
നഗ്‌നമായ നിയമലംഘനമെന്ന്
പാലാ : നഗരസഭ മൂന്നാം വാർഡിൽ മാർക്കറ്റിംഗ് സൊസൈറ്റി ബിൽഡിംഗിന് സമീപം ഡാറ്റാബാങ്കിൽ നെൽവയലായി രേഖപ്പെടുത്തിയിട്ടുള്ള സ്ഥലത്ത് നടക്കുന്ന മണ്ണിടീലിന് ശുപാർശയോ അനുമതിയോ നൽകിയിട്ടില്ലെന്ന് പാലാ കൃഷിഭവൻ അധികൃതർ. സംഭവത്തിൽ ആർ.ഡി.ഒയ്ക്ക് രണ്ടാമതും റിപ്പോർട്ട് കൈമാറി. ഇന്നലെ വില്ലേജ് ഓഫീസറും ഇത് സംബന്ധിച്ച് വീണ്ടും ആർ.ഡി.ഒയ്ക്ക് റിപ്പോർട്ട് കൊടുത്തിരുന്നു. നഗ്‌നമായ നിയമലംഘനമെന്ന് ഇരുറിപ്പോർട്ടിലുമുണ്ടെന്നാണ് സൂചന. പാടം നികത്തിൽ സംബന്ധിച്ച് കേരളകൗമുദി പുറത്ത് കൊണ്ടുവന്ന വാർത്തയ്ക്ക് പിന്നാലെ പാലാ ആർ.ഡി.ഒ ഷാഹിന രാമകൃഷ്ണൻ കൃഷി, വില്ലേജ് അധികൃതരോട് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെടുകയായിരുന്നു. ഈ ഭൂമി കേരള നെൽവയൽതണ്ണീർത്തട സംരക്ഷണ നിയമം 2008 പ്രകാരം ഡാറ്റാബാങ്കിൽ പാടമായി രേഖപ്പെടുത്തിയിട്ടുള്ളതാണെന്ന് കൃഷിവകുപ്പ് സ്ഥിരീകരിച്ചു. സ്ഥലത്ത് കരിങ്കല്ലും മണ്ണും ഇറക്കി പാടത്തിന്റെ സ്വഭാവം മാറ്റുന്ന നടപടി സംബന്ധിച്ച് ജൂൺ 22 ന് ആദ്യ റിപ്പോർട്ട് ആർ.ഡി.ഒയ്ക്ക് നൽകിയിരുന്നു. സ്ഥലത്ത് നടക്കുന്ന മണ്ണിടീൽ നെൽവയൽതണ്ണീർത്തട സംരക്ഷണ നിയമത്തിന്റെ ലംഘനമാണെന്നാണ് ളാലം വില്ലേജ് ഓഫീസറുടെ റിപ്പോർട്ടിൽ പറയുന്നത്.
നിയമത്തെ കൊഞ്ഞനംകുത്തി
കേരള നെൽവയൽതണ്ണീർത്തട സംരക്ഷണ നിയമപ്രകാരം ഡാറ്റാബാങ്കിൽ ഉൾപ്പെട്ട നെൽവയലിന്റെ സ്വഭാവം മാറ്റുന്നതിനും മണ്ണിട്ട് നികത്തുന്നതിനും നടപടിക്രമങ്ങൾ പാലിക്കണം. ലോക്കൽ ലെവൽ മോണിറ്ററിംഗ് കമ്മിറ്റി (എൽ.എൽ.എം.സി)യുടെ ശുപാർശയും നിയമപ്രകാരമുള്ള അനുമതിയും ഇല്ലാതെ പാടം നികത്താനാകില്ല.
കമ്മിറ്റിയുടെ കൺവീനർ കൃഷി ഓഫീസറാണ്. നഗരസഭാദ്ധ്യക്ഷ, വില്ലേജ് ഓഫീസർ തുടങ്ങിയവർ അംഗങ്ങളാണ്. നിയമലംഘനം കണ്ടെത്തിയാൽ ആർ.ഡി.ഒയ്ക്ക് റിപ്പോർട്ട് നൽകി തുടർനടപടികൾക്ക് ശുപാർശ ചെയ്യാനുള്ള അധികാരവും കമ്മിറ്റിക്കുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |