SignIn
Kerala Kaumudi Online
Thursday, 22 October 2026 6.20 PM IST

വെളിച്ചെണ്ണ 'പൊള്ളുന്നു' അമ്പമ്പോ.. എന്തുവില

coconut
വെളിച്ചെണ്ണ

കോഴിക്കോട് : ഇനി വറുത്തതും പൊരിച്ചതുമെല്ലാം കുറയ്ക്കേണ്ടിവരും. വെളിച്ചെണ്ണയുടെ വില റെക്കോർഡ് വേഗത്തിൽ കുതിയ്ക്കുമ്പോൾ ആരോഗ്യ സംരക്ഷണത്തിന് മാത്രമല്ല, മാസ ബഡ്ജറ്റ് പിടിച്ചുനിർത്താനും അതാകും ഉത്തമം. കഴിഞ്ഞ കുറച്ചുമാസങ്ങളായി വെളിച്ചെണ്ണ വില കുതിക്കുകയാണ്. ഒരാഴ്ചക്കിടെ 40 രൂപ വർദ്ധിച്ച് ലിറ്ററിന് 350 രൂപയായി. ഒരു വർഷത്തിനിടെ വെളിച്ചെണ്ണ വില ഇരട്ടിയോളമാണ് കൂടിയത്. തേങ്ങയുടെ ലഭ്യതക്കുറവാണ് വിലക്കയറ്റത്തിന് പ്രധാന കാരണം. പച്ചതേങ്ങ കിലോയ്ക്ക് 66 രൂപയും കൊപ്രയ്ക്ക് ക്വിന്റലിന് 21,100 രൂപയുമാണ് വില. ഈ വർഷം തുടക്കത്തിൽ 280 രൂപയായിരുന്നു ഒരു ലിറ്റർ വെളിച്ചെണ്ണ വില. ഫെബ്രുവരിയിൽ ഇത് കുറഞ്ഞു. പിന്നീട് വീണ്ടും വില ഉയർന്നു. ദിനംപ്രതിയുള്ള വില വർദ്ധന സാധാരണക്കാരെയും ചെറുകിട മില്ലുകളെയുമാണ് വലിയ തോതിൽ ബാധിച്ചിരിക്കുന്നത്. ഇന്തോനേഷ്യ, ഫിലിപ്പെെൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള തേങ്ങയുടെ ഇറക്കുമതി കുറഞ്ഞതും വെളിച്ചെണ്ണ ഉത്പാദനത്തിനായി സംസ്ഥാനത്തെ മില്ലുകൾ പ്രധാനമായും ആശ്രയിച്ചിരുന്ന തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള കൊപ്ര വരവ് നിലച്ചതും വെളിച്ചെണ്ണ വില കുതിക്കാൻ ഇടയാക്കി.

വിപണി പിടിക്കാൻ വ്യാജന്മാർ


വില വർദ്ധന മുതലെടുത്ത് വിപണിപിടിക്കാൻ വ്യാജന്മാരും എത്തുന്നുണ്ടെന്നാണ് മില്ലുടമകൾ പറയുന്നത്. കുറഞ്ഞ വിലയിൽ വെളിച്ചെണ്ണ എന്ന ഓഫറുമായി എത്തുന്നവയിൽ മിക്കതും വ്യാജന്മാരാണ്. 80 ശതമാനം പാമോയിലും 20 ശതമാനം വെളിച്ചെണ്ണയും ചേർത്ത ഭക്ഷ്യ എണ്ണയാണ‌് വെളിച്ചെണ്ണ എന്ന വ്യാജേന വിൽപന നടത്തുന്നത്. സോൾവെന്റ് എക്സ്ട്രാക്ഷൻ എന്നപേരിൽ വലിയ അളവിൽ തേങ്ങാപ്പിണ്ണാക്ക് വിപണിയിലെത്തിച്ച് ഇത് വീണ്ടും ആട്ടിയെടുത്ത് വെളിച്ചെണ്ണ എന്ന പേരിൽ വിൽക്കുന്നതും പതിവാണ്.

''പച്ച തേങ്ങ ലഭിക്കാത്തതിനാൽ നിരവധി ചെറുകിട മില്ലുകൾ അടച്ചുപൂട്ടൽ വക്കിലാണ്. കർണാടകയിൽ ഡെസിക്കേറ്റഡ് കോക്കനട്ട് പൗഡറിന്റെ ഉത്പാദനം വർദ്ധിച്ചതു കാരണം കൊപ്രയുടെ ഇറക്കുമതി തീരെ കുറഞ്ഞു. ഒരു മാസത്തിനിടെ വടകര കോക്കനട്ട് കമ്പനിക്ക് കീഴിലുള്ള വെളിച്ചെണ്ണയുടെ വിൽപ്പന 30 ശതമാനത്തോളമാണ് കുറഞ്ഞത്.

- ഇ. ശശീന്ദ്രൻ , ചെയർമാൻ വടകര കോക്കനട്ട് കമ്പനി

''

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL