
കോട്ടയം : എങ്ങനെ വഴിനടക്കും. കണ്ണൊന്ന് തെറ്റിയാൽ, കടിയുറപ്പാണ്. ശൗര്യത്തോടെ ചാടിവീഴുന്ന തെരുവ് നായ്ക്കളെ കൊണ്ട് പൊറുതിമുട്ടുകയാണ് നഗര - ഗ്രാമ ഭേദമന്യേ ജനം. കഴിഞ്ഞ ദിവസം ഏറ്റുമാനൂരിൽ പത്ത് പേരെയാണ് തെരുവുനായ കടിച്ചത്. ജില്ലയിൽ ഒരു മാസം ശരാശരി 350 പേർക്ക് തെരുവുനായയുടെ കടിയേൽക്കുന്നുണ്ട്. അലക്ഷ്യമായ മാലിന്യം തള്ളലും അശാസ്ത്രീയമായ രീതിയിൽ പ്രവർത്തിക്കുന്ന അറവുശാലകളുമാണ് നായ്ക്കൾ പെരുകാൻ പ്രധാന കാരണം. മാലിന്യ നിർമ്മാർജ്ജനത്തിന് വിവിധ പദ്ധതികൾ നടപ്പിലാക്കുന്നുണ്ടെന്ന് തദ്ദേശസ്ഥാപനങ്ങൾ പറയുമ്പോഴും മാലിന്യനിക്ഷേപത്തിന് കുറവൊന്നുമില്ല. വന്ധ്യംകരിച്ച തെരുവ് നായ്ക്കളെ തുറന്നുവിടാതെ സംരക്ഷിക്കാനുള്ള പദ്ധതികൾ നടപ്പിലാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പറയുമ്പോഴും നായ്ക്കളുടെ ശല്യം കൂടുന്നേയുള്ളൂ. കോടിമതയിലെ എ.ബി.സി സെന്റർ സ്ഥിതി ചെയ്യുന്നത് പോലും നായ്ക്കൾക്ക് നടുവിലാണ്.
ഏൽക്കാതെ വന്ധ്യംകരണം
കോടിമതയിൽ ആരംഭിച്ച എ.ബി.സി സെന്ററിൽ ഇതുവരെ പതിനായിരത്തിലേറെ നായ്ക്കളെയാണ് വന്ധ്യംകരിച്ചത്. എന്നാൽ വന്ധ്യംകരണംകൊണ്ട് തെരുവുനായ്ക്കളുടെ ശൗര്യം കുറയ്ക്കാനാകുന്നില്ല. വഴി നീളെ നായ്ക്കളും കുട്ടികളുമാണ്. കൂട്ടത്തോടെ കുരച്ച് ചാടി വരുന്ന നായ്ക്കളിൽ നിന്ന് വിദ്യാർത്ഥികളടക്കം ഓടി രക്ഷപ്പെടുകയാണ്. വന്ധ്യം കരണത്തിന് ഒരു സെന്ററിൽ മാത്രം ഇതുവരെ 20 ലക്ഷത്തോളം രൂപയാണ് ചെലവഴിച്ചത്.
ബൈക്കിന് പിന്നാലെ കുരച്ച് ചാടി
രാത്രികാലങ്ങളിൽ ഇരുചക്രവാഹനയാത്രക്കാരെ ആക്രമിക്കുന്നതും പതിവാണ്
നായ്ക്കൾ കുരച്ചെത്തുമ്പോൾ ബൈക്കിന് സ്പീഡ് കൂട്ടുന്നത് അപകടങ്ങൾക്കും ഇടയാക്കും
നായ്ക്കളുടെ ശല്യം മൂലം കോട്ടയം മാർക്കറ്ര് റോഡിലൂടെ പകൽസമയം പോലും നടക്കാനാകില്ല
കെ.എസ്.ആർ.ടി.സി , നാഗമ്പടം ബസ് സ്റ്റാൻഡ് ഉൾപ്പെടെ തെരുവുനായ്ക്കളുടെ വിഹാര കേന്ദ്രം
പ്രഭാതസവാരിക്കാരും, പത്രവിതരണക്കാരും ഉൾപ്പെടെ ഭീതിയോടെയാണ് സഞ്ചാരം
'' അക്രമകാരികളായ തെരുവുനായ്ക്കളെ കൊല്ലുക മാത്രമാണ് പരിഹാരം. അതിനുള്ള നിയമഭേദഗതിയാണ് വേണ്ടത്. മൃഗ സ്നേഹത്തിന്റെ പേരിൽ മനുഷ്യരെ കൊലയ്ക്ക് കൊടുക്കരുത്.
-രാജീവ് കെ.കെ, വിവരാവകാശ പ്രവർത്തകൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |