SignIn
Kerala Kaumudi Online
Tuesday, 09 June 2026 2.46 AM IST

 രണ്ട് മരണം മഴയെത്തി; രോഗങ്ങളും

കോഴിക്കോട്: കാലവർഷമെത്തിയപ്പോഴേക്കും കോഴിക്കോട് ജില്ല രോഗങ്ങളുടെ പിടിയിൽ. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ (ജൂൺ1 മുതൽ 7വരെ) സർക്കാർ ആശുപത്രികളിൽ 5799 പേരാണ് പനിച്ച് വിറച്ചെത്തിയത്. സ്വകാര്യ ആശുപത്രികളേയും ക്ലിനിക്കുകളേയും ആശ്രയിക്കുന്നവരും കൂടുതലാണ്. അമീബിക് മസ്തിഷ്ക ജ്വരം, ഷിഗെല്ല എന്നിവ ബാധിച്ച് രണ്ടുപേർ മരിക്കുകയും ചെയ്തു. ദിവസവും ശരാശരി 600 പേരെങ്കിലും സർക്കാർ- സ്വകാര്യ ആശുപത്രികളിൽ വിവിധ അസുഖങ്ങൾക്ക് ചികിത്സ തേടിയെത്തുന്നുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. മൂ​ന്നോ നാ​ലോ ദി​വ​സം നീ​ളു​ന്ന പ​നി​യും ക്ഷീ​ണ​വും ശരീരവേദനയുമായാണ് പലരുമെത്തുന്നത്. പനിയോടൊപ്പം വയറിളക്ക രോഗങ്ങളും കുതിച്ചുയരുകയാണ്. 2143 പേർക്കാണ് രോഗം ബാധിച്ചത്. ആശങ്കയുയർത്തി ഷിഗെല്ലയും പടരുന്നുണ്ട്. നാലുപേർക്കാണ് ഈ മാസം രോഗം പിടിപെട്ടത്. ഇതിൽ അണ്ടിക്കോട് വള്ളിൽകടവ് സ്വദേശിയായ നാലര വയസുകാരിയാണ് കഴിഞ്ഞ ദിവസം മരിച്ചത്. ചികിത്സയിലിരുന്ന രണ്ട് കുട്ടികളും രോഗം ഭേദമായി ആശുപത്രി വിട്ടു. രോഗം കണ്ടെത്തിയ ഭാഗങ്ങളിൽ ആരോഗ്യവകുപ്പിന്റെയും ആശാവർക്കർമാരുടെയും നേതൃത്വത്തിൽ പ്രത്യേക സ്‌ക്വാഡുകളും പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.

ഡെങ്കിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങളും ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട് 138 പേർ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടിയതിൽ 68 പേർക്ക് രോഗം പിടിപെട്ടിട്ടുണ്ട്. 19 പേർക്കാണ് ഹെപ്പറ്റൈറ്റിസ് എ വിഭാഗത്തിൽപ്പെട്ട മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. മഴക്കാലത്ത് രോഗവ്യാപനം തടയുന്നതിനായി ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. മലയോര മേഖലയിലും നഗരപ്രദേശങ്ങളിലും ഒരുപോലെ രോഗബാധ വർദ്ധിക്കുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. കുട്ടികൾ, വയോധികർ, ഗുരുതര രോഗങ്ങളുള്ളവർ എന്നിവർ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദേശം നൽകി. പനി ഉൾപ്പെടെയുള്ള രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സ നടത്താതെ ഉടൻ ആരോഗ്യ കേന്ദ്രങ്ങളിലെത്തി ചികിത്സ തേടണമെന്നും അധികൃതർ അറിയിച്ചു.

പനി.................5799

ഡെങ്കിപ്പനി............68

വയറിളക്കരോഗങ്ങൾ....2143

മഞ്ഞപ്പിത്തം......19

ഷിഗെല്ല...................3

മുൻകരുതലെടുക്കാം

1.വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക

2 കെട്ടിക്കിടക്കുന്ന വെള്ളം ഒഴിവാക്കുക

3.തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക

4.കൊതുകുകടി പരമാവധി ഒഴിവാക്കുക

5.മലിനജലത്തിൽ ഇറങ്ങാതിരിക്കുക

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL