ബേപ്പൂർ : വിൽപനയ്ക്കായി വളർച്ച എത്താത്ത കടുക്ക കുഞ്ഞുങ്ങളെ ( കല്ലുമ്മക്കായ) പറിച്ചെടുക്കുന്നത് വ്യാപകം. രുചിക്കൂടുതൽ കാരണം ഗോതീശ്വരം കടുക്കക്ക് ആവശ്യക്കാർ ഏറിയതോടെയാണ് കുഞ്ഞു കടുക്കകൾ വൻ തോതിൽ പറിച്ചെടുത്ത് വിൽപന നടത്തുന്നത്. പൂർണ വളർച്ചയെത്തുമ്പോൾ നാല് ഇഞ്ചോളം വലുപ്പം വെക്കുന്ന കടുക്കയാണ് അര ഇഞ്ച് വലുപ്പം ആകുമ്പോൾ തന്നെ പറിച്ചെടുത്ത് വിൽക്കുന്നത്. ഒരു വർഷമാണ് കടുക്ക വളർച്ച എത്താനുള്ള കാലയളവ്. വലുതും ചെറുതുമായി മൂന്ന് തട്ടുകളിലായാണ് പാറകൾക്ക് മുകളിൽ കടുക്കകൾ വളരുന്നത്. എന്നാൽ കുഞ്ഞുങ്ങളെ വേട്ടയാടാൻ തുടങ്ങിയതോടെ ഒരു തട്ടിൽ മാത്രമായി കടുക്കയുടെ വളർച്ച ഒതുങ്ങിയ നിലയിലായി. പൂർണ്ണ വളർച്ച എത്തിയ കടുക്കകൾ പുറത്തേക്ക് വിടുന്ന പാൽ പോലുള്ള ദ്രാവകം മണലിനോട് ചേർന്ന് പാറകളിൽ ഉറക്കുന്നതോടെയാണ് കടുക്കകൾ രൂപമെടുക്കുന്നത്. കുഞ്ഞുങ്ങൾ വേട്ടയാടപ്പെടുമ്പോൾ കടുക്കയുടെ വംശനാശം സംഭവിക്കുകയാണ് . ഗോതീശ്വരം ഭാഗത്ത് മാത്രമായി 30 ഓളം തൊഴിലാളികളാണ് കടുക്ക മേഖലയുമായി പ്രവർത്തിച്ചു വരുന്നത്. ജീവൻ പണയപ്പെടുത്തിയാണ് കടലാഴങ്ങളിലെ പാറകളിൽ നിന്ന് തൊഴിലാളികൾ കടുക്ക ശേഖരിക്കുന്നത്. കുഞ്ഞുങ്ങളെ വേട്ടയാടുന്നതിലൂടെ വരും നാളുകളിൽ വരുമാന മാർഗം ഇല്ലാതാകുമോ എന്ന ആശങ്കയിലാണ് കടുക്ക തൊഴിലാളികൾ . ഓരോ തൊഴിലാളിക്കും 20 കിലോ വരെ കടുക്ക ലഭിച്ചിരുന്നത് ഇപ്പോൾ 3 കിലോ മാത്രമായി ചുരുങ്ങിയതിന് കാരണം കടുക്ക കുഞ്ഞുങ്ങളെ വേട്ടയാടുന്നത് കൊണ്ടാണ് എന്നാണ് പറയപ്പെടുന്നത്. കടുക്ക കുഞ്ഞുങ്ങളെ അനധികൃത മായി പറിക്കുന്നതുമായി ബന്ധപ്പെട്ട് തൊഴിലാളികൾ കോസ്റ്റൽ പൊലീസിനും ബേപ്പൂർ പൊലീസിനും ഫിഷറീസ് അധികൃതർക്കും പരാതി നൽകിയിട്ടുണ്ട്.
കടുക്കകൾ ഇവിടെ
ഗോതീശ്വരം, ചാലിയം, മുഖദാർ, പള്ളിക്കണ്ടി എന്നിവിടങ്ങളിലെ കടൽ തീരത്തിന് സമീപത്തായാണ് കടുക്കകൾ യഥേഷ്ടം വളരുന്നത്.
പ്രജനന കാലം
മാർച്ച്, ഏപ്രിൽ മാസങ്ങളാണ് കടുക്കയുടെ പ്രജനനകാലം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |