കോഴിക്കോട് നഗരഹൃദയത്തിൽ ശീതളഛായയുള്ള ഇടമാണ് മാനാഞ്ചിറ. വെെകുന്നേരങ്ങളിൽ ആളുകൾ ഒത്തുകൂടുന്ന ഇവിടെ, ഓപ്പൺ തിയേറ്ററിൽ പരിപാടി അവതരിപ്പിക്കാനും നൽകണം പണം. കോർപ്പറേഷന് പ്രത്യേകിച്ച് പരിപാലന ചെലവൊന്നുമില്ലാത്ത ഈ ഇടം സാംസ്കാരിക പരിപാടികൾക്ക് സൗജന്യമായി നൽകേണ്ടതല്ലേ? അങ്ങനെയല്ലേ സാംസ്കാരിക പ്രവർത്തനങ്ങളെ പിന്തുണയ്ക്കേണ്ടത്? എന്നാലിവിടെ ജി.എസ്.ടി സഹിതം 1,600 ൽ അധികമാവും. വെെകിട്ടേ പരിപാടി തുടങ്ങാനാകൂ. എട്ടരയാകുമ്പോഴേയ്ക്കും നിറുത്താനുള്ള മുന്നറിയിപ്പുമായി സെക്യൂരിറ്റി ജീവനക്കാരന്റെ വിസിലടിക്കും. അപ്പോൾ പകുതിക്കു വച്ചാണെങ്കിലും പരിപാടി നിറുത്തണം. ഇടയ്ക്കുവച്ച് നിറുത്തുന്നതിലെ അനൗചിത്യവും കലാകാരന്മാരുടെ ബുദ്ധിമുട്ടുമൊന്നും ആരും ഗൗനിക്കുന്നില്ല. ഓപ്പൺ സ്റ്റേജ് എല്ലാ ദിവസവും സാംസ്കാരിക പരിപാടികൾക്കായി രാത്രി 10 വരെ അനുവദിക്കണമെന്നും രാവിലെ മുതൽ പ്രവേശിപ്പിക്കണമെന്നുമാണ് ആവശ്യം.
മാസങ്ങൾക്ക് മുമ്പ് മിഠായിത്തെരുവിൽ കോഴിക്കോടിന്റെ തെരുവുഗായകൻ ബാബു ഭായിയും ഭാര്യയും പാട്ടുപാടിയതിന് അദ്ദേഹത്തിന്റെ പേരിൽ കേസെടുത്തു. കിഡ്സൺ കോർണറിൽ കലാപരിപാടികൾക്ക് വിലക്കുണ്ട്. ഒരു തെരുവുഗായകൻ ഉപജീവനത്തിനായി അവിടെ നിന്ന് പാട്ടുപാടിയത് വലിയ കുറ്റമായിപ്പോയി. ആളൊഴിഞ്ഞ മെെതാനങ്ങളിലാണോ ഇവർ പാടേണ്ടത്?
മിഠായിത്തെരുവിൽ കലാ പരിപാടികൾക്ക് ഏർപ്പെടുത്തിയ നിരോധനം പിൻവലിക്കണമെന്ന ആവശ്യം വനരോദനം മാത്രം.
വർഷങ്ങൾക്ക് മുമ്പ് തിരുവനന്തപുരം ടാഗോർഹാൾ പൊളിച്ച് പുതുമോടിയിൽ പണിയാനുള്ള ശ്രമം സാംസ്കാരിക പ്രവർത്തകർ തടഞ്ഞതിനെ തുടർന്ന് ഉപേക്ഷിച്ചിരുന്നു. തുടർന്നാണ് തനിമയോടെ നിലനിറുത്തിയത്. കോഴിക്കോട് ടാഗോർ ഹാളും പൊളിക്കാതെ തനിമയുടെ അടയാളമാക്കി സംരക്ഷിക്കണമെന്നാണ് സാംസ്കാരിക പ്രവർത്തകരുടെ ആവശ്യം. തിരുവനന്തപുരം ടാഗോർ ഹാൾ വിവാഹത്തിന് നൽകാറില്ല. കോഴിക്കോട് ടാഗോർഹാൾ നൽകാറുണ്ട്. അധികൃതരുടെ കച്ചവട മനസാണ് ഇതിന് പിന്നിലെന്നാണ് ആക്ഷേപം. കോംപ്ലക്സ് ആകുന്നതോടെ സാംസ്കാരിക സംഘടനകൾക്ക് താങ്ങാനാകാത്ത വാടകയാകും. കോഴിക്കോട് ജില്ലയിൽത്തന്നെ ടൗൺഹാൾ രാഷ്ട്രീയ പാർട്ടികളുടെ പരിപാടിക്ക് വെറും പതിനായിരം രൂപയ്ക്ക് നൽകുകയും സാംസ്കാരിക പരിപാടിക്ക് അരലക്ഷം വരെ വാടകയീടാക്കുകയും ചെയ്യാറുണ്ട്.
തിരുവനന്തപുരം ടാഗോർഹാൾ വിവാഹത്തിന് നൽകാറില്ലാത്ത കാര്യം മുമ്പൊരിക്കൽ അന്നത്തെ മേയറോട് സാംസ്കാരിക പ്രവർത്തകർ പറഞ്ഞിരുന്നു. അത്തരം വിഡ്ഢിത്തം ചെയ്യാൻ ഞങ്ങളില്ലെന്നായിരുന്നു മറുപടി. അതിൽ നിന്ന് കോർപ്പറേഷന്റെ കച്ചവട മനസ് തിരിച്ചറിയാമെന്നാണ് പുരോഗമന കലാസാഹിത്യ സംഘം പ്രവർത്തകർ ഉൾപ്പെടെ പറയുന്നത്. സി.പി.എം പ്രവർത്തകരായ കലാകാരന്മാരിൽ പലരും കോർപ്പറേഷന്റെ സമീപനം മാറ്റണമന്ന അഭിപ്രായക്കാരാണ്.
നാളെ; വേണം വിശാല വീക്ഷണം, വേണ്ട വിപണന ലക്ഷ്യം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |