കടകൾ പ്രവർത്തിക്കുന്നത് അപകടകരം
കോഴിക്കോട്: ആറര പതിറ്റാണ്ട് പഴക്കമുള്ള പാളയം മാർക്കറ്റ് കെട്ടിടങ്ങൾ പൊളിച്ചു മാറ്റണമെന്ന് എൻ.ഐ.ടിയിലെ സിവിൽ എൻജിനിയറിംഗ് വിദഗ്ദ്ധരുടെ റിപ്പോർട്ട്. ശക്തമായ മഴയോ കാറ്റോ ഉണ്ടായാൽ കെട്ടിട ഭാഗങ്ങളോ കെട്ടിടമോ നിലം പൊത്താമെന്നും റിപ്പോർട്ടിലുണ്ട്. പാളയം പച്ചക്കറി മാർക്കറ്റിൽ നിന്ന് വ്യാപാരികൾ കല്ലുത്താൻകടവിൽ കോർപ്പറേഷൻ നിർമ്മിച്ച പുതിയ കെട്ടിടത്തിലേക്ക് മാറാൻ തയ്യാറല്ലാത്ത സാഹചര്യമാണുള്ളത്. മാർക്കറ്റ് മാറ്റുന്നതിനെതിരെ അവർ നിരവധി സമരങ്ങൾ നടത്തി. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി പിണറായി വിജയനാണ് പുതിയ മാർക്കറ്റ് ഉദ്ഘാടനം ചെയ്തത്. എങ്കിലും പാളയം മാർക്കറ്റ് വ്യാപാരികളും ജനങ്ങളും ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്. ബലക്ഷയമുള്ള കെട്ടിടങ്ങളുള്ളതിനാൽ ഗുരുതര അപകടങ്ങളുണ്ടാകാൻ സാദ്ധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. കോർപ്പറേഷൻ കെട്ടിടങ്ങളുടെ പഴക്കം, കേടുപാടുകൾ, സുരക്ഷ തുടങ്ങിയവ പരിശോധിക്കാൻ എൻ.ഐ.ടി സിവിൽ എൻജിനിയറിംഗ് വിഭാഗത്തെ ചുമതലപ്പെടുത്തിയിരുന്നു. തുടർന്നാണ് വിദഗ്ദ്ധർ റിപ്പോർട്ട് നൽകിയത്. 1961ലാണ് പാളയം മാർക്കറ്റ് നിർമ്മിച്ചത്.
പരിശോധനയിലെ പ്രധാന കണ്ടെത്തലുകൾ
ഭിത്തികളിൽ ധാരാളം വിള്ളൽ
തേപ്പ് പൂർണ്ണമായും അടർന്നു
ഭിത്തിയിലെ കല്ലുകൾക്ക് കേടുപാടുണ്ട്
തടികെണ്ടുള്ള മേൽക്കൂര അപകടാവസ്ഥയിൽ
സ്ഥാപനങ്ങളിലെ സൺഷേഡുകൾ തകരാം
സൺഷേഡ് നിർമ്മാണം അനധികൃതം
ബീമുകളും സ്ളാബുകളും ദ്രവിച്ചു
കമ്പികൾ തുരുമ്പിച്ചു, അറ്റകുറ്റപ്പണി അസാദ്ധ്യം
കടകളോ വാട്ടർ ടാങ്കോ ഉപയോഗിക്കരുത്
കെട്ടിടങ്ങൾ ഘട്ടംഘട്ടമായി പൊളിക്കണം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |