SignIn
Kerala Kaumudi Online
Thursday, 22 October 2026 8.58 PM IST

ബ്ലാസ്റ്റേഴ്സിന്റെ കൈപിടിക്കാൻ  ചൂരൽമലയിലെ കുട്ടികളെത്തും

blasters
ബ്ലാസ്റ്റേഴ്സ് പഞ്ചാബ് എഫ്.സി മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ കൈപിടിക്കാനായി പോകുന്ന ചൂരൽമലയിൽ നിന്നുള്ള കുട്ടികൾ

കൽപ്പറ്റ: കേരള സൂപ്പർ ലീഗിൽ ബ്ലാസ്റ്റേഴ്സിന്റെ കൈപിടിക്കാൻ ചൂരൽമലയിലെയും മുണ്ടക്കൈയിലെയും കുട്ടികൾ സ്റ്റേഡിയത്തിൽ എത്തും. ഇന്ന് നടക്കുന്ന ബ്ലാസ്റ്റേഴ്സ് പഞ്ചാബ് എഫ്.സി മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ കൈപിടിക്കാനാണ് കുട്ടികൾക്ക് അവസരം ലഭിച്ചിരിക്കുന്നത്. ഇന്നലെ വൈകിട്ട് ഏഴുമണിക്ക് കുട്ടികളും രക്ഷിതാക്കളും കൊച്ചിയിലേക്ക് പുറപ്പെട്ടു. ഇന്ന് ബ്ലാസ്റ്റേഴ്സ് താരങ്ങളോടൊപ്പം ഓണസദ്യ കഴിക്കാനും സംഘാടകർ കുട്ടികൾക്ക് അവസരം ഒരുക്കിയിട്ടുണ്ട്. 24 കുട്ടികളാണ് താരങ്ങളുടെ കൈപിടിച്ച് സ്റ്റേഡിയത്തിൽ എത്തുക. ലൂണയെയും സച്ചിൻ സുരേഷിനെയും കെ.പി രാഹുൽ തുടങ്ങിയ പ്രിയ താരങ്ങളെ നേരിട്ട് കാണാൻ കഴിയുന്നതിലെ സന്തോഷത്തിലാണ് കുട്ടികൾ. ദുരന്തം നേരിട്ട കുട്ടികൾ മാനസിക സംഘർഷത്തിൽ നിന്ന് മുക്തി നേടി തുടങ്ങിയിട്ടേയുള്ളൂ. ഉല്ലാസയാത്ര എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. പരമാവധി മാനസിക ഉല്ലാസത്തിന് കുട്ടികൾക്ക് അവസരം ഒരുക്കുകയാണ് ലക്ഷ്യം. എം.ഇ.എസ് സംസ്ഥാന കമ്മിറ്റി, എം.ഇ.എസ് യൂത്ത് വിംഗ് സംസ്ഥാന കമ്മിറ്റി, ബ്ലാസ്റ്റേഴ്സ് മാനേജ്‌മെന്റ്, എറണാകുളം ഫ്യൂചർ ഐസ് ആശുപത്രി എന്നിവർ സംയുക്തമായാണ് കുട്ടികളുടെ യാത്ര ചിലവ് ഉൾപ്പെടെ വഹിക്കുന്നത്. അതിജീവന പാതയിൽ കുട്ടികൾക്ക് ഈ അവസരം വലിയ കരുത്താകുമെന്നാണ് സംഘാടകർ കണക്കാക്കുന്നത്. കൽപ്പറ്റയിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വാഹനത്തിന്റെ ഫ്ളാഗ് ഓഫ് ചെയ്തു. കുട്ടികളോടൊപ്പം രക്ഷിതാക്കളും മത്സരം കാണാനായി പോകുന്നുണ്ട്. എം.ഇ.എസ് യൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റ് ആർ.കെ ഷാഫി, കോഓർഡിനേറ്റർ ഷാഫി പുൽപ്പാറ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL