SignIn
Kerala Kaumudi Online
Thursday, 22 October 2026 7.51 PM IST

കുറിപ്പടിയുമായി മരുന്നിന് നെട്ടോട്ടം

കൃത്യം പറഞ്ഞാൽ കോഴിക്കോട് മെഡി. കോളേജിൽ മരുന്ന് വിതരണം മുടങ്ങിയിട്ട് ഇന്നേക്ക് 14 ദിവസമായി. പ്രതിസന്ധി രൂക്ഷമാകുമ്പോൾ താത്കാലിക പരിഹാരം കാണുന്നതല്ലാതെ മരുന്ന് വിതരണക്കാർക്ക് നൽകാനുള്ള കുടിശ്ശിക പൂർണമായും കൊടുത്ത് മരുന്ന് ക്ഷാമം പരിഹരിക്കാൻ ഇതുവരെ ശ്രമമുണ്ടായിട്ടില്ല. ആശുപത്രി അധികൃതരുടെ അനാസ്ഥ ചികിത്സയിൽ കഴിയുന്ന രോഗികളെയും കൂട്ടിരിപ്പുകാരെയും ചില്ലറയൊന്നുമല്ല വലയ്ക്കുന്നത്. ദിവസവും ആശുപത്രിയിലെത്തുന്ന രോഗികൾ കുറിപ്പടി മരുന്നുകൾക്കായി സ്വകാര്യ ഫാർമസികളിലേക്ക് ഓടുകയാണ്. ജീവൻ രക്ഷാ മരുന്നുകളും സർജിക്കൽ ഉപകരണങ്ങളും വിതരണം ചെയ്ത വകയിൽ 90 കോടി കുടിശ്ശികയായതോടെയാണ് ആശുപത്രിയിലേക്കുള്ള മരുന്ന് വിതരണം കഴിഞ്ഞ 10 മുതൽ ആൾ കേരള കെമിസ്റ്റ് ആൻഡ് ഡ്രഗ്ഗിസ്റ്റ് അസോസിയേഷൻ നിറുത്തിയത്.

രോഗികളിൽ നിന്ന് ഒളിപ്പിച്ച്

മരുന്ന് പ്രതിസന്ധി

'' മരുന്ന് പ്രതിസന്ധിയുണ്ടെന്ന കാര്യം ഞങ്ങളറിഞ്ഞില്ല. ഡോക്ടർ കുറിച്ചു നൽകിയത് ഏഴ് മരുന്നുകളാണ്. കുറേ ഫാർമസികളിൽ കയറിയിറങ്ങിട്ടാണ് മൂന്നെണ്ണം കിട്ടിയത്. ഇൻഷ്വറൻസ് ഉണ്ടായിട്ടും എന്ത് കാര്യം. പുറമെ നിന്ന് വാങ്ങുമ്പോൾ ഒരു മരുന്നിന് 600 രൂപയോളമാകും. അതുകൊണ്ട് മരുന്ന് വാങ്ങൽ മാറ്റിവെച്ചിരിക്കുകയാണെന്നാണ് വയനാട്ടിൽ നിന്ന് ത്വക്ക് രോഗ വിഭാഗത്തിൽ ചികിത്സ തേടിയെത്തിയ ജയയും അമ്മ ഭവാനിയും പറയുന്നത്. ഇതുപോലെ നിരവധി പേരാണ് സ്വകാര്യ ഫാർമസികളിൽ നിന്ന് വലിയ തുക നൽകി മരുന്ന് വാങ്ങാൻ കഴിയാതെ കുറിപ്പടിയുമായി വീട്ടിലേക്ക് മടങ്ങുന്നത്.

ആശുപത്രി വികസന സമിതിക്ക് കീഴിലെ ന്യായവില മെഡിക്കൽ സ്റ്റോറിൽ മരുന്നുകൾ ഇല്ലാത്തതിനാൽ ഡയാലിസിസ്, ഹൃദ്രോഗം, ത്വക്ക് രോഗം, ജനറൽ മെഡിസിൻ തുടങ്ങിയവയ്ക്കുള്ള മരുന്നുകളെല്ലാം രോഗികൾ അമിത വിലയ്ക്ക് പുറത്തുനിന്ന് വാങ്ങിക്കുകയാണ്. ശസ്ത്രക്രിയ ഉപകരണങ്ങൾ ആശുപത്രിയിൽ ഇല്ലാത്തതിനാൽ വൻതുക കൊടുത്ത് സ്വകാര്യ ഫാർമസികളിൽ നിന്ന് വാങ്ങേണ്ട സ്ഥിതിയിലാണ്.

വേണ്ടത് 155 ഇനം മരുന്നുകൾ

'റേഷനായി' എത്തിയത് 50

അവശ്യമരുന്ന് ലിസ്റ്റിൽ ഉൾപ്പെട്ട 155 ഇനം മരുന്നുകളിൽ കാൻസർ ,ഹൃദ്രോഗം തുടങ്ങിയ രോഗങ്ങൾക്കുള്ള മരുന്ന് ഉൾപ്പെടെ 50 എണ്ണം കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ കാരുണ്യ ഫാർമസി വഴി ലഭ്യമാക്കിയെങ്കിലും പര്യാപ്തമല്ലെന്നാണ് രോഗികൾ പറയുന്നത്. ഫിൽട്ടർ, ഇ‌ഞ്ചക്ഷൻ ട്യൂബുകൾ എന്നിവ വേണ്ടത്ര സ്റ്റോക്കില്ലാത്തതിനാൽ ശസ്ത്രക്രിയയ്ക്ക് തിയതി ലഭിച്ച രോഗികൾ ആശങ്കയിലാണ്. കാൻസർ രോഗികൾക്കുള്ള പല മരുന്നുകളും തീർന്ന മട്ടാണ്. സർജിക്കൽ ഉപകരണങ്ങളുടെ വിതരണം നിർത്തിവച്ചതോടെ ഗ്ലൗസ്, സൂചി, കൈയുറ, കോട്ടൺ, നൂല്, സിറിഞ്ച് എന്നിവയ്ക്ക് ക്ഷാമം നേരിടുകയാണ്. സർജിക്കൽ സ്റ്റോറിലും ഇംപ്ലാന്റ് സ്റ്റോക്ക് കുറഞ്ഞു. ഒരു ദിവസം മൂവായിരത്തിലധികം രോ​ഗികൾ എത്തുന്ന ഒ.പിയിൽ നിന്ന് ഷുഗറിനും പ്രഷറിനും പോലും മരുന്നുകൾ കിട്ടുന്നില്ലെന്നാണ് രോഗികളുടെ പരാതി. സർജിക്കൽ ഉപകരണങ്ങൾ കിട്ടാത്തതിനാൽ ശസ്ത്രക്രിയ മാറ്റിവെക്കേണ്ട സാഹചര്യമാണെന്ന് രോ​ഗികളുടെ കൂട്ടിരിപ്പുകാർ പറയുന്നു. ലാബ് പ്രവർത്തനവും താളം തെറ്റി. മരുന്ന് പ്രതിസന്ധി രൂക്ഷമായതോടെ വിവിധ രാഷ്ട്രീയ പാർട്ടികൾ സമരവുമായി രംഗത്താണ്. അതിനെക്കുറിച്ച് അടുത്ത ഭാഗത്തിൽ.

തുടരും

താത്കാലിക പരിഹാരമായി; സൂപ്രണ്ട്


മരുന്ന് പ്രതിസന്ധി പരിഹരിക്കാൻ ആരോഗ്യമന്ത്രിയുമായി കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. കാരുണ്യ വഴി അടിയന്തരമായി മരുന്ന് എത്തിക്കാൻ തീരുമാനമായെന്ന്

മെഡി കോളേജ് സൂപ്രണ്ട് ഡോ.എം.പി ശ്രീജയൻ പറഞ്ഞു. അവശ്യമരുന്ന് ലിസ്റ്റിലുൾപ്പെട്ട 155 ഇനം മരുന്നുകളിൽ കാൻസർ ,ഹൃദ്രോഗ രോഗങ്ങൾക്ക് ഉൾപ്പെടെയുള്ള മരുന്നുകൾ എത്തി. നൂറോളം മരുന്നുകൾ സ്റ്രോക്ക് ചെയ്ത് തുടങ്ങിയിട്ടുണ്ട്. ഇനിയും സ്റ്റോക്ക് ചെയ്യും. മരുന്നുകൾ രോഗികൾക്ക് കൊടുത്തു തുടങ്ങിയിട്ടുണ്ട്. എത്രയും വേഗത്തിൽ വിതരണക്കാരുടെ കുടിശ്ശിക കൊടുത്ത് തീർത്ത് പ്രതിസന്ധി പരിഹരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു.

'' ആരോഗ്യ മന്ത്രി പറഞ്ഞത് മരുന്ന് ക്ഷാമം കോഴിക്കോട് മെഡിക്കൽ കോളേജിലെ മാത്രം പ്രശ്നമാണെന്നും അത് പഠിക്കണമെന്നുമാണ്. പക്ഷേ, മരുന്ന് പ്രതിസന്ധി കേരളത്തിലെ മുഴുവൻ ആശുപത്രികളും അഭിമുഖീകരിക്കുന്നുണ്ട്. അതിന് പരിഹാരം കാണുന്നതിന് പകരം ആശുപത്രികളെ കുറ്റം പറയുകയല്ല വേണ്ടത്. പ്രതിസന്ധിക്ക് പരിഹാരം കാണാൻ ശക്തമായ സമരവുമായി കോൺഗ്രസ് രംഗത്തുണ്ട്''- ദിനേശ് പെരുമണ്ണ, എച്ച്.ഡി.എസ് സ്റ്റാഫ് അസോ. പ്രസിഡന്റ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL