SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.18 AM IST

കോഴിക്കോട് ആര് കൊയ്യും ലീഗോ കോൺഗ്രസോ?

udf-
യു.ഡി.എഫ്

കോഴിക്കോട്: കോൺഗ്രസിന് കോഴിക്കോടെന്നാൽ അഭിമാനകരമായ കാലമുണ്ടായിരുന്നു. എ.സുജനപാലും പി.ശങ്കരനും മന്ത്രിയായിരുന്നു കാലം. 20 വർഷം പിന്നിടുമ്പോൾ ഒരു എം.എൽ.എ പോലുമില്ല. രാഷ്ട്രീയകേരളത്തിൽ തല കുനിച്ച് നിൽക്കുന്ന കോഴിക്കോട്ടെ കോൺഗ്രസിനെ കരകയറ്റാനുള്ള ഭഗീരഥ പ്രയത്‌നത്തിലാണ് നേതൃത്വം. ഒരു സീറ്റുള്ള ലീഗ് എത്ര മെച്ചപ്പെടും ഒന്നുമില്ലാത്ത കോൺഗ്രസ് എന്തെങ്കിലും നേടുമോ എന്നാണ് കോഴിക്കോട്ടുകാരുടെ ചോദ്യം. നിലവിൽ 13 മണ്ഡലങ്ങളിൽ കൊടുവള്ളിയിൽ ലീഗിൽ ഡോ.എം.കെ.മുനീറും വടകരയിൽ ആർ.എം.പിയുടെ കെ.കെ.രമയുമാണ് യു.ഡി.എഫിന്റെ ഭാഗമായ എം.എൽ.എമാർ.

കഴിഞ്ഞ തവണ ആറുമണ്ഡലത്തിൽ കോൺഗ്രസും ആറുമണ്ഡലത്തിൽ ലീഗുമായിരുന്നു കോഴിക്കോട്ട് മത്സരിച്ചത്. ഇത്തവണ ലീഗിന് ആറും കോൺഗ്രസിന് അഞ്ചുമായി. കോൺഗ്രസ് വർഷങ്ങളായി മത്സരിക്കാറുള്ള ബേപ്പൂർ പി.വി.അൻവറിനായി നൽകിയതോടെയാണ് അഞ്ചായത്. കോഴിക്കോട് നോർത്ത്, കൊയിലാണ്ടി, നാദാപുരം, ബാലുശ്ശേരി, എലത്തൂർ തുടങ്ങിയവയാണ് കോൺഗ്രസ് മത്സരിക്കുന്നത്. ലീഗിനുള്ളത് കൊടുവള്ളി, തിരുവമ്പാടി, കോഴിക്കോട് സൗത്ത്, കുന്ദമംഗലം, കുറ്റ്യാടി, പേരാമ്പ്ര. വടകരയിൽ ആർ.എം.പി സ്ഥാനാർത്ഥിയായി കെ.കെ.രമയും ബേപ്പൂരിൽ മുഹമ്മദ് റിയാസിനെതിരെ തൃണമൂൽ കോൺഗ്രസ് നേതാവ് പി.അൻവറും. കോഴിക്കോടിന്റെ ഇടത് കോട്ട ഇത്തവണ പൊളിച്ചടുക്കുമെന്നാണ് കോൺഗ്രസിന്റെ വാദമെങ്കിലും അഭിമാനം കാക്കാൻ ഒരു സീറ്റെങ്കിലും പിടിക്കാനുള്ള പടപ്പുറപ്പാടാണ് കോൺഗ്രസിന്. ഡി.സി.സി പ്രസിഡന്റ് കെ.പ്രവീൺകുമാർ ഏറെ പ്രതീക്ഷയോടെ കൊയിലാണ്ടിയിൽ കോൺഗ്രസിന്റെ അമരക്കാരനായി രംഗത്തുവന്നതും ഈ ലക്ഷ്യം വെച്ചാണ്.

യു.ഡി.എഫ്-പട്ടിക

വടകര-കെ.കെ.രമ (ആർ.എം.പി.ഐ)
കുറ്റ്യാടി-പാറക്കൽ അബ്ദുള്ള ( മുസ്ലീം ലീഗ്)
നാദാപുരം-കെ.എം.അഭിജിത്ത് (കോൺഗ്രസ്)
കൊയിലാണ്ടി-കെ.പ്രവീൺകുമാർ (കോൺഗ്രസ്)
പേരാമ്പ്ര-ഫാത്തിമ തഹ്‌ലിയ ( മുസ്ലീം ലീഗ്)
ബാലുശ്ശേരി-വി.ടി.സൂരജ് (കോൺഗ്രസ്)
എലത്തൂർ- വിദ്യ ബാലകൃഷ്ണൻ (കോൺഗ്രസ്)
കോഴിക്കോട് നോർത്ത്-കെ.ജയന്ത് (കോൺഗ്രസ്)
കോഴിക്കോട് സൗത്ത്-വി.കെ.ഫൈസൽ ബാബു ( മുസ്ലീം ലീഗ്)
ബേപ്പൂർ-പി.വി.അൻവർ (തൃണമൂൽ കോൺഗ്രസ്)
കുന്ദമംഗലം-എം.എ.റസാഖ് ( മുസ്ലീം ലീഗ്)
തിരുവമ്പാടി-സി.കെ.കാസിം ( മുസ്ലീം ലീഗ്)
കൊടുവള്ളി-പി.കെ.ഫിറോസ് ( മുസ്ലീം ലീഗ്)

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL