കോഴിക്കോട്: സംഗീതവും ഭക്തിയും ഒന്നുചേർന്ന ത്യാഗരാജ ആരാധന ഉത്സവത്തിന് തളി പത്മശ്രീ കല്യാണമണ്ഡപത്തിൽ തുടക്കമായി. ത്യാഗരാജ സ്വാമികളുടെ കീർത്തനങ്ങളുമായി ആദ്യ ദിനം തന്നെ വേദിയും സദസും ധന്യമായി.
മൃദംഗവിദ്വാൻ തൃശൂർ.സി.നരേന്ദ്രൻ 45-ാമത് ത്യാഗരാജ ഉത്സവം ഉദ്ഘാടനം ചെയ്തു. കെെതപ്രം ദാമോദരൻ നമ്പൂതിരി മുഖ്യാതിഥിയായി. സംഗീത ശാഖയെ പരിപോഷിപ്പിക്കുന്ന ഇത്തരം പരിപാടികൾ ഇനിയും മുന്നോട്ട് പോകണമെന്നും അതിന് എല്ലാവിധ സഹായങ്ങളും നൽകാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് ഗീത ബാലസുബ്രഹ്മണ്യത്തിന്റെ ദിവ്യനാമ കീർത്തന ആലാപനത്തോടെ സംഗീത പരിപാടികൾക്ക് തുടക്കമായി. അഞ്ചു ദിവസമായി 10 മുഖ്യകച്ചേരികൾ, ഒരു മണിക്കൂർ ദൈർഘ്യമുള്ള അഞ്ചുകച്ചേരികൾ, അരമണിക്കൂർ വീതമുള്ള 10 കച്ചേരികൾ എന്നിവയുണ്ടാകും. 500 ഓളം സംഗീത വിദ്യാർഥികൾക്കും സംഗീതപ്രേമികൾക്കും ത്യാഗരാജകൃതികൾ അവതരിപ്പിക്കാനുള്ള അവസരവും ഉത്സവത്തിന്റെ ഭാഗമായി ഒരുക്കുന്നുണ്ട്. കുട്ടികൾക്ക് സംഗീതമേഖലയിലേക്ക് കടന്നുവരാനുള്ള പ്രചോദനമായാണ് ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നതെന്ന് ത്യാഗരാജ ആരാധന ട്രസ്റ്രിന്റെ മാനേജിംഗ് ട്രസ്റ്റി എസ്.ജി.എസ് രത്നം പറഞ്ഞു. 45 വർഷമായി മുടങ്ങാതെ നടക്കുന്ന ത്യാഗരാജ ഉത്സവത്തിന് വലിയ സ്വീകാര്യതയാണ് ജനങ്ങളുടെ ഇടയിൽ നിന്നും ലഭിക്കുന്നത്. മുൻ വർഷങ്ങളിൽ ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ, വി.ദക്ഷിണാമൂർത്തി, പാലക്കാട് സി.ആർ.മണി അയ്യർ തുടങ്ങിയ സംഗീതവിദഗ്ധർ ഇവിടെ കച്ചേരികൾ നടത്തിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |