SignIn
Kerala Kaumudi Online
Sunday, 31 May 2026 12.47 AM IST

@ അനുമതിയില്ലാതെ ആന എഴുന്നള്ളിപ്പ് കർശന നടപടി, ആനകളെ പിടിച്ചെടുക്കും  

elephant
ആന എഴുന്നള്ളിപ്പ്

കോഴിക്കോട്: അനുമതിയില്ലാതെ ഉത്സവത്തിന് ആനയെ എഴുന്നള്ളിച്ചാൽ ആനയെ പിടിച്ചെടുക്കുന്നതടക്കം കർശന നടപടിക്ക് നിർദ്ദേശം. കഴിഞ്ഞ ദിവസം അനുമതിയില്ലാതെ ആനയെ എഴുന്നള്ളിച്ച ബാലുശ്ശേരി പൊന്നാരംതെരു ശ്രീ മഹാഗണപതി ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾക്കും ഉത്സവ നടത്തിപ്പുകാർക്കുമെതിരെ അറസ്റ്റ് ഉൾപ്പെടെ നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർ സ്‌നേഹിൽ കുമാർ സിംഗിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന നാട്ടാന പരിപാലന കമ്മിറ്റി യോഗം തീരുമാനിച്ചു. ബന്ധപ്പെട്ടവർക്കെതിരെ നേരത്തേ കേസെടുക്കുകയും ഉത്തരവ് കൈമാറുകയും ചെയ്തതാണ്. വിലക്ക് ലംഘിച്ച് ഉത്സവം നടത്തിയത് കണക്കിലെടുത്താണ് നടപടി. ഇതുസംബന്ധിച്ച് റൂറൽ എസ്.പിക്ക് നിർദ്ദേശം നൽകി.
ഉത്സവത്തിൽ എഴുന്നള്ളിച്ച ബാലുശ്ശേരി ഗജേന്ദ്രൻ എന്ന ആനയുടെ ഉടമസ്ഥനെതിരെ 2021, 2023 വർഷങ്ങളിലും പരാതികൾ ലഭിച്ചിരുന്നതായി യോഗം ചൂണ്ടിക്കാട്ടി. നിലനിൽക്കുന്ന പരാതികളും ആന എഴുന്നള്ളിപ്പ് സംബന്ധിച്ച സുപ്രീം കോടതി വിധികളും പരിശോധിച്ച് ജില്ലാ ഫോറസ്റ്റ് ഓഫീസർ ജില്ലാ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കും. എ.ഡി.എം സി.മുഹമ്മദ് റഫീഖ്, കോഴിക്കോട് സിറ്റി എ.സി.പി കെ.എസ് ശരത്, ഫയർ ആൻഡ് റസ്‌ക്യൂ എസ്.ടി.ഒ വി.വി.റോബി വർഗീസ്, കോഴിക്കോട് സോഷ്യൽ ഫോറസ്ട്രി എ.സി.എഫ് .സത്യപ്രഭ, റേഞ്ച് ഫോറസ്റ്റ് ഓഫീസർ ദിവ്യ കെ.എൻ തുടങ്ങിയവർ പങ്കെടുത്തു.

@ ആനയെഴുന്നള്ളിപ്പ്

നിയമം കടുപ്പിക്കും

നിലവിലെ നിയമത്തിന്റെ അടിസ്ഥാനത്തിൽ ആനയെ പിടിച്ചെടുക്കുന്നതുൾപ്പെടെ തുടർനടപടികളിൽ തീരുമാനമെടുക്കും.
മുൻ യോഗ തീരുമാന പ്രകാരം ആനകളെ എഴുന്നള്ളിക്കുന്ന ഉത്സവങ്ങൾക്ക് മുൻകൂറായി അനുമതി നൽകുന്നതിൽ നിശ്ചയിച്ചിരുന്ന മാനദണ്ഡങ്ങൾ പരിശോധിച്ച് വരികയാണ്. ഉത്സവ വിവരങ്ങൾ ഉൾപ്പെടുത്തിയുള്ള മുൻകൂട്ടി അനുമതിക്കുള്ള അപേക്ഷ, പങ്കെടുപ്പിക്കുന്ന ആനയെ ഇൻഷ്വർ ചെയ്യൽ, ആനയുടെ മൂവ്‌മെന്റ് രജിസ്റ്റർ സമർപ്പിക്കൽ തുടങ്ങിയതിന്റെ അടിസ്ഥാനത്തിലാണ് അനുമതി നൽകുന്നത്.അപേക്ഷ സമർപ്പിച്ച കേന്ദ്രങ്ങളിൽ അഗ്‌നിരക്ഷാ സേന, വനം, പോലീസ്, റവന്യു, മൃഗ സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ സംയുക്തമായ പരിശോധനകളും നിർവഹിച്ചു വരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL