SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.19 AM IST

കോട്ട കാക്കാനുറച്ച് എൽ.ഡി.എഫ്, വെട്ടിപ്പിടിക്കാൻ യു.ഡി.എഫ്

perambra
perambra

കോഴിക്കോട്: പേരാമ്പ്ര മണ്ഡലത്തിന്റെ നട്ടെല്ലാണ് കാർഷികമേഖല. ഇവിടെ നടന്ന ഉജ്ജ്വലമായ കർഷകസമരങ്ങൾ ഇടതുപക്ഷത്തിന് ശക്തമായ അടിത്തറയിട്ടു. രണ്ടു തവണയൊഴിച്ചാൽ മണ്ഡലം ഇടതിനൊപ്പമാണ്. മൂന്ന് തവണയായി സി.പി.എമ്മിന്റെ മുതിർന്ന നേതാവും മുൻമന്ത്രിയും എൽ.ഡി.എഫ് കൺവീനറുമായ ടി.പി രാമകൃഷ്ണനാണ് എം.എൽ.എ. ഇത്തവണയും അദ്ദേഹം തന്നെയാണ് രംഗത്തുള്ളത്. മണ്ഡലത്തിലെ വികസന നേട്ടങ്ങൾ തുണയാകുമെന്നാണ് എൽ.ഡി.എഫിന്റെ കണക്കുകൂട്ടൽ.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ പത്ത് പഞ്ചായത്തുകളിൽ ആറിലും യു.ഡി.എഫ് മുന്നേറ്റമുണ്ടായി. എൽ.ഡി.എഫിന് ആധിപത്യമുള്ള ചിലത് നഷ്ടപ്പെട്ടു. ലോക്സഭാ മണ്ഡലത്തിൽ കോൺഗ്രസിലെ ഷാഫി പറമ്പിലിന് 19,085 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിൽ എണ്ണായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷവുമുണ്ട്. ഇതെല്ലാം തങ്ങൾക്ക് തുണയാകുമെന്നാണ് യു.ഡി.എഫ് പ്രതീക്ഷ. മണ്ഡലം വെട്ടിപ്പിടിക്കാൻ മുസ്ലീംലീഗിലെ ഫാത്തിമ തഹ്ലിയയാണ് രംഗത്ത്. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയാണ്. വികസന മുരടിപ്പാണ് മണ്ഡലത്തിലെന്നാണ് യു.ഡി.എഫ് പ്രചാരണം.

എന്നാൽ 770.59 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടത്തിയെന്ന് എൽ.ഡി.എഫ് പറയുന്നു. ഇതും ടി.പിക്ക് മണ്ഡലത്തിലുള്ള സ്വാധീനവും തുണയാകുമെന്ന് എൽ.ഡി.എഫ് കരുതുന്നു. ഇരു മുന്നണികളുടെയും പോരായ്മകൾ ചൂണ്ടിക്കാട്ടിയാണ് എൻ.ഡി.എ സ്ഥാനാർത്ഥിയും ബി.ജെ.പി മേഖല ജന.സെക്രട്ടറിയുമായ എം. മോഹനന്റെ പ്രചാരണം.

  • മണ്ഡല ചരിത്രം

ആദ്യ തിരഞ്ഞെടുപ്പു മുതൽ നിലവിൽ വന്ന മണ്ഡലം യു.ഡി.എഫ് പ്രതിനിധികളെ ജയിപ്പിച്ചത് വെറും രണ്ടുതവണ. 2011ൽ മണ്ഡലാതിർത്തികൾ പുനർനിർണയിച്ചു. 1957ലെ തിരഞ്ഞെടുപ്പിൽ സി.പി.ഐ സ്ഥാനാർത്ഥി എം.കുമാരൻ മാസ്റ്റർ 2,011 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ചു. 1960ൽ പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയിലെ പി.കെ നാരായണൻ നമ്പ്യാരോട് കുമാരൻ മാസ്റ്റർ തോറ്റു. 1967ൽ കോൺഗ്രസിലെ കെ.ടി.കെ നായരെ സി.പി.എമ്മിലെ വി.വി ദക്ഷിണാമൂർത്തി തോൽപ്പിച്ചു. ഭൂരിപക്ഷം. 11,523. 1970ൽ കോൺഗ്രസിലെ കെ.ജി അടിയോടി മണ്ഡലം തിരിച്ചുപിടിച്ചു. 1980ലും ദക്ഷിണാമൂർത്തിക്കായിരുന്നു ജയം. തുടർന്നിങ്ങോട്ട് ഇടതു പടയോട്ടമാണ്.

ആകെ വോട്ടർമാർ....2,05,533

പുരുഷന്മാർ....1,00,669

സ്ത്രീകൾ....1,04,864

ട്രാൻസ്ജെൻഡർ....0

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL