SignIn
Kerala Kaumudi Online
Thursday, 22 October 2026 5.28 PM IST

റോഡിലെ നിയമലംഘനം തുടർക്കഥ ജീവന് വിലയില്ലേ....

road
റോഡിലെ നിയമലംഘനം

കോഴിക്കോട്: ജില്ലയിൽ ബോധവത്കരണം ശക്തമായിട്ടും റോഡിലെ നിയമലംഘനങ്ങൾക്ക് അറുതിയില്ല. കഴിഞ്ഞ ഡിസംബർ 15 മുതൽ ജനുവരി 15 വരെ ഒരുകോടിയിലേറെ തുകയാണ് ട്രാഫിക് നിയമലംഘനങ്ങളിലൂടെ പിഴയായി സർക്കാരിന് ലഭിച്ചതെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ വ്യക്തമാക്കി. ഹെൽമറ്റില്ലാത്ത ഇരുചക്രവാഹന യാത്ര, മത്സരയോട്ടം, മദ്യപിച്ച് വാഹനമോടിക്കൽ, വൺവേ തെറ്റിച്ചുള്ള വരവ്, ട്രിപ്പിൾസ് യാത്ര, സീറ്റ് ബെൽറ്റ് ഇടാത്ത കേസ് തുടങ്ങിയവയാണ് കൂടുതലും. സ്വകാര്യ ബസുകളുടെ ഓട്ടപ്പാച്ചിലിൽ അപകടം സംഭവിക്കുന്നതും ജീവൻ പൊലിയുന്നതും നിത്യ സംഭവം. സ്‌കൂൾ, കോളേജ് പരിസരത്ത് ട്രിപ്പിൾസ് വെച്ചുള്ള ബൈക്ക് യാത്രയും പതിവ് കാഴ്ച. ഇവരുടെ പിന്നാലെ പോയാൽ മറ്റൊരു അപകടമുണ്ടാകുമെന്ന ഭയത്താൽ പൊലീസും നിസഹായകരായി നിൽക്കേണ്ടി വരുന്നു.

2024ൽ റോഡപകടങ്ങൾ കുറഞ്ഞു

2023നെ അപേക്ഷിച്ച് സിറ്റിയിൽ റോഡ് അപകടങ്ങളുടെ എണ്ണത്തിൽ കഴിഞ്ഞ വർഷം കുറവുണ്ട്. 1960 അപകടങ്ങളിൽ 123 പേരാണ് സിറ്രിയിൽ കഴിഞ്ഞ വർഷം ഒക്ടോബർ വരെ മരിച്ചത്. 2023 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 2023ൽ 2194 അപകടങ്ങളിലായി 172 പേർ മരിച്ചു. 2265 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വാഹനപെരുപ്പം അപകടങ്ങളുടെ നിരക്ക് വർധിപ്പിക്കുന്നതിന് കാരണമാകുന്നുണ്ട്.

നിയമലംഘനം വാട്സ് ആപ്പിൽ അറിയിക്കാം

മോട്ടോർ വാഹന വകുപ്പിന്റെ എംപരിവാഹൻ ആപ്ലിക്കേഷനിൽ സിറ്റിസൺ സെന്റിനൽ ഓപ്ഷനിലൂടെ ട്രാഫിക് നിയമലംഘനങ്ങൾക്കെതിരെ പൊതുജനങ്ങൾക്കും പ്രതികരിക്കാം. അനധികൃത പാർക്കിംഗ്, ലൈൻട്രാഫിക് നിയമലംഘനം, അമിതവേഗത തുടങ്ങി ഏതുതരം കുറ്റകൃത്യങ്ങളും റിപ്പോർട്ട് ചെയ്യാം. നിയമലംഘനം നടത്തിയ വാഹനത്തിന്റെ ഫോട്ടോ, വീഡിയോ ചിത്രീകരിച്ച് അപ്‌ലോഡ് ചെയ്യുകയും ചെയ്യാം. പരാതികൾ ലഭിച്ചാൽ അരമണിക്കൂറിനകം വാഹന ഉടമയ്ക്ക് ഫൈൻ അടയ്ക്കാനുള്ള നോട്ടീസ് ലഭിക്കും. സിറ്റി എൻഫോഴ്സ്മെന്റ് ആർ.ടി.ഒയുടെ 9747178076 വാട്സാപ്പ് നമ്പരിലും പരാതി അറിയിക്കാം.

റോഡ് സുരക്ഷ ബോധവത്കരണ മാരത്തോൺ ഇന്ന്

വർദ്ധിച്ചുവരുന്ന റോഡപകടങ്ങൾ കുറക്കുന്നതിനും സീറ്റ് ബെൽറ്റ്, ഹെൽമറ്റ് എന്നിവ ധരിക്കുന്നതിന്റെ ആവശ്യകത ബോധിപ്പിക്കുന്നതിനും മോട്ടോർ വാഹനവകുപ്പ്, പൊലീസ് തുടങ്ങിയവരുടെ സഹകരണത്തോടെ ഇന്ന് നാഗരത്തിൽ റോഡ് സുരക്ഷ ബോധവത്കരണ മാരത്തോൺ നടക്കും. രാവിലെ 6.30ന് ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിൽ നിന്ന് ഫ്ലാഗ് ഓഫ് ചെയ്യുന്ന മാരത്തോൺ ബീച്ചിലെ ഫ്രീഡം സ്‌ക്വയറിൽ സമാപിക്കും. സമാപനം ഗതാഗത മന്ത്രി കെ.ബി ഗണേഷ്‌കുമാർ ഉദ്ഘാടനം ചെയ്യും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL