SignIn
Kerala Kaumudi Online
Thursday, 22 October 2026 7.52 PM IST

നിയമസഭ കാണാനിറങ്ങി 90 കഴിഞ്ഞ ബാലൻമാഷും സംഘവും എം.എൽ.എമാരൊക്കെ അവിടുണ്ടോന്നറിയണ്ടേ..

image-
നാട്ടൊരുമ സംഘത്തിന്റെ യാത്ര വി.കെ.സി മമ്മദ് കോയ ഫ്ലാഗ് ഓഫ് ചെയ്തപ്പോൾ

കോഴിക്കോട്: " ഇതുവരെ ഒറ്റ തവണ പോലും വോട്ട് ചെയ്യാണ്ടിരുന്നിട്ടില്ല. നമ്മൾ വോട്ടുചെയ്ത് ജയിപ്പിച്ചോര് സഭയിൽ ചെയ്യുന്നതെന്താന്ന് അറിയണ്ടേ.. അവരൊക്കെ അവിടെപ്പോകുന്നുണ്ടോന്നറിയണ്ടേ.. അതിനാണ് ഈ യാത്ര. പണ്ട് നിയമസഭാ മന്ദിരം കണ്ടിരുന്നു. അന്ന് സഭ പ്രവർത്തിച്ചിരുന്നത് പഴയ കെട്ടിടത്തിലായിരുന്നു." പ്രായം തൊണ്ണൂറായെങ്കിലും ആദ്യമായി നിയമസഭാ മന്ദിരം കാണാനായി പോകുന്നതിന്റെ ആവേശത്തിലാണ് മണക്കടവ് സ്വദേശി ബാലൻ മാഷ് ഇത് പറഞ്ഞത്. മാഷ് ഒറ്റയ്ക്കല്ല ഈ യാത്ര. ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ എട്ട്, ഒൻപത് വാർഡുകളിലെ 70 വയസ് പിന്നിട്ട 27 പേരും ഒപ്പമുണ്ട്. ഭിന്നശേഷിക്കാരനായ കെ. അബ്ദുൾ അസീസും മുൻപ് സാമൂഹിക രാഷ്ട്രീയ രംഗത്ത് സജീവമായിരുന്ന പലരും കൂട്ടത്തിലുണ്ട്.

ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷാജി പനങ്ങാവിൽ, ഹസീന അസീസ് എന്നിവരാണ് യാത്രാസംഘത്തെ നയിക്കുന്നത്. മണക്കടവ് നാട്ടൊരുമ സംഘടനയുടെ നേതൃത്വത്തിലാണ് യാത്ര. നിയമസഭയിൽ ഇന്ന് നടക്കുന്ന ചൂടേറിയ ബഡ്ജറ്റ് ചർച്ചയിലും ഇവർ കാണികളായുണ്ടാകും. മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും സ്പീക്കറെയും കാണണം, ഒന്നിച്ച് ഫോട്ടോയെടുക്കണം, രാജ് ഭവൻ കാണണം, കെ.എസ്.ആർ.ടി.സി യുടെ തുറന്ന ബസിൽ നഗരം ചുറ്റണം. ഇതൊക്കെയാണ്

സംഘത്തിന്റെ ഉദ്ദേശം. ഇന്നലെ ഉച്ചയ്ക്ക് ജനശതാബ്ദിയിൽ യാത്ര തിരിച്ച ഇവർ ഇന്ന് രാത്രി തിരുവനന്തപുരത്തുനിന്നും മടങ്ങും. ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ശാരുതി, വി.കെ.സി മമ്മദ് കോയ എന്നിവർ ചേർന്നാണ് യാത്ര ഫ്ലാഗ് ഓഫ് ചെയ്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL