
കോട്ടയം : ഉച്ചവരെ ചുട്ടുപൊള്ളുന്ന ചൂട്. ഉച്ചയ്ക്ക് ശേഷം സ്ഥിതി ആകെമാറി. ചെറുചാറ്റലിൽ തുടങ്ങി നിറുത്താതെ പെയ്ത അതിതീവ്രമഴ. കുത്തിയൊലിച്ചെത്തിയ വെള്ളം, മണ്ണിടിച്ചിൽ, സഞ്ചാരികളടക്കം വഴിയിൽ കുടുങ്ങി. കഴിഞ്ഞദിവസം തീക്കോയിയിലെയും, വാഗമണ്ണിലെയും കാഴ്ച ഇതായിരുന്നു. എന്ത് ചെയ്യണമെന്നറിയാതെ ജനം പകച്ച് നിന്നു. അപ്രതീക്ഷിത കാലാവസ്ഥാ മാറ്റത്തിൽ മലയോരത്ത് എന്തും സംഭവിക്കാമെന്നതാണ് സ്ഥിതി. മലയോര ടൂറിസത്തിനും ഇത് തിരിച്ചടിയാകുകയാണ്. മഞ്ഞും അന്തരീക്ഷവും ആസ്വദിക്കാൻ അന്യജില്ലകളിൽ നിന്ന് വരെ ആളുകളാണ് എത്തുന്നത്. ശനി, ഞായർ ദിവസങ്ങളിൽ സഞ്ചാരികളുടെ ഒഴുക്കാണ്. നിമിഷങ്ങൾക്കുള്ളിൽ അതിതീവ്ര മഴ പെയ്യുന്നതാണ് പൊതുരീതി. പെട്ടെന്ന് കാർമേഘം രൂപപ്പെട്ട് കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ മഴ പെയ്യും. കൂട്ടിക്കൽ ദുരന്തത്തിന് കാരണമായതും സമാന രീതിയിലുള്ള മഴയായിരുന്നു. ഒന്നോ രണ്ടോ പ്രത്യേക സ്ഥലങ്ങൾ കേന്ദ്രീകരിച്ച് സമാന രീതിയിൽ മഴ പെയ്യാൻ ഇനിയും സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിദഗ്ദ്ധർ പറയുന്നത്. മഴയുടെ ശക്തി താങ്ങുന്നതിനു മണ്ണിനും കഴിയുന്നില്ല. മണ്ണൊലിപ്പും മണ്ണിടിച്ചിലും വ്യാപകമാവുകയാണ്. ഈ മേഖലകളിലെ റിസോർട്ട് ഉടമകളും ആശങ്കയിലാണ്.
അപ്രതീക്ഷിത തീവ്രമഴ, മണ്ണിടിച്ചിൽ
മഴ ശക്തമായാൽ, അവധിദിനങ്ങളിൽ തിരക്കിൽ നിറയുന്ന ഈരാറ്റുപേട്ട - വാഗമൺ റോഡിൽ മണ്ണിടിച്ചിൽ പതിവാണ്. രക്ഷാപ്രവർത്തനത്തിനും തടസങ്ങളേറെയാണ്. ഈ സ്ഥലങ്ങളിലെല്ലാം ആൾത്താമസവും കുറവാണെന്നതാണ് പ്രധാന പ്രശ്നം. സ്ഥലവുമായി പരിചയമില്ലാത്തവർ ഒറ്റയ്ക്ക് ഇവിടേയ്ക്ക് വരരുതെന്ന നിർദ്ദേശമാണ് ടൂറിസം വകുപ്പ് നൽകുന്നത്.കഴിഞ്ഞദിവസമുണ്ടായ മണ്ണിടിച്ചിലിൽ വിനോദസഞ്ചാരി മരിച്ചിരുന്നു. സ്കൂട്ടറിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണായിരുന്നു അപകടം.
നിർദ്ദേശങ്ങൾ പാലിക്കണം
മണ്ണിടിച്ചിൽ സമയത്തെ യാത്ര ഒഴിവാക്കണം
രാത്രി വൈകിയുള്ള യാത്ര ഒഴിവാകണം
സുരക്ഷിത സ്ഥലങ്ങളിൽ മാത്രം സ്റ്റേ ചെയ്യുക
''മാനത്ത് കാർമേഘം ഉരുണ്ട് കൂടിയാൽ സഞ്ചാരികളുടെ ഉള്ളിൽ തീയാണ്. എത്രയും വേഗം സുരക്ഷിതസ്ഥാനത്ത് എത്തിച്ചേരാനുള്ള വെപ്രാളമാണ്. പ്രദേശവാസികളുടെ മുന്നറിയിപ്പ് അവഗണിക്കുന്നവരുമുണ്ട്. ഇത് അപകടങ്ങൾക്ക് കാരണമാകും.
ഗോവിന്ദ്, വാഗമൺ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |