
കോഴിക്കോട് : ഓരോ തവണ കേന്ദ്രം ബഡ്ജറ്റ് അവതരിപ്പിക്കുമ്പോഴും കേരളവും കോഴിക്കോടും ഒരുപോലെ പ്രതീക്ഷിക്കുന്ന പ്രഖ്യാപനമാണ് കോഴിക്കോടിന് എയിംസ് (ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ്) . പക്ഷേ, സാങ്കേതികത്വത്തിന്റെ പേരിൽ കപ്പിനും ചുണ്ടിനും ഇടയിൽ കൈവിട്ടുപോയതാണ് ഇതുവരെയുള്ള അനുഭവം. ഇത്തവണയും പഴയ സ്ഥിതി ആവർത്തിക്കുമോ, അല്ല പ്രതീക്ഷ പൂവണിയുമോ കാത്തിരിപ്പിലാണ് കോഴിക്കോടും കേരളവും. സംസ്ഥാന സർക്കാർ ബാലുശ്ശേരി കിനാലൂരിൽ പദ്ധതിയ്ക്കായി സ്ഥലം കണ്ടെത്തിയിട്ട് വർഷങ്ങളായി. കഴിഞ്ഞ തവണത്തെ ബഡ്ജറ്റിൽ പ്രഖ്യാപനമുണ്ടാകുമെന്ന് ഏതാണ്ട് ഉറപ്പിച്ചിരുന്നെങ്കിലും അവസാനം കൈവിട്ടു.
എയിംസ് അനുവദിക്കുമെന്ന പ്രതീക്ഷയിൽ സ്ഥലവും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നതിലേക്ക് സംസ്ഥാനം കടന്നിരുന്നു.
മലബാറിന്റെ ആരോഗ്യ തലസ്ഥാനമായി നിർദ്ദിഷ്ട എയിംസ് മാറുമെന്ന പ്രതീക്ഷയിലായിരുന്നു ജനങ്ങളും. എയിംസ് അനുവദിച്ചാൽ കിനാലൂരിലായിരിക്കും സ്ഥാപിക്കുകയെന്ന് മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും പല തവണ പ്രഖ്യാപിക്കുകയും ചെയ്താണ്. കേരളത്തിൽ ആരോഗ്യമേഖലയിൽ പിന്നാക്കം നിൽക്കുന്ന മേഖലയാണ് മലബാർ. നിപ പോലുള്ള രോഗങ്ങളുടെ സാന്നിദ്ധ്യം പ്രദേശം നേരിടുന്ന വെല്ലുവിളിയാണ്. 10 വർഷം മുമ്പാണ് കേന്ദ്രം കേരളത്തിന് എയിംസ് വാഗ്ദാനം ചെയ്തത്. പദ്ധതിക്കായി സ്ഥലം കണ്ടെത്താൻ കഴിയാത്തത് ആദ്യഘട്ടത്തിൽ പ്രതിസന്ധിയായിരുന്നു. കിനാലൂർ ഉൾപ്പെടെ നാല് സ്ഥലങ്ങളാണ് പരിഗണനയിൽ ഉണ്ടായിരുന്നത്. പശ്ചാത്തല സൗകര്യങ്ങളും സ്ഥല ലഭ്യതയും കണക്കിലെടുത്ത് 3 വർഷം മുമ്പാണ് സംസ്ഥാന സർക്കാർ കിനാലൂരിനെ എയിംസിനായി പരിഗണിച്ചത്.
കേരളത്തിൽ നിന്നുള്ള എം.പിമാർ നിരവധി തവണ ഈ വിഷയം പാർലമെന്റിൽ ഉന്നയിച്ചിരുന്നു. കിനാലൂരിൽ ഭൂമി കണ്ടെത്തിയ കാര്യം സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചതിനെ തുടർന്ന് കേന്ദ്രസംഘം നടത്തിയ ആദ്യസന്ദർശനം തൃപ്തികരമായിരുന്നു.
കെെമാറിയത് 150 ഏക്കർ സ്ഥലം
എയിംസിനായി 200 ഏക്കർ സ്ഥലമാണ് സംസ്ഥാന സർക്കാർ കിനാലൂരിൽ വാഗ്ദാനം ചെയ്തത്. ഇതിൽ സംസ്ഥാന വ്യവസായ വികസന കോർപ്പറേഷന്റെ ( കെ.എസ്.ഐ.ഡി.സി ) കൈവശമുള്ള 150 ഏക്കർ ഭൂമി ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർക്ക് കൈമാറിയിട്ടുണ്ട്. ഭാവി വികസനം കൂടി കണക്കിലെടുത്ത് 250 ഏക്കർ ഭൂമിയാണ് സംസ്ഥാനം ഇവിടെ സജ്ജമാക്കുന്നത്. ഇതിനായി 100 ഏക്കർ സ്വകാര്യ ഭൂമി ഏറ്റെടുക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. എന്നാൽ കിനാലൂരിലെ സ്ഥലമല്ലാതെ സംസ്ഥാനത്ത് മറ്റ് സ്ഥലങ്ങളും എയിംസിനായി പരിഗണനയിലുണ്ടെന്ന വാദം പദ്ധതിയ്ക്ക് വെല്ലുവിളിയാകുന്നുണ്ട്.
"കിനാലൂരിലെ എയിംസ് സംബന്ധിച്ച് സംസ്ഥാന സർക്കാർ നടപടിയുമായി മുന്നോട്ടുപോവുകയാണ്. 100 ഏക്കർ സ്ഥലം കൂടി ഏറ്റെടുക്കാനുണ്ട്. അവസാനഘട്ട ഭൂമി ഏറ്റെടുക്കലിനുള്ള നടപടി പുരോഗമിക്കുകയാണ്.
- കെ.എം സച്ചിൻദേവ് എം.എൽ.എ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |