കോഴിക്കോട്: കനത്ത സാമ്പത്തിക പ്രതിസന്ധിയിലും ധനമന്ത്രി കെ.എൻ ബാലഗോപാൽ ഇന്ന് അവതരിപ്പിക്കുന്ന സംസ്ഥാന ബഡ്ജറ്റിൽ പ്രതീക്ഷയർപ്പിച്ച് കോഴിക്കോട് ജില്ല. കഴിഞ്ഞ വർഷം ബഡ്ജറ്റിൽ ജില്ലയ്ക്കുണ്ടായ കാര്യമായ പരിഗണന ഇക്കുറിയും ഉണ്ടാകുമെന്നാണ് കണക്കു കൂട്ടൽ. ലൈറ്റ് മെട്രോ ഉൾപ്പെടെ ജനപ്രിയ പ്രഖ്യാപനങ്ങൾ ഏറെയുണ്ട്. പ്രഖ്യാപിത ഇടതു നയങ്ങളിൽ നിന്ന് വഴിമാറിയുള്ള മാറ്റം കൂടി ഈ ബഡ്ജറ്റിൽ പ്രതീക്ഷിക്കുന്നു.
ലെെറ്റ് മെട്രോ വരുമോ..?
ഗതാഗതക്കുരുക്കിൽ നട്ടം തിരിയുന്ന നഗരത്തിൽ മെട്രോ സ്ഥാപിക്കണമെന്ന ആവശ്യത്തിന് ഏറെക്കാലത്തെ പഴക്കമുണ്ട്. ഇത്തവണയെങ്കിലും അനുകൂല പ്രഖ്യാപനമുണ്ടാകുമെന്നാണ് പ്രതീക്ഷ. കൊച്ചി മെട്രോയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളേജ് മുതൽ മീഞ്ചന്തവരെയായി 13 കിലോ മീറ്ററിലേറെ നീളത്തിലുള്ളതാണ് പദ്ധതി.
ടൂറിസം തിളങ്ങുമോ
നിരവധി ബീച്ചുകളും കുന്നുകളും പ്രകൃതി രമണീയമായ സ്ഥലങ്ങളാൽ സമ്പന്നമായ കോഴിക്കോടിന്റെ ടൂറിസം സാദ്ധ്യതകൾ അനന്തമാണ്. ബേപ്പൂർ ഉൾപ്പെടെ 4 കേന്ദ്രങ്ങളിൽ ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്ററുകൾ, വിശ്രമകേന്ദ്രങ്ങൾ, റസ്റ്റോറന്റുകൾ, ചെറുവിനോദത്തിനുള്ള ഇടങ്ങൾ, മോട്ടലുകൾ ഉൾപ്പെടുന്ന മിനി മറീനകൾ, യാട്ട് ഹബുകൾ എന്നിവ വികസിപ്പിക്കുമെന്ന് കഴിഞ്ഞ ബഡ്ജറ്റിലുണ്ടായിരുന്നു. ഇതിൽ ചില വികസനം നടന്നെങ്കിലും മറ്രുള്ളവ വഴിയിലാണ്. കോഴിക്കോട് ബീച്ചിലെ ഫുഡ് സ്ട്രീറ്റ് പദ്ധതി എത്രയും പെട്ടന്ന് നടപ്പിലാക്കണം. ഇതിലൂടെ നിരവധി വിദേശികളെ ആകർഷിക്കാനാകും. തോണിക്കടവ്, കക്കടാംപൊയിൽ, പൊക്കുന്ന്, ഓളോപ്പാറ, വയലട, തുഷാരഗിരി എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പുതിയ പദ്ധതികൾ വേണം. ബാലുശേരി ടൂറിസം കോറിഡോർ പദ്ധതിയിലുൾപ്പെട്ട നമ്പികുളം ഇക്കോ ടൂറിസം പദ്ധതി യാഥാർഥ്യമാക്കണം. പുഴകളെ ബന്ധിപ്പിച്ച് ഉൾനാടൻ ജലഗതാഗതം അനിവാര്യം.
വികസനം കാത്ത്
തുറമുഖങ്ങൾ
ബേപ്പൂർ, വെള്ളയിൽ, കൊയിലാണ്ടി, ചോമ്പല തുറമുഖ വികസനം അനിവാര്യം. ബേപ്പൂർ തുറമുഖവുമായി ബന്ധപ്പെട്ട് ടൂറിസവും ചരക്കുനീക്കവും മുൻനിർത്തി ഒട്ടേറേ പദ്ധതികൾ ആവിഷ്കരിക്കണം. ബേപ്പൂരിൽ നിന്ന് ലക്ഷദ്വീപ്, കൊച്ചി, മംഗളൂരു, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് കപ്പൽ സർവീസ്.
സാഹിത്യ നഗരം വളരണം
യുനസ്കോയുടെ സാഹിത്യനഗരം പദവി നേടിയ കോഴിക്കോടിനെ ലോക ശ്രദ്ധയാകർഷിക്കുന്ന തരത്തിലുള്ള പദ്ധതികൾ വേണം. ലിറ്റററി സർക്യൂട്ട് യാഥാർത്ഥ്യമാക്കണം. സാംസ്കാരിക കേന്ദ്രമായി ടാഗോർ ഹാളിനെ മാറ്റണം. സാഹിത്യശൃംഖലയിലുള്ള നഗരങ്ങളുമായി ആശയ വിനിമയം, ലിറ്റററി ടൂറിസം, എഴുത്തുകാർക്ക് താമസിക്കാനും സാഹിത്യപരിപാടികളുടെ ഭാഗമാകാനുമുള്ള അവസരം, സാഹിത്യസാംസ്‌കാരികവിനിമയം നിരവധി പുസ്തകശാലകളും വായന കോണുകളും വിശ്രമിക്കാനുള്ള ഇടങ്ങളുമുള്ള 200 മീറ്റർ നീളമുള്ള സാഹിത്യ ഇടനാഴി ഒരുക്കണം.
കോംട്രസ്റ്റ് പരിഗണിക്കണം
നഗരത്തിന്റെ മുഖമുദ്രയ മാനാഞ്ചിറ കോംട്രസ്റ്റ് നെയ്ത്തുഫാക്ടറി ഇക്കുറിയെങ്കിലും പരിഗണിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികൾ. ഫാക്ടറി അടച്ചിട്ട് 16 വർഷം പൂർത്തിയാക്കിയിട്ടും സർക്കാരിന്റെ ഉറപ്പുകളൊന്നും ഇതുവരെ പാലിക്കപ്പെട്ടില്ല. 2009 ഫെബ്രുവരി ഒന്നിനായിരുന്നു കെട്ടിടം അടച്ചുപൂട്ടിയതും തൊഴിലാളികൾ കുടിയിറക്കപ്പെട്ടതും. മഴയും വെയിലും കൊണ്ട് ഇടിഞ്ഞുപൊളിഞ്ഞ കോംട്രസ്റ്റ് കെട്ടിടം ഒരോ ഭാഗങ്ങളായി തകർന്ന് വീഴുകയാണ്. അന്ന് കുടിയിറക്കപ്പട്ട 103 തൊഴിലാളികൾ ഇന്നും ഫാക്ടറിയെ തിരിച്ചു പിടിക്കാൻ പ്രതീക്ഷയോടെ സമരമുഖത്തുണ്ട്.
വേണം മൊബിലിറ്റി ഹബ്ബും
ഇലക്ട്രിക് ബസ് സർവീസും
ദീർഘദൂര ബസുകൾക്കായി മൊബിലിറ്റി ഹബ് അനിവാര്യം. മലാപ്പറമ്പ് കേന്ദ്രീകരിച്ച് നേരത്തെ പദ്ധതി പ്രഖ്യാപിച്ചതാണ്. എന്നാൽ പിന്നീട് ഇതുമായി ബന്ധപ്പെട്ട് തുടർ നടപടികളുണ്ടായില്ല. ഇലക്ട്രിക് ബസുകൾ നിരത്തിലിറക്കാൻ കഴിഞ്ഞാൽ നഗരത്തിന്റെ അന്തരീക്ഷ മലിനീകരണം കുറക്കാനുമാവും.
ടെെഗർ സഫാരി പാർക്ക്
കേരളത്തിലെ ആദ്യ ടെെഗർ സഫാരി പാർക്ക് പ്രവൃത്തികൾ ഇഴയുകയാണ്.ചക്കിട്ടപാറ മുതുകാട് പ്ലാന്റേഷൻ കോർപ്പറേഷന്റെ പേരാമ്പ്ര എസ്റ്റേറ്റിന്റെ 120 ഹെക്ടറിൽ ടെെഗർ സഫാരി പാർക്ക് ആയിരുന്നു ബഡ്ജറ്റ് പ്രഖ്യാനം. ഒരു വർഷം കൊണ്ട് തയ്യാറായത്
വിശദമായ പദ്ധതിരേഖ തയ്യാറാക്കാൻ കൺസൾട്ടൻസിയെ ചുമതലപ്പെടുത്തി എന്നത് മാത്രമാണ്.
ആരോഗ്യ രംഗത്ത് വേണം 'ആരോഗ്യം'
മെഡിക്കൽ കോളജിന്റെ മാസ്റ്റർ പ്ലാൻ നടപ്പാക്കാൻ കൂടുതൽ തുക വകയിരുത്തണം. ചികിത്സ യൂണിറ്റുകളും അത്യാഹിത വിഭാഗത്തിലേക്കടക്കം ആവശ്യത്തിന് ഡോക്ടമാരെ നിയമിക്കാനും നടപടി വേണം. മരുന്ന് ക്ഷാമമുണ്ടാകുമ്പോൾ പ്രതിസന്ധി പരിഹരിക്കാൻ പ്രത്യേക ഫണ്ട് അനുവദിക്കണം. ബീച്ച് ജനറൽ ആശുപത്രി, മാനസികാരോഗ്യ കേന്ദ്രം, കോടി, ത്വക്ക് രോഗാശുത്രി, മലബാർ കാൻസർ സെന്റർ എന്നിവ മികവിന്റെ കേന്ദ്രങ്ങളാക്കണം. സർക്കാർമേഖലയിലെ രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രിയ്ക്കുള്ള പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തണം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |