SignIn
Kerala Kaumudi Online
Friday, 22 May 2026 3.40 AM IST

കൃത്യമായ പ്രതിരോധം; സംസ്ഥാനത്ത് ക്ഷയരോഗ നിരക്ക് കുറയുന്നു

tb
tb

കോഴിക്കോട്: കൊവിഡാനന്തര കാലത്ത് സംസ്ഥാനത്തെ ആരോഗ്യരംഗത്തിന് വലിയ ഭീഷണിയായി മാറിയ ക്ഷയരോഗത്തെ കൃത്യമായ പ്രതിരോധത്തിലൂടെ കീഴടക്കി കേരളം. രോഗനിർണയത്തിനായുള്ള പരിശോധനകൾ വലിയ തോതിൽ വർദ്ധിപ്പിച്ചിട്ടും പുതിയ രോഗികളുടെ എണ്ണത്തിൽ തുടർച്ചയായ കുറവ് രേഖപ്പെടുത്തുന്നത് സംസ്ഥാന ആരോഗ്യവകുപ്പിന്റെ മികച്ച പ്രവർത്തനങ്ങളുടെ നേട്ടമായിതന്നെ വിലയിരുത്താം. രോഗബാധിതരെ പരമാവധി നേരത്തെ കണ്ടെത്തി ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ ശക്തമായ ഇടപെടലുകളാണ് രോഗവ്യാപനം തടയുന്നതിൽ നിർണായകമായത്. കൊവിഡിന് തൊട്ടുമുമ്പ്, 2019-ൽ സംസ്ഥാനത്ത് 25,291 ക്ഷയരോഗികളെ കണ്ടെത്തിയിരുന്നു. എന്നാൽ തുടർച്ചയായ ബോധവത്ക്കരണങ്ങളുടെയും പ്രതിരോധ പ്രവർത്തനങ്ങളുടെയും ഫലമായി 2022-ൽ ഇത് 23,046 ആയി കുറയ്ക്കാൻ സാധിച്ചു.

അതിഥി തൊഴിലാളികളെ ചേർത്തണച്ചു

ആരോഗ്യമേഖലയ്ക്ക് വലിയ ആശങ്ക സൃഷ്ടിച്ച ഒന്നായിരുന്നു അതിഥി തൊഴിലാളികൾക്കിടയിലെ ക്ഷയരോഗ വ്യാപനം. എന്നാൽ ഇവരുടെ ക്യാമ്പുകൾ കേന്ദ്രീകരിച്ച് വിപുലമായ പ്രത്യേക പരിശോധനകൾ നടത്തിയ ആരോഗ്യവകുപ്പിന്റെ നടപടി രോഗം പടരുന്നത് തടയുന്നതിൽ വലിയ ഗുണം ചെയ്തു. ആരോഗ്യവകുപ്പിന്റെ പുതിയ കണക്കുകൾ പ്രകാരം 2024-ൽ ഒരു ലക്ഷം ജനസംഖ്യയിൽ 1,581 പേരെ പരിശോധിച്ചപ്പോൾ 20,526 രോഗികളെ കണ്ടെത്തിയിരുന്നു. എന്നാൽ 2025-ലേക്കെത്തുമ്പോൾ പരിശോധനകളുടെ നിരക്ക് 1,807 ആയി ഉയർത്തിയെങ്കിലും രോഗബാധിതരുടെ എണ്ണം 19,335 ലേക്ക് ചുരുങ്ങുകയാണുണ്ടായത്.


വേണം, ജാഗ്രത

പുതിയ രോഗികളുടെ എണ്ണം കുറയുമ്പോഴും ക്ഷയരോഗം മൂലമുള്ള മരണങ്ങൾ പൂർണമായി തടയാൻ സാധിക്കാത്തത് ആരോഗ്യരംഗത്തിന് വെല്ലുവിളിയായി തുടരുന്നു. സംസ്ഥാനത്ത് ദിവസേന ശരാശരി ആറുപേർ വീതം ക്ഷയരോഗം മൂലം മരിക്കുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. പ്രമേഹം, എച്ച്.ഐ.വി, രക്തസമ്മർദ്ദം തുടങ്ങിയ രോഗങ്ങളുള്ളവർക്കും പോഷകാഹാരക്കുറവ് നേരിടുന്നവർക്കും ക്ഷയരോഗബാധ ഗുരുതരമായ ശ്വാസകോശ പ്രശ്നങ്ങളുണ്ടാക്കുന്നതാണ് പലപ്പോഴും മരണത്തിലേക്ക് നയിക്കുന്നത്. പലരും രോഗത്തിന്റെ അവസാന ഘട്ടത്തിലാണ് ചികിത്സയ്ക്കായി എത്തുന്നത്. പ്രകടമായ യാതൊരുവിധ ലക്ഷണങ്ങളും കാണിക്കാത്തവരിലും പരിശോധനയിലൂടെ രോഗം സ്ഥിരീകരിക്കപ്പെടാറുണ്ട്. ജില്ലാടിസ്ഥാനത്തിലുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഇപ്പോഴും കൂടുതൽ രോഗികളുള്ളത്.


"പൊതുജനങ്ങൾക്കിടയിൽ വലിയ രീതിയിലുള്ള ബോധവത്ക്കരണം ആവശ്യമാണ്. വർഷത്തിൽ ഒരിക്കലെങ്കിലും ടി.ബി പരിശോധന നടത്തുന്നത് രോഗം നേരത്തെ തിരിച്ചറിയാനും കൃത്യമായ ചികിത്സ ഉറപ്പാക്കാനും സഹായിക്കും."

-ഡോ. സക്കീന
സ്റ്റേറ്റ് ടി.ബി ഓഫീസർ

"ക്ഷയരോഗബാധിതരുമായി അടുത്ത സമ്പർക്കം പുലർത്തിയവരെ കണ്ടെത്തി, ആവശ്യമായ പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കാൻ സാധിച്ചതാണ് രോഗവ്യാപന നിരക്ക് കുറയ്ക്കാൻ സഹായിച്ചത്. "

-ഡോ. ബിൽമോൻ ഇ. എ.ൽ
ജില്ല ടി.ബി ഓഫീസർ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL