വില വർദ്ധന 60 മുതൽ 100 രൂപ വരെ
കോഴിക്കോട്: ചിക്കനു പിന്നാലെ ബീഫ് വിലയും ഉയർന്നു. എല്ലുള്ള ബീഫിന് കിലോയ്ക്ക് 340 രൂപയിൽ നിന്ന് 400 രൂപയും എല്ലില്ലാത്തതിന് 360 രൂപയിൽ നിന്ന് 460 രൂപയുമാണ് ഉയർന്നത്. മറ്റ് ജില്ലകളിൽ 520 മുതൽ 600 വരെ ഉയർത്തിയ സാഹചര്യത്തിലാണ് കോഴിക്കോട് ജില്ലയിലും വില കൂട്ടാൻ ഓൾ കേരള മീറ്റ് മർച്ചന്റ്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ ജനറൽ ബോഡി യോഗം തീരുമാനിച്ചത്. ഇതോടെ ഹോട്ടലുകളിലെ ബീഫ് വിഭവങ്ങൾക്ക് വില കൂടുമെന്ന് ഉറപ്പായി. കോഴിക്കോട് ജില്ലയിലേക്ക് ആവശ്യമായ കന്നുകാലികളുടെ വലിയൊരു പങ്കും ആന്ധ്രാപ്രദേശ്, തെലുങ്കാന, കർണാടക, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് എത്തുന്നത്. എന്നാൽ കഴിഞ്ഞ കുറച്ചു മാസങ്ങളായി ഈ സംസ്ഥാനങ്ങളിൽ നിന്നുള്ള കന്നുകാലി വരവ് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. കന്നുകാലികളുമായി വരുന്ന വാഹനങ്ങൾ വിവിധ സംസ്ഥാന അതിർത്തികളിൽ തടയുന്നതും വെറ്ററിനറി സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിലെ കാലതാമസവും വിതരണത്തെ പ്രതിസന്ധിയിലാക്കി. ഇതിനെതിരെ സർക്കാർ ഇടപെടൽ വേണമെന്നാണ് അസോസിയേഷൻ ആവശ്യപ്പെടുന്നത്.
ആവശ്യത്തിന് കന്നുകാലികളെ ലഭ്യമാക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഇറച്ചി വ്യാപാരികൾ കടുത്ത പ്രതിസന്ധിയിലാണെന്നും നിലവിലെ വിലയിൽ വ്യാപാരം മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്ത സ്ഥിതിയിലാണ് വില വർദ്ധിപ്പിക്കാൻ നിർബന്ധിതരായതെന്നും അസോസിയേഷൻ ഭാരവാഹികൾ വ്യക്തമാക്കുന്നു.
"കേരളത്തിലും അയൽ സംസ്ഥാനങ്ങളിലും കന്നുകാലികളുടെ വില കുത്തനെ ഉയർന്നതും തുകൽ, എല്ല്, നെയ്യ് തുടങ്ങിയ ഉപോത്പ്പന്നങ്ങളുടെ വില ഇടിഞ്ഞതുമാണ് ബീഫ് വില വർദ്ധിപ്പിക്കാൻ കാരണം."
— സാദിഖ് ടി. കെ., സംസ്ഥാന പ്രസിഡന്റ്,
ഓൾ കേരള മീറ്റ് മർച്ചന്റ്സ് അസോസിയേഷൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |