കോഴിക്കോട്: കല്ലായിപ്പുഴയിലെ ചെളിനീക്കൽ പ്രവൃത്തി ഒരുമാസം പിന്നിട്ടെങ്കിലും മഴക്കാലത്തിനു മുമ്പ് പൂർത്തിയാകില്ല. ഇതോടെ കോഴിക്കോട് നഗരത്തിൽ ഇത്തവണയും വെള്ളക്കെട്ടുണ്ടാകുമെന്ന് ഉറപ്പായി. ചെളി നീക്കിയാൽ കനോലി കനാലിലെ വെള്ളം കല്ലായിപ്പുഴയിൽ വേഗത്തിലെത്തുമായിരുന്നു. വർഷകാലത്ത് നഗരത്തിലെ വെള്ളമെത്തുന്നത് കനോലി കനാലിലാണ്. പുഴയിൽ ചെളി നിറഞ്ഞതോടെ സംഭരണശേഷി കുറഞ്ഞു. കല്ലായിപ്പുഴ കടലിൽ ചേരുന്ന കോതി അഴിമുഖത്താണ് ഒരു ഡ്രഡ്ജർ ഉപയോഗിച്ച് ചെളി നീക്കം നടക്കുന്നത്. കൂടുതൽ ഡ്രഡ്ജറെത്തിച്ച് മഴയ്ക്കു മുമ്പ് തീർക്കാനാകുമെന്നായിരുന്നു ഇറിഗേഷന്റെ കണക്കുകൂട്ടൽ. എന്നാൽ തിരമാല ശക്തമായതിനാൽ പ്രവൃത്തിയ്ക്ക് ഉദ്ദേശിച്ച വേഗം പോര. അപകട സാദ്ധ്യതയുമുണ്ട്. കൂടുതൽ ഡ്രഡ്ജർ ഉപയോഗിക്കാനുള്ള സൗകര്യവുമില്ല. തിരയിൽപെട്ട് കൂട്ടിയിടിക്കാനും സാദ്ധ്യതയുണ്ട്. ഡ്രഡ്ജറും ബാർജും കൂട്ടിയിടിച്ച് ഇതിനിടെ ഏതാനും ദിവസം പ്രവൃത്തി നിലച്ചിരുന്നു.
കോതി മുതൽ മാങ്കാവ് കടുപ്പിനി വരെയാണ് ചെളിനീക്കുന്നത്. വെസ്റ്റ് കോസ്റ്റ് ഡ്രഡ്ജിംഗ് കമ്പനിയ്ക്കാണ് കരാർ. 2024 ഒക്ടോബറിലാണ് ചെളിനീക്കൽ പ്രവൃത്തി ഉദ്ഘാടനം ചെയ്തത്. ഒരുവർഷത്തിനുള്ളിൽ പൂർത്തിയാക്കണമെന്നാണ് വ്യവസ്ഥ. കോഴിക്കോട് കോർപ്പറേഷന്റെ 12.98 കോടി രൂപ ഉപയോഗിച്ചാണ് പ്രവൃത്തി. ഡ്രഡ്ജറിൽ ഹിറ്റാച്ചി ഉപയോഗിച്ച് കോരിയെടുക്കുന്ന ചെളിയും മാലിന്യവും ബാർജറിൽ കയറ്റി കടലിൽ അഞ്ച് കിലോമീറ്റർ ദൂരത്തിലാണ് തള്ളുന്നത്.
ചെളിനീക്കം ഇങ്ങനെ
ദൂരം 4.2 കി.മീ.
ആഴം 2.7 മീറ്റർ
നീക്കേണ്ടത് 4.4 ലക്ഷം ക്യുബിക് മീറ്റർ
ഇതുവരെ നീക്കിയത് 38 ലോഡ്
അനുവദിച്ച തുക 12.98 കോടി
അഴിമുഖത്ത് തിരയുടെ ശക്തി കൂടുതലാണ്. ഇവിടം കഴിഞ്ഞ് പുഴയിലേക്ക് നീങ്ങുമ്പോൾ തിരയില്ലാത്തതിനാൽ പ്രവൃത്തി വേഗത്തിലാകും.
- സി. അജയൻ
അസി. എക്സി. എൻജിനിയർ (ഇറിഗേഷൻ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |