വിലങ്ങാട്: ഉരുൾപൊട്ടലിനെ തുടർന്ന് മലവെള്ളപ്പാച്ചിലിൽ വിലങ്ങാട് പുഴയിൽ അടിഞ്ഞുകൂടിയ കല്ലും മണ്ണും പൂർണമായി നീക്കം ചെയ്യാത്തതിൽ ആശങ്ക. പുഴയുടെ മദ്ധ്യഭാഗത്തായി ഉണ്ടായിരുന്ന കല്ലും മണ്ണും ഇപ്പോൾ ഇരുവശങ്ങളിലായി കൂട്ടിയിട്ട നിലയിലാണ്. ഇത് പുഴയുടെ വീതി കുറയാനിടയാക്കുകയും സ്വാഭാവിക ഒഴുക്ക് തടസപ്പെടാനിടയാക്കുകയും ചെയ്യും. ഇത് വിലങ്ങാട് ടൗണിൽ വലിയ ദുരന്തത്തിനിടയാക്കുമെന്നാണ് ജനങ്ങൾ ഭയക്കുന്നത്. പുഴയിൽ ഒഴുക്കിയെത്തിയ കല്ലും മണ്ണും പുഴയിൽ നിന്ന് പൂർണമായും എടുത്ത് മാറ്റണമെന്ന് വിലങ്ങാട് പുഴ സന്ദർശിച്ച ബി.ജെ.പി. നേതാക്കൾ ആവശ്യപ്പെട്ടു. കോടികൾ ചെലവഴിച്ച് വെറും പ്രഹസനം മാത്രമാണ് ഇവിടെ നടക്കുന്നതെന്നും ഇത് അനുവദിക്കാൻ കഴിയില്ലെന്നും നേതാക്കൾ പറഞ്ഞു. കല്ലും മണ്ണും ഉടൻ നീക്കം ചെയ്യാത്ത പക്ഷം ശക്തമായ സമരത്തിന് നേതൃത്വം നൽകും. ബി.ജെ.പി മേഖല ഉപാദ്ധ്യക്ഷൻ എം.പി. രാജൻ, ബി.ജെ.പി നരിപ്പറ്റ മണ്ഡലം പ്രസിഡന്റ് എം.സി. അനീഷ്, അഭിലാഷ് പി.കെ, അഡ്വ. ജോയ് ജെയിൻ, ജയൻ.കെ.സി, രഞ്ജിത്ത് എന്നിവർ സന്ദർശന സംഘത്തിലുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |