വയനാട്ടിലും
അയൽസംസ്ഥാനങ്ങളിലും
ജലക്ഷാമം രൂക്ഷമാകും
പൂൽപ്പള്ളി: കാലവർഷാരംഭത്തിൽ പ്രളയ സമാനമായി നിറഞ്ഞൊഴുകുന്ന കബനി നദി ചരിത്രത്തിൽ ഇല്ലാത്തവിധം വറ്റിവരളുന്നു. വൃഷ്ടിപ്രദേശങ്ങളിൽ ഇക്കുറി മഴ കുറഞ്ഞതാണ് കബനിയിലെ ജലനിരപ്പ് താഴാൻ ഇടയായത്. കാവേരി നദീതടത്തിന്റെ മുഖ്യ ജലസ്രോതസായ കബനിയിൽ നീരൊഴുക്ക് നിലച്ചത് കേരളത്തിന് പുറമെ കർണാടക, തമിഴ്നാട് സംസ്ഥാനങ്ങൾക്ക് വൻ ഭീഷണിയാണ് ഉയർത്തുന്നത്.
കനാലുകൾ അടച്ചു
കബനി പുഴയ്ക്ക് കുറുകെ കർണാടക സർക്കാർ നിർമ്മിച്ച ബീച്ചനഹള്ളി അണക്കെട്ടിലെ വെള്ളത്തെ ആശ്രയിച്ചാണ് അവിടുത്തെ അഞ്ച് താലൂക്കുകളിലെ ജലസേചനവും കുടിവെള്ള വിതരണവും നടക്കുന്നത്. ഡാമിൽ വെള്ളമില്ലാതായതോടെ കനാലുകൾ അടച്ചു. എച്ച്.ഡി. കോട്ട മുതൽ ചാമരാജനഗർ വരെ നീളുന്ന കനാലുകൾ വഴിയാണ് പാടങ്ങളിലേക്കും ചിറകളിലേക്കും കുളങ്ങളിലേക്കും വെള്ളമെത്തിച്ചിരുന്നത്. ഇവ നിറയുമ്പോഴാണ് പ്രദേശങ്ങളിലെ കുഴൽക്കിണറുകളിലടക്കം ജലനിരപ്പ് ഉയരുന്നത്.
വേനൽമഴയും കൈവിട്ടതോടെ കാർഷിക വിളകളെല്ലാം കരിഞ്ഞുണങ്ങി തുടങ്ങി.
വന്യജീവികളുടെ കുടിനീര് മുട്ടും
വയനാട് അതിർത്തി വരെ നീണ്ടുകിടക്കുന്ന കബനി റിസർവോയറിന്റെ മുകൾഭാഗം പൂർണമായും വറ്റിയ നിലയിലാണ്. ആളുകൾക്ക് കാൽനടയായി നടന്നുപോകാൻ പാകത്തിൽ കിലോമീറ്ററുകളോളം പുഴ മണൽത്തിട്ടയായി. തടാകത്തിലെ ബോട്ട് സർവീസടക്കം നിലച്ച മട്ടാണ്. നദീതടം വരണ്ടുണങ്ങി വിണ്ടുകീറി. വരണ്ട കരകളിൽ പുല്ലുമൂടി കിടക്കുന്ന കാഴ്ചയാണ്. കേരള- കർണാടക അതിർത്തികളുടെ ജീവനാഡിയായ കബനിയിലെ വരൾച്ച വന്യമൃഗങ്ങളെയും സാരമായി ബാധിക്കും.
ബംഗളൂരുവിനും തിരിച്ചടി
ബംഗളൂരുവിലേക്ക് കുടിവെള്ളമെത്തിക്കുന്നത് കബനിയിൽ നിന്നാണ്. ബീച്ചനഹള്ളിയിൽ നിന്ന് വിടുന്ന വെള്ളം ടി. നരസിപ്പൂരയിൽ വെച്ച് കാവേരി നദിയിൽ ചേരുകയും ചാമരാജ് നഗറിലെത്തിച്ച് പമ്പ് ചെയ്താണ് ബംഗളൂരു നഗരത്തിൽ വിതരണം ചെയ്യുന്നത്. കുറച്ചു വർഷങ്ങളായി ബംഗളൂരുവിന്റെ ആശ്രയം കബനിയാണ്. തമിഴ്നാടിനുള്ള കാവേരി ജലവിഹിതം നൽകുന്നതും കബനിയിൽ നിന്നുള്ള വെള്ളം ഉപയോഗിച്ചാണ്. കടുത്ത വരൾച്ച ബാധിത പ്രദേശമായ എച്ച്.ഡി. കോട്ടയിലെ താരകാ അണക്കെട്ടിലേക്ക് വെള്ളമെത്തിക്കുന്നതും ഒട്ടേറെ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികൾ പ്രവർത്തിക്കുന്നതും കബനിയെ ആശ്രയിച്ചാണ്. ബീച്ചനഹള്ളിയിലെ വൈദ്യുതി ഉത്പാദനവും ജലക്ഷാമം മൂലം അവതാളത്തിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |