സർക്കാർ പ്രഖ്യാപനത്തിനും പുല്ലുവിലയെന്ന്
കോഴിക്കോട്: വായ്പാ കുടിശ്ശികയുടെ പേരിൽ കിടപ്പാടം ജപ്തി ചെയ്യുന്ന ധനകാര്യസ്ഥാപനങ്ങൾക്കും ബ്ളേഡ് മാഫിയയുടെ ഗുണ്ടായിസത്തിനുമെതിരെ കടക്കെണിയിലായവരുടെ സംഘടന. ജപ്തി തടയുന്നത് ഉൾപ്പെടെയുള്ള സമരപരിപാടികൾക്കാണ് നീക്കം. ഈ ലക്ഷ്യത്തോടെ സംസ്ഥാനതലത്തിൽ കടക്കെണി വിമോചന മുന്നണിക്ക് രൂപം നൽകി. വീടാണ് ജാമ്യമെങ്കിൽ ജപ്തി അരുതെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടും സഹകരണ ബാങ്കുകൾ ഉൾപ്പെടെ ധനകാര്യ സ്ഥാപനങ്ങളും ബ്ളേഡ് മാഫിയയും മറ്റും അത് വക വയ്ക്കുന്നില്ലെന്നാണ് ആക്ഷേപം. ഒട്ടും ദാക്ഷിണ്യമില്ലാതെയാണ് കുടിയിറക്ക് ഭീഷണി ഉയർത്തുന്നതെന്നും മുന്നണി ഭാരവാഹികൾ പറഞ്ഞു. ഓമശ്ശേരിയിൽ ഭാര്യയും രണ്ട് മക്കളുമുള്ള ഗൃഹനാഥനെ വീടു പൂട്ടി പുറത്താക്കി. നടപടി പിൻവലിച്ചില്ലെങ്കിൽ പൂട്ടു പൊളിച്ച് കുടുംബത്തെ വീടിനകത്ത് പ്രവേശിപ്പിക്കുമെന്നും ഇതിനായി ജനങ്ങൾ സംഘടിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. കുറ്റിക്കാട്ടൂരിൽ പത്മാവതി, യശോദ, പരമേശ്വരൻ തുടങ്ങിയവരുടെ കുടുംബങ്ങളെ ഇറക്കിവിടാനുള്ള നീക്കം ഈ രീതിയിൽ തടഞ്ഞിരുന്നു. പന്ത്രണ്ടോളം കുടുംബങ്ങളെ കുടിയിറക്ക് ഭീഷണിയിൽ നിന്നും തടയാനായിട്ടുണ്ട്. ജില്ലയിൽ മുന്നൂറോളം പേർ ഇപ്പോഴും കുടിയിറക്കു ഭീഷണിയിലാണ്. കടങ്ങൾ എഴുത്തിത്തള്ളുക, മെെക്രോ ഫിനാൻസ്, ബ്ളേഡ് മാഫിയകളെ നിരോധിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കഴിഞ്ഞയാഴ്ച മുന്നണി പ്രവർത്തകർ കോഴിക്കോട് കളക്ടറേറ്റിനു മുമ്പിൽ സത്യഗ്രഹം നടത്തിയിരുന്നു.
'സർഫാസി' ഭീഷണി
2002ൽ പാർലമെൻ്റ് പാസാക്കിയ സർഫാസി ആക്ട് പ്രകാരം കുടിശ്ശികത്തുക ഈടാക്കാൻ ധനകാര്യ സ്ഥാപനങ്ങൾക്ക് ജാമ്യവസ്തു വിൽക്കാം. കോടതിക്കും ഇടപെടാനാകില്ല. അനുമതിയും വേണ്ട. ഈ നിയമത്തിൻ്റെ ബലത്തിലാണ് കിട്ടാക്കടങ്ങൾക്ക് മേലുള്ള ആസ്തികളില്‍ നടപടിയെടുക്കുന്നത്. ആസ്തിയിന്മേൽ ആൾതാമസമുണ്ടെങ്കിലും ബാങ്കിന് ഒഴിപ്പിക്കാം.
വേണ്ടത് സാവകാശം
വായ്പയെടുത്തത് തിരിച്ചടയ്ക്കാൻ സാവകാശം നൽകണമെന്നാണ് കടക്കെണിയിലായവരുടെ ആവശ്യം. ഭൂരിഭാഗം കടങ്ങളും എഴുതിത്തള്ളുന്നത് പരിഗണിക്കണം. സ്വന്തം കൂരയിൽനിന്ന് ഇറക്കിവിടരുത്. പലിശയും പലിശയുടെ പലിശയുമടച്ചിട്ടും കുടിശ്ശിക തീരുന്നില്ലെന്ന് കടക്കെണിയിൽ പെട്ടവർ പറയുന്നു. ബ്ളേഡ് മാഫിയകളുടെ ഗുണ്ടായിസവും ഭീഷണിയും നേരിടേണ്ടിവരുന്നുവെന്നും അവർ പരാതിപ്പെട്ടു.
" അദാനി ഗ്രൂപ്പിൻ്റേതടക്കം കോർപ്പറേറ്റുകളുടെ വൻ തുകകളാണ് എഴുതിത്തള്ളുന്നത്. പാവപ്പെട്ടവനെ സംരക്ഷിക്കാൻ ആരുമില്ലാത്ത സ്ഥിതിയാണ്."
കെ.പി.കെ. കാരശ്ശേരി,ജില്ലാ പ്രസിഡൻ്റ്,കടക്കെണി വിമോചന മുന്നണി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |