കോഴിക്കോട് : ആരെയും ബുദ്ധിമുട്ടിക്കാതെ യാത്ര ചെയ്യണമെന്നതായിരുന്നു നരിക്കുനി സ്വദേശി അനുശ്രീയുടെ ഏറ്റവും വലിയ ആഗ്രഹം. അതിന് വഴി തെളിഞ്ഞതിന്റെ സന്തോഷത്തിലാണ് ജില്ലാ പഞ്ചായത്ത് ഭിന്നശേഷിക്കാർക്ക് വിതരണം ചെയ്ത മുച്ചക്ര വാഹനം ഏറ്റുവാങ്ങാൻ അച്ഛനോടൊപ്പം എത്തിയത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ നാലാം വർഷ മെഡിക്കൽ വിദ്യാർത്ഥിയായ അനുശ്രീയ്ക്ക് 13-ാം വയസിലാണ് ക്യാൻസർ കണ്ടെത്തുന്നത്. ചികിത്സയുടെ ഭാഗമായി അഞ്ചു വർഷം മുമ്പ് ഒരു കാൽ മുറിച്ചുമാറ്റി. കൃത്രിമ കാലുമായി ഹോസ്റ്റലിൽ നിന്ന് കോളേജിലേക്കും വീട്ടിലേക്കുമുള്ള യാത്രകൾ പലപ്പോഴും പ്രയാസമായിരുന്നു. സ്‌കൂട്ടർ ലഭിച്ചതിലൂടെ ക്ലിനിക് പോസ്റ്റിംഗുകളിലും മറ്റ് യാത്രകളിലും മറ്റുള്ളവരെ ആശ്രയിക്കാതെ മുന്നോട്ടുപോകാം എന്ന ആത്മവിശ്വാസമാണ് ലഭിച്ചതെന്ന് അനുശ്രീ പറഞ്ഞു. അതിന് അവസരമൊരുക്കിയ ജില്ലാ പഞ്ചായത്തിനോടുള്ള നന്ദിയും സ്‌നേഹവും അനുശ്രീ പങ്കുവെച്ചു.
കെ.എസ്.ഇ.ബിയിൽ നിന്ന് വിരമിച്ച പ്രേമരാജന്റെയും ഷീനയുടെയും മകളാണ് അനുശ്രീ.
ജില്ലാ പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഭിന്നശേഷിക്കാർക്ക് മുച്ചക്ര വാഹനം വിതരണം ചെയ്തത്. 50 ലക്ഷം രൂപ വകയിരുത്തി വിവിധ പഞ്ചായത്തുകളിൽ നിന്നുള്ള 45 ഭിന്നശേഷിക്കാർക്കാണ് വാഹനം വിതരണം ചെയ്യുന്നത്. ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി സുരേന്ദ്രൻ, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ സുധ കമ്പളത്ത്, അംബിക മംഗലത്ത്, റംസീന നരിക്കുനി, റസിയ തോട്ടായി, നിഷ പുത്തമ്പുരയിൽ, എൻ.എം വിമല, നാസർ എസ്റ്റേറ്റ്മുക്ക് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |