കോഴിക്കോട്: വയനാട്ടിലെ മാനന്തവാടി, തിരുനെല്ലി എന്നിവിടങ്ങളിൽ നിന്ന് അപൂർവയിനം വലച്ചിറകൻ തുമ്പികളെ കണ്ടെത്തി ഗവേഷകസംഘം. 'ഗ്ലീനോനോക്രൈസ സെയിലാനിക്ക' എന്ന ഹരിത വലച്ചിറകനെയാണ് തൃശൂർ ഇരിങ്ങാലക്കുട ക്രെെസ്റ്റ് കോളേജിലെ ഗവേഷകസംഘം കണ്ടെത്തിയത്. ശ്രീലങ്കയിൽ മാത്രം കണ്ടുവരുന്ന ഇനമായി കരുതിയിരുന്ന ഹരിതവലച്ചിറകനെ 111 വർഷങ്ങൾക്ക് ശേഷമാണ് സംസ്ഥാനത്തു നിന്ന് കണ്ടെത്തിയത്.
'ഇൻഡോഫെയിൻസ് ബാർബാറ' എന്ന് അറിയപ്പെടുന്ന മറ്റൊരു അപൂർവയിനം കുഴിയാന വലച്ചിറകനെ കോഴിക്കോട് ജില്ലയിലെ ദേവഗിരി, ചാലിയം, തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുട, മനക്കൊടി, പാലക്കാട് ജില്ലയിലെ ചിറ്റൂർ, പുതുനഗരം, കുലുക്കിലിയാട്, കണ്ണൂരിലെ കൂത്തുപറമ്പ്, മലപ്പുറത്തെ അരൂർ, തിരുവനന്തപുരത്തെ പൊന്മുടി എന്നിവിടങ്ങളിൽ നിന്ന് കണ്ടെത്തി. ക്രൈസ്റ്റ് കോളേജിലെ ഷഡ്പദ എന്റമോളജി റിസർച്ച് ലാബ് ഗവേഷകൻ സൂര്യനാരായണൻ ടി.ബി, ഡോ. ബിജോയ് സി. എന്നിവരാണ് ഇവയെ കണ്ടെത്തിയത്.
സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ള പന്ത്രണ്ടാമത് ഇനം ഹരിതവലച്ചിറകനും എട്ടാമത്തെയിനം കുഴിയാന വലച്ചിറകനുമാണിവ. കൗൺസിൽ ഫോർ സയന്റിഫിക്ക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് ഗവേഷണ ഗ്രാന്റ് ഉപഗോഗിച്ചായിരുന്നു പഠനം.
സാധാരണ തുമ്പികളുമായി കുഴിയാന വലച്ചിറകന് സാമ്യമുണ്ടെങ്കിലും മുന്നോട്ടു നീണ്ടു നിൽക്കുന്ന സ്പർശനിയാണ് വ്യത്യസ്തമാക്കുന്നത്. പഠനവിവരം അന്താരാഷ്ട്ര ശാസ്ത്ര മാസികകളായ 'ജേണൽ ഓഫ് എന്റെമോളജിക്കൽ റിസർച്ച് സൊസൈറ്റി', 'നാച്ചുറ സോമോഗിയൻസിസ്' എന്നിവയിൽ പ്രസിദ്ധീകരിച്ചു.
കേരളത്തിലെയും ശ്രീലങ്കയിലെയും ജൈവ വൈവിദ്ധ്യ സവിശേഷതകൾക്ക് സാമ്യതയുണ്ടെന്ന് പഠനം സൂചന നൽകുന്നു.-സൂര്യനാരായണൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |