും ഇന്നലെ കളത്തിലിറങ്ങി. കരിക്കോട് ജംഗ്ഷനിൽ കളക്ടറും മോട്ടോർ വാഹന വകുപ്പും ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ പരിശോധനയിൽ ഹെൽമെറ്റ് ധരിക്കാതെയും നമ്പർ പ്ലേറ്റ് മറച്ചും വളച്ചും ബൈക്കിലെത്തിയ പയ്യന്മാർ വലയിലായി.

ഫ്രീക്കന്മാരെക്കുറിച്ചുള്ള പരാതി വ്യാപകമായതോടെയാണ് കളക്ടർ ഇന്നലെ എം.വി.ഡിക്കൊപ്പം പരിശോധനയ്ക്ക് ഇറങ്ങിയത്. എൻഫോഴ്സ്മെന്റ് ആർ.ടി.ഒ എ.കെ. ദിലുവിനൊപ്പം വൈകിട്ട് 4.40 മുതൽ വൈകിട്ട് ആറ് വരെ കളക്ടർ പരിശോധനയിൽ പങ്കെടുത്തു. പിടിയിലായവർക്ക് ഉപദേശവും നൽകി. രണ്ട് കോളേജുകളും സ്കൂളുകളും സ്ഥിതി ചെയ്യുന്നതിനാൽ ഫ്രീക്കന്മാരുടെ പ്രധാന വിഹാര കേന്ദ്രമാണ് കരിക്കോട് ജംഗ്ഷൻ. സ്കൂൾ കോളേജ് വിദ്യാർത്ഥിനികളുടെ ശ്രദ്ധ പിടിച്ചുപറ്റാൻ സൈലൻസർ ഇളക്കിയ ബൈക്കുകളിൽ രാവിലെയും വൈകിട്ടും മാലപ്പടക്കം പൊട്ടുന്ന പോലുള്ള ശബ്ദം പുറപ്പെടുവിച്ചാണ് വിളയാട്ടം. ക്യാമറയിൽ കുടുങ്ങാതിരിക്കാൻ നമ്പർ പ്ലേറ്റ് വളച്ച് വയ്ക്കും. അല്ലങ്കിൽ ക്യാമറ എത്തുമ്പോൾ കൈ കൊണ്ട് മറയ്ക്കും.

കളക്ടറും എം.വി.ഡി സംഘവും എത്തിയതറിഞ്ഞ്, സ്ഥലത്ത് സ്ഥിരമായി ഇറങ്ങുന്ന ഫ്രീക്കന്മാർ പലരും മുങ്ങി. ഹെൽമെറ്റില്ലാതെയും ഇൻഷ്വറൻസില്ലാതെയും സഞ്ചരിച്ചവരടക്കം അറുപതോളം പേർ പിടിയിലായി. കൂട്ടത്തിൽ ഹെവി ലൈസൻസില്ലാതെ വർഷങ്ങളായി സ്വകാര്യ ബസ് ഓടിക്കുകയായിരുന്ന ഡ്രൈവറും കുടുങ്ങി. കരിക്കോട് അടക്കം ജില്ലയിൽ ഫ്രീക്കന്മാരുടെ ആറ് പ്രധാന വിഹാര കേന്ദ്രങ്ങൾ മോട്ടോർ വാഹന വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ബാക്കി സ്ഥലങ്ങളിൽ വരും ദിവസങ്ങളിൽ പരിശോധന ഉണ്ടാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL