കോഴിക്കോട്: മൂന്നാളുടെ ജോലി,മാസം അവസാനിക്കാറാകുമ്പോൾ ലഭിക്കുന്ന ശമ്പളം, ദുരിതം സഹിച്ച് മടുത്ത ശേഷമാണ് ഇന്നലെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ ശുചീകരണ തൊഴിലാളികൾ സമരത്തിനിറങ്ങിയത്. ഏപ്രിൽ ഒന്നുമുതൽ ശുചീകരണ തൊഴിലാളികളുടെ എണ്ണം 13 ആയി വെട്ടിക്കുറക്കാൻ ശുചീകരണ കരാർ എടുത്ത രാജേന്ദ്ര ട്രേഡേർസ് കമ്പനി അധികൃതർ തീരുമാനിച്ചിരുന്നു. മുൻപ് 54 ഓളം പേർ ജോലി ചെയ്തയിടത്ത് ഇന്നലെ ജോലിക്കെത്തിയത് 13 പേരാണ്. വിവിധ കാരണങ്ങൾ പറഞ്ഞ് വിവിധ ഘട്ടങ്ങളിലായി മുൻപുണ്ടായിരുന്ന പലരെയും ജോലിയിൽ നിന്ന് പറഞ്ഞ് വിട്ടു. കഴിഞ്ഞ ആഴ്ച വരെ 24 പേർ ജോലിയിലുണ്ടായിരുന്നു. ജോലി ഭാരം കൂടുമ്പോഴും സ്റ്റേഷനിൽ എവിടെയെങ്കിലും അഴുക്കുപിടിച്ചത് കണ്ടാൽ 10 ദിവസത്തേക്ക് ജോലിയിൽ നിന്ന് മാറി നിൽക്കാനും കരാറുകാർ നിർദേശിച്ചിരുന്നു.രാത്രികാല ശുചീകരണത്തിന് നിലവിലുള്ളമൂന്ന് പേർ എന്നത് കുറച്ച് ഒരാൾ എന്ന രീതിയിൽ വെട്ടിക്കുറച്ചു. 55 വയസ് കഴിഞ്ഞവരെ ജോലിയിൽ തുടരാൻ അനുവദിക്കില്ലെന്നും കരാറുകാർ തൊഴിലാളികളെ അറിയിച്ചിരുന്നു. ദിനം പ്രതി ട്രെയിനുകളുടെയും യാത്രക്കാരുടെയും എണ്ണം വർദ്ധിക്കുമ്പോൾ ഇത്രയും ജോലികൾ എങ്ങനെ ചെയ്ത് തീർക്കാനാകും എന്നാണ് തൊഴിലാളികൾ ചോദിക്കുന്നത്. ഒരു ദിവസം 650 രൂപയാണ് കൂലി. മുൻപ് 26 ദിവസത്തോളം മാസത്തിൽ ജോലി ലഭിക്കുമായിരുന്നു. അപ്പോൾ അത് 20 ലും താഴെയാണ്. ശമ്പളം ലഭിക്കുന്നതും വളരെ വെെകിയാണ്. സ്റ്റേഷൻ നവീകരണം നടക്കുന്നതിനാൽ ഇവിടുത്തെ പലമുറികളും, കവാടങ്ങളുമുൾപ്പടെ അടഞ്ഞുകിടക്കുകയാണ് അതിനാൽ ശുചീകരണ ജോലികളും കുറവാണെന്നാണ് കരാറുകാരായ രാജേന്ദ്ര ഗ്രൂപ്പ് അധികൃതർ പറഞ്ഞത്.
താത്ക്കാലിക ആശ്വാസം
ഇന്നലെ സമരത്തിൻ്റെ വാർത്തകൾ പുറത്തുവന്നതോടെ തൊഴിലാളി യൂണിയനുകളും റെയിൽ സ്റ്റേഷൻ ഹെൽത്ത് ഇൻസ്പെക്ടർമാരുടെയും സാന്നിധ്യത്തിൽ താത്‌ക്കാലികമായി ഒത്തുതീർപ്പാക്കി. ഇതിൽ ഫെബ്രുവരിയിലെ ശമ്പളം തിങ്കളാഴ്ചയോടെ വിതരണം ചെയ്യുമെന്നും ഏപ്രിൽ ഒന്നുമുതൽ 20 തൊഴിലാളികൾക്ക് തൊഴിൽ നിലനിർത്താനും കമ്പനി അധികൃതരുമായി ധാരണയിലെത്തി.
'' 15 വർഷമായി ഇവിടെ ശുചീകരണ തൊഴിലാളിയാണ്. ഇതിന് മുൻപുണ്ടായിരുന്ന ഒരു കരാറുകാരും ഇത്രത്തോളം ബുദ്ധിമുട്ടിച്ചിരുന്നില്ല. മുൻപ് മൂന്ന് പേർ ചെയ്തിരുന്ന ജോലിയാണ് ഇപ്പോൾ ഒരാൾക്ക് ചെയ്യേണ്ടിവരുന്നത്.
രമണി ( കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ ശുചീകരണ തൊഴിലാളി )
മുൻപ് 54 പേർ
കഴിഞ്ഞ ആഴ്ച വരെ 24 പേർ
ഇപ്പോൾ 13 പേർ
ഒരു ദിവസം 650 രൂപ കൂലി.
മുൻപ് മാസത്തിൽ 26 ദിവസത്തോളം ജോലി
ഇപ്പോൾ 20 ലും താഴെ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |