കോഴിക്കോട്: കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇന്നലെയും കനത്ത മഴയും ദുരിതവും തുടർന്നു. ചിലയിടങ്ങളിൽ വീടും മതിലും തകർന്നു. ദുരിതാശ്വാസക്യാമ്പുകളിലെത്തിയവരുടെ എണ്ണം കഴിഞ്ഞ ദിവസത്തേക്കാൾ രണ്ടിരട്ടിയായി. മഴ കുറഞ്ഞതിനെ തുടർന്ന് ക്യാമ്പ് വിട്ടവരിൽ പലരും വീണ്ടും തിരിച്ചെത്തിയെന്നാണ് വിവരം. അതേസമയം വെള്ളക്കെട്ട് കുറയുമെന്ന പ്രതീക്ഷയിൽ വീട്ടിൽത്തന്നെ തുടരുന്നവരുമുണ്ട്.
കോഴിക്കോട് താലൂക്കിലെ ക്യാമ്പുകളിലാണ് ഏറ്റവും കൂടുതൽ പേരുള്ളത്. മഴയുടെ അളവും കഴിഞ്ഞ ദിവസത്തേതിൽ നിന്ന് കൂടുതലായിരുന്നു. വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ടും ഗതാഗതക്കുരുക്കുമുണ്ടായി. കക്കോടി ഗ്രീൻവാലിയിലെ വെള്ളക്കെട്ടിൽ ഒറ്റപ്പെട്ടവരെ അഗ്നിശമന സേനാംഗങ്ങൾ പുറത്തെത്തിച്ചു. പൂനൂർ പുഴ കരകവിഞ്ഞതിനെ തുടർന്ന് പൂനൂർ - കട്ടിപ്പാറ റോഡിൽ കനത്ത വെള്ളക്കെട്ടുണ്ടായി.
മഴയെ തുടർന്നുണ്ടായേക്കാവുന്ന അപകടങ്ങളിൽ നിന്നും രക്ഷപ്പെടുത്താൻ കോഴിക്കോട് സിറ്റി പൊലീസ് പരിധിയിൽ വിപുലമായ സുരക്ഷാ-രക്ഷാപ്രവർത്തനങ്ങൾ ഒരുക്കിയതായി സിറ്റി പൊലീസ് അറിയിച്ചു. കമ്മിഷണർ എ.പി ഷൗക്കത്തലിയുടെ നേതൃത്വത്തിൽ ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ പദംസിംഗ്, അഡീഷണൽ എസ്.പി, അസി.പൊലീസ് കമ്മിഷണർമാർ, ഇൻസ്പെക്ടർമാർ, എസ്.ഐമാർ തുടങ്ങിയവരെ പ്രത്യേകം ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. അഗ്നിശമനസേന, റവന്യൂവകുപ്പ്, ജില്ലാ ദുരന്തനിവാരണ അതോറിറ്റി, ആരോഗ്യ വകുപ്പ് തുടങ്ങിയവയുമായുള്ള ഏകോപനം ശക്തമാക്കിയിട്ടുണ്ട്.
വ്യാജവാർത്ത പ്രചരിപ്പിക്കരുത്
സാമൂഹികമാദ്ധ്യമങ്ങളിലൂടെ വ്യാജവാർത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിച്ചാൽ നിയമനടപടിയുണ്ടാകും. ജില്ലാ ഭരണകൂടം, പൊലീസ്, കാലാവസ്ഥാ വകുപ്പ് എന്നിവയുടെ അറിയിപ്പുകൾ മാത്രമേ വിശ്വസിക്കാവൂ. സെൽഫിയെടുക്കാനും റീൽസ് ചിത്രീകരിക്കാനും കടൽത്തീരങ്ങളിലും പാറക്കെട്ടുകളിലും വെള്ളക്കെട്ടിലും പോകുന്നത് വിലക്കിയിട്ടുണ്ട്.
ശ്രദ്ധിക്കണം, ഇവ
*വെള്ളക്കെട്ടും ശക്തമായ ഒഴുക്കുമുള്ള സ്ഥലങ്ങളിലൂടെ വാഹനമോടിക്കരുത്, യാത്ര ചെയ്യരുത്.
*പാലങ്ങൾ, ചാലുകൾ, ചെറുപാലങ്ങൾ എന്നിവയ്ക്ക് സമീപം അനാവശ്യമായി നിൽക്കരുത്.
*മത്സ്യത്തൊഴിലാളികൾ കാലാവസ്ഥാ മുന്നറിയിപ്പ് പൂർണമായി പാലിക്കണം. കടലിൽ പോകരുത്.
*മണ്ണിടിച്ചിൽ സാദ്ധ്യതയുള്ള മലമ്പ്രദേശങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണം.
*അസാധാരണ ശബ്ദം, മണ്ണിലെ വിള്ളൽ തുടങ്ങിയവ ശ്രദ്ധയിൽപെട്ടാൽ ഉടൻ സുരക്ഷിത സ്ഥലത്തേക്ക് മാറണം.
*നദീതീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ അറിയിപ്പുകൾ നിരന്തരം ശ്രദ്ധിക്കണം.
*വെള്ളത്തിൽ വീണുകിടക്കുന്ന വൈദ്യുതലൈനുകളിലും വൈദ്യുത ഉപകരണങ്ങളിലും സ്പർശിക്കരുത്.
*വൈദ്യുതി സംബന്ധമായ അപകടങ്ങൾ ശ്രദ്ധയിൽപെട്ടാൽ ഉടൻ കെ.എസ്.ഇ.ബിയെ അറിയിക്കണം.
കുടിവെള്ള വിതരണം മുടങ്ങും
കോഴിക്കോട്: ജല അതോറിറ്റിയുടെ കുറ്റിക്കാട്ടൂർ ബൂസ്റ്റർ സ്റ്റേഷനിലെ മോട്ടോർ റൂമുകളിൽ വെള്ളം കയറിയതിനെ തുടർന്നുള്ള അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്ന് ഉച്ചവരെ കുടിവെള്ള വിതരണം മുടങ്ങും. മെഡിക്കൽ കോളേജ്, മെഡി. കോളേജ് പരിസരം, കോവൂർ, മുണ്ടിക്കൽതാഴം, കാളാണ്ടിതാഴം, പൊക്കുന്ന്, സൈബർ പാർക്ക്, പൊന്നംകോട് കുന്ന്, കോവൂർ എം.എൽ.എ റോഡ്, നെയ്ത്തുകുളങ്ങര, മായനാട്, ദേവഗിരി, മഠത്തിൽമുക്ക്, പൂവങ്ങൽ, ഗുരുവായൂരപ്പൻ കോളേജ്, ചിപ്പിലിപ്പാറ, ചേവായൂർ ഗ്രൗണ്ട്, മലാപ്പറമ്പ്, കോട്ടൂളി, പറയഞ്ചേരി, പുതിയറ, പൊറ്റമ്മൽ, കൊടുമാളിക്കുന്ന്, കേളാട്ടുകുന്ന്, എൻ.ജി.ഒ ക്വാർട്ടേഴ്സ്, പൂളക്കടവ്, മൂഴിക്കൽ, ചെലവൂർ, പുളിയങ്കോട്കുന്ന്, സത്യാർത്ഥി റോഡ്, വെള്ളിപറമ്പ്, മാവൂർ പഞ്ചായത്ത് പരിസരപ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് മുടങ്ങുക.
കോഴിക്കോട്ട് ഇന്ന് അവധി
കോഴിക്കോട്: മലയോര- തീരദേശ മേഖലകളിലും മറ്റും ശക്തമായ മഴ തുടരുന്നതിനാലും വെള്ളക്കെട്ടുള്ളതിനാലും കോഴിക്കോട് ജില്ലയിലെ സ്കൂളുകൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. നേരത്തെ നിശ്ചയിച്ച പരീക്ഷകൾ, ഓൺലൈൻ ക്ലാസുകൾ എന്നിവയ്ക്ക് അവധി ബാധകമല്ല. വയനാട്ടിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും ഇന്ന് അവധിയാണ്.
അപകടങ്ങൾ ശ്രദ്ധയിൽ പെട്ടാൽ വിളിക്കേണ്ട നമ്പർ 112
വയനാട്ടിൽ ദുരിതങ്ങൾ ബാക്കി
പ്രത്യേക ലേഖകൻ
കൽപ്പറ്റ: വയനാട്ടിൽ ഇന്നലെ ദുരിതപ്പെയ്ത്തിന് അൽപ്പം ശമനം ഉണ്ടായിരുന്നെങ്കിലും ദുരിതങ്ങൾക്ക് ഒട്ടും കുറവില്ല. താഴ്ന്ന പ്രദേശങ്ങൾ വെളളക്കെട്ടിൽ തന്നെയാണ്. ഹെക്ടർ കണക്കിന് കൃഷിഭൂമികൾ ഇപ്പോഴും വെളളത്തിനടിയിലാണ്. കബനി ഉൾപ്പെടെ ജില്ലയിലെ പുഴകൾ കരകവിഞ്ഞുതന്നെ ഒഴുകുന്നു. അതിശക്തമായ കാറ്റിലും മഴയിലും കാർഷികവിളകളെല്ലാം നശിച്ചു. വാഴകളടക്കം നിലം പൊത്തിയ നിലയിലാണ്. ദുരിതക്കയത്തിൽ നിന്ന് വയനാട് കരകയറിയിട്ടില്ല.മലമ്പ്രദേശങ്ങളിൽ അനുഭവപ്പെട്ട അതിശക്തമായ മഴയാണ് വയനാട്ടിലെങ്ങും ദുരിതം വിതച്ചത്. ഇന്നലെ കാര്യമായ മഴ വയനാട് ജില്ലയിൽ അനുഭവപ്പെട്ടില്ല.
മഴക്കെടുതിയിൽ നാശനഷ്ടങ്ങളുടെ കണക്കുകൾ പ്രവഹിക്കുകയാണ്.വയനാട്ടിൽ അതിതീവ്ര മഴ ലഭിച്ചത് വൈത്തിരി, പൊഴുതന,തരിയോട്, തവിഞ്ഞാൽ പഞ്ചായത്തുകളിലാണ്. ഇവിടങ്ങളിൽ താഴ്ന്ന പ്രദേശങ്ങളിലെ വെളളക്കെട്ട് ഒഴിഞ്ഞിട്ടില്ല. വയനാട്ടിൽ ജില്ലാ ഭരണകൂടം അതീവ ജാഗത്ര തുടരുന്നു. കണ്ണൂർ ജില്ലയെ വയനാടുമായി ബന്ധിപ്പിക്കുന്ന ബോയ്സ് ടൗൺ പാൽചുരം റോഡിൽ ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് രണ്ടുദിവസം അധികൃതർ ചുരം പാത അടച്ചിട്ടിരുന്നു. യുദ്ധകാലാടിസ്ഥാനത്തിൽ നടത്തിയ പ്രവർത്തനങ്ങളെ തുടർന്നാണ് ഗാതഗതത്തിനായി തുറന്നുകൊടുക്കാൻ കഴിഞ്ഞത്. കണ്ണൂർ ജില്ലയെ വയനാടുമായി ബന്ധിപ്പിക്കുന്ന മറ്റൊരു പാതയായ പേര്യ ചുരം റോഡിലും കോഴിക്കോട് നിന്ന് വയനാട്ടിലേക്കുളള താമരശ്ശേരി ചുരം റോഡിലും മണ്ണിടിച്ചിൽ ഉണ്ടായി. അത്യാവശ്യഘട്ടങ്ങളിൽ കുറ്റ്യാടി പക്രംതളം ചുരം റോഡാണ് മിക്കവരും ഉപയോഗിച്ചിരുന്നത്. അവിടെയാണെങ്കിൽ വലിയ ഗതാഗതക്കുരുക്കും.
വയനാട് ജില്ലയിൽ മഴക്കെടുതിയെ തുടർന്ന് 28 ദുരിതാശ്വാസ ക്യാമ്പുകളിലായി 424 കുടുംബങ്ങളിലെ 1347 പേരെ മാറ്റി താമസിപ്പിച്ചു. ഇതിൽ 475 പുരുഷന്മാരും 541 സ്ത്രീകളും 331 കുട്ടികളും 79 പ്രായമായവരും അഞ്ച് ഭിന്നശേഷിക്കാരും നാല് ഗർഭിണികളുമാണുള്ളത്. വൈത്തിരി താലൂക്കിൽ 15, മാനന്തവാടി താലൂക്കിൽ 10, ബത്തേരി താലൂക്കിൽ മൂന്നും ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്.
സുരക്ഷാസേനക്കാർ പറയുന്നു
ഞങ്ങൾക്കും വേണം രക്ഷ
ദിവ്യ.സി
കോഴിക്കോട് : ദുരന്തമേഖലകളിൽ പലപ്പോഴും ആദ്യമെത്തുന്നവരും അവസാനം അവിടെ നിന്ന് മടങ്ങുന്നവരും ഞങ്ങളായിരിക്കും.സ്വന്തം ജീവൻ പോലും അവഗണിച്ചാണ് രക്ഷാപ്രവർത്തനത്തിനിറങ്ങുന്നത്. എന്നിട്ടും ഞങ്ങൾക്ക് അവഗണനയാണ് ബാക്കി..' സേവന രംഗത്ത് കർമ്മനിരതനായ സിവിൽ ഡിഫൻസ് വോളണ്ടിയർ പറഞ്ഞുതുടങ്ങുമ്പോൾ വാക്കുകളിൽ പ്രതിഷേധവും സങ്കടവും. കേരളത്തെ നടുക്കിയ വയനാട് മുണ്ടക്കൈ ചൂരൽമല ദുരന്തത്തിലുൾപ്പെടെ അഗ്നിരക്ഷാസേനയ്ക്കൊപ്പം തോളോടുതോൾ ചേർന്ന് പ്രവർത്തിച്ച സിവിൽ ഡിഫൻസിനുമൊപ്പം ആപത് മിത്ര വൊളണ്ടിയന്മാർക്കും പറയാൻ പരാതികളേറെയുണ്ട്.. മൃതദേഹങ്ങൾ പുറത്തെടുക്കുന്നതും ആപത്തിൽപെട്ടവരെ രക്ഷപ്പെടുത്തുന്നതും ദുരന്ത ഭൂമിയിൽ മണിക്കൂറുകളോളം തങ്ങിനിൽക്കുന്നതുമെല്ലാം ദേശീയ ദുരന്ത നിവാരണ അതോറിറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന ഈ സേനാംഗങ്ങളാണ്.
എന്നാൽ ദുരന്തമുഖത്ത് ഇറങ്ങുന്നവർക്ക് അത്യാവശ്യമായ ഹെൽമറ്റ്, കൈയുറ, സുരക്ഷാ ഷൂ, ഫസ്റ്റ് എയ്ഡ് ബോക്സ് തുടങ്ങി വ്യക്തിഗത സുരക്ഷാ ഉപകരണങ്ങൾ ഉൾപ്പെടുന്ന കിറ്റുകൾ പോലും ഭൂരിഭാഗം പേർക്കും ഇന്നും ലഭിച്ചിട്ടില്ല. പലർക്കും ഒരു റിഫ്ളക്ടീവ് ജാക്കറ്റും ഐ.ഡി കാർഡും മാത്രമാണ് കൈവശമുള്ളത്. സിവിൽ ഡിഫൻസ് വോളണ്ടിയർമാരിൽ പലർക്കും യൂണിഫോം പോലും സ്വന്തം ചെലവിൽ തയ്ക്കേണ്ടിവരുന്ന അവസ്ഥയാണ്. കൊവിഡ് സമയത്തും പ്രളയകാലത്തും വയനാട് ദുരന്ത സമയത്തുമെല്ലാം കൃത്യമായ ഇടപെടലായിരുന്നു ഇവരുടേത്. അഗ്നിരക്ഷാ സേനയ്ക്കൊപ്പമാണ് പ്രവർത്തനമെങ്കിലും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ കീഴിലാണ് ആപത് മിത്ര വോളണ്ടിയർമാരുടെ പ്രവർത്തനം. എന്നാൽ അഗ്നിരക്ഷാ വകുപ്പിന് കീഴിൽ നേരിട്ടാണ് സിവിൽ ഡിഫൻസ് അംഗങ്ങൾ പ്രവർത്തിക്കുന്നത്. ദുരന്ത നിവാരണം, പ്രഥമ ശുശ്രൂഷ, രക്ഷാപ്രവർത്തനം തുടങ്ങിയവയിൽ പ്രത്യേക പരിശീലനം നേടിയ ശേഷമാണ് ഇവർ സേവനത്തിനിറങ്ങുന്നത്.
സംസ്ഥാനത്ത് ആറായിരത്തിലധികം സിവിൽ ഡിഫൻസ് വോളണ്ടിയർമാരും സമാനമായ എണ്ണം ആപത് മിത്ര വോളണ്ടിയർമാരും പ്രവർത്തിക്കുന്നുണ്ടെന്നാണ് കണക്ക്. പ്രതിഫലമല്ല, അംഗീകാരമാണ് ഇവർ ആവശ്യപ്പെടുന്നത്. ജീവൻ രക്ഷിക്കാൻ സ്വന്തം ജീവൻ പോലും പണയംവയ്ക്കുന്ന ഈ നിശ്ശബ്ദ പോരാളികൾക്ക് സുരക്ഷാ ഉപകരണങ്ങളും അടിസ്ഥാന ആനുകൂല്യങ്ങളും പരിഗണനയും ഉറപ്പാക്കണമെന്ന ആവശ്യമാണ് ഇപ്പോൾ ശക്തമാകുന്നത്. ദുരന്തമുണ്ടാകുമ്പോൾ ആദ്യം ഓടിയെത്തുന്നത് ഇവരാണ്. അതിലേറെ അവഗണിക്കപ്പെടുന്നതും ഇവർ തന്നെയാണെന്നതാണ് ഏറ്റവും വലിയ വേദന.
'വയനാട് ദുരന്തസമയത്ത് സ്വന്തം ജീവൻ പോലും മറന്നാണ് പ്രവർത്തിച്ചത്. പ്രഖ്യാപിച്ച യാത്രാബത്ത പോലും ലഭിച്ചില്ല. മുമ്പ് ലഭിച്ചിരുന്ന പല സൗകര്യങ്ങളും ഇപ്പോൾ ഇല്ല,'
-വോളണ്ടിയർ,
സിവിൽ ഡിഫൻസ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |