SignIn
Kerala Kaumudi Online
Friday, 31 July 2026 6.29 AM IST

കാട്ടുപന്നി ശല്യം: കർഷകർ കൃഷി ഉപേക്ഷിക്കുന്നു

kunnamangalamnews
പുറ്റുമണ്ണിൽ താഴത്ത് കാട്ടുപന്നി ആക്രമണത്തിൽ നശിച്ച കൃഷിയിടം ഗ്രാമപഞ്ചായത്ത് അധികൃതർ സന്ദർശിക്കുന്നു

കുന്ദമംഗലം: കുരുവട്ടൂർ പഞ്ചായത്തിന്റെ കിഴക്കൻ മേഖലയിൽ പെട്ടപൊയിൽ താഴം, പുറ്റ്മണ്ണിൽ താഴം ഭാഗങ്ങളിൽ രൂക്ഷമായ കാട്ടുപന്നി ശല്ല്യം കാരണം കൃഷിക്കാർ പൊറുതി മുട്ടുകയാണ്. പലരും കൃഷി പാടെ ഉപേക്ഷിച്ചുകഴിഞ്ഞു. കാട്ടുപന്നി ശല്യത്തിനെതിരെ ഒട്ടേറെ പരാതികൾ നൽകിയിട്ടും പരിഹാരമില്ല. പന്നികളെ ഇല്ലായ്മ ചെയ്യുവാനുള്ള ഒരു നടപടിയും ഇന്നേവരെ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്നാണ് കർഷകർ പറയുന്നത്. പകരം വിളകൾക്ക് ചുറ്റും സാരികെട്ടുവാനും കമ്പിവേലികെട്ടുവാനുമൊക്കെയാണ് അധികൃതരുടെ നിർദ്ദേശം. സ്ഥിരമായി ഇടവിളകൾ കൃഷി ചെയ്യുന്ന ഒട്ടനവധി കർഷക കുടുംബങ്ങളിവിടെയുണ്ട്. കമ്പിവേലി കെട്ടുവാനോ ചുറ്റുമതിൽ കെട്ടുവാനോ സാമ്പത്തികശേഷിയുള്ളവരല്ല മിക്ക കർഷകരും. കാട്ടുപന്നിയുടെയും മുള്ളൻപന്നിയുടെയും ഉപദ്രവം കാരണം പലരും ചേന, ചേമ്പ്, വാഴ, കൈതചക്ക, പപ്പായ എന്നീ കൃഷികൾ ഉപേക്ഷിച്ചുകഴിഞ്ഞു. പണ്ട്കാലത്ത് പന്നികൾ ഇഞ്ചിയും മഞ്ഞളും തൊടാറില്ലായിരുന്നു. ഇപ്പോൾ അവയും നശിപ്പിച്ചുതുടങ്ങിയിരിക്കയാണ്. വട്ടകണ്ടത്തിൽ ശ്രനിവാസൻനായർ, ഭാസ്കരൻമാസ്റ്റർ, വിമുക്തഭടൻ ശിവരാമൻനായർ തുടങ്ങി ഒട്ടേറെ കർഷകർ പന്നിശല്ല്യം കാരണം കൃഷി ഉപേക്ഷിച്ചുകഴിഞ്ഞവരാണ്. കമ്പിവേലികെട്ടിയിട്ടും പരിഹാരമില്ലെന്നാണ് ഇവർ പറയുന്നത്. പന്നികൾ ഇരുചക്രവാഹന യാത്രക്കാരെയും ഉപദ്രവിച്ചുതുടങ്ങിയിട്ടുണ്ട്.

കാട്മൂടി കിടക്കുന്ന സ്ഥലങ്ങൾ

വെട്ടിതെളിയിക്കണമെന്ന്

കുരുവട്ടൂർ പഞ്ചായത്തിൽ സ്വകാര്യവ്യക്തികളുടെ ഏക്കർകണക്കിന് സ്ഥലം കാടുമൂടി കിടക്കുന്നുണ്ട്. ഇവിടെയാണ് കാട്ടുപന്നികളുടെ വാസസ്ഥലം. പുറ്റുമണ്ണിൽതാഴത്തുള്ള അഞ്ച് ഏക്കറോളം വരുന്ന കാമ്പ്രമല, മിച്ചഭൂമിയായി സർക്കാർ അക്വയർചെയ്തിട്ടുള്ളതാണ്. ഇതും കാടുമൂടി കിടക്കുകയാണ്. അതുപോലെ തൊട്ടടുത്തുള്ള അരീക്കുഴി, മുള്ളൻപറമ്പ് എന്നീ സ്ഥലങ്ങളൊക്കെ കാട് നിറഞ്ഞുകിടക്കുകയാണ്. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ഇവ കാടുവെട്ടിതെളിയിച്ചാൽ കാട്ടുപന്നിശല്യം ഒരു പരിധിവരെ കുറയുമെന്നാണ് നാട്ടുകാർ പറയുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL