കോഴിക്കോട്: കോഴിക്കോട് സ്ഥാപിക്കുന്ന എം.ടി. വാസുദേവൻ നായർ സാംസ്‌കാരിക പാർക്ക് അദ്ദേഹത്തിന്റെ സാഹിത്യകൃതികളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് സർഗലോകം അനുഭവിക്കാനാകും തരത്തിൽ രൂപകൽപ്പന ചെയ്യാൻ മന്ത്രി പി. സി. വിഷ്ണുനാഥിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. പാർക്ക് ഒരു സ്മാരകമായി ഒതുക്കാതെ സാഹിത്യം, സിനിമ, കല, പൈതൃകം, സാങ്കേതികവിദ്യ എന്നിവ സമന്വയിപ്പിക്കുന്ന ലോകോത്തര അനുഭവ കേന്ദ്രമാക്കി മാറ്റാൻ റൗണ്ട് ടേബിൾ കോൺഫറൻസിൽ നിർദേശം ഉയർന്നു.
2026-27ലെ പുതുക്കിയ ബഡ്ജറ്റ് പ്രസംഗത്തിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ച പാർക്കിൽ പരമ്പരാഗത കലാരൂപങ്ങൾക്കുള്ള പ്രകടന വേദികൾ, ജെൻസി
സ്രഷ്ടാക്കളുടെ ഹ്രസ്വചിത്രങ്ങൾക്കും ഡോക്യുമെന്ററികൾക്കുമുള്ള പ്രദർശന സൗകര്യങ്ങൾ, സമകാലിക നൃത്തസംഗീത വേദികൾ, സിനിമാ തിയേറ്ററുകൾ, ലൈബ്രറി, കലാപ്രദർശന ഹാൾ, ഗാലറി എന്നിവയ്‌ക്കൊപ്പം ചരിത്രം, സാഹിത്യംഭാഷ, ശബ്ദം എന്നിവയ്ക്കായുള്ള മ്യൂസിയങ്ങൾ, കുട്ടികൾക്കും സന്ദർശകർക്കുമുള്ള പ്രത്യേക മേഖലകൾ എന്നിവ വിഭാവനം ചെയ്തിട്ടുണ്ട്. മ്യൂസിയം 'കാഴ്ചയിൽ നിന്ന് അനുഭവത്തിലേക്ക്' മാറ്റുന്നതിനായി വി.ആർ, എ.ആർ സാങ്കേതികവിദ്യകൾ ഉപയോഗിക്കാനും, സൂക്ഷ്മമായ പെഡസ്റ്റൽ രൂപകൽപ്പനകളും ഈജിപ്തിലെ മ്യൂസിയങ്ങളിലേതുപോലുള്ള ആസൂത്രിത സന്ദർശക സഞ്ചാരപാതകളും ഒരുക്കാനുള്ള നിർദേശമുയർന്നു.
ബഡ്ജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ച വിവിധ പദ്ധതികളെ സമയബന്ധിതമായി യാഥാർത്ഥ്യമാക്കുന്നതിന്റെ ഭാഗമായാണ് 16 മുതൽ 18 വരെ തിരുവനന്തപുരത്ത് റൗണ്ട് ടേബിൾ കോൺഫറൻസുകൾ നടക്കുന്നത്. സാംസ്‌കാരിക വകുപ്പ് സെക്രട്ടറി
അഞ്ജന.എം ചർച്ചകൾ ഏകോപിപ്പിച്ചു. പ്രശസ്ത വാസ്തുശിൽപിയും പൈതൃക സംരക്ഷകനുമായ യൂജിൻ പണ്ടാല, ആനിമേഷൻ ചലച്ചിത്രകാരൻ പ്രകാശ് മൂർത്തി, വാസ്തുശിൽപിയും കേരള ടൂറിസം ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറുമായ ഡോ. മനോജ് കുമാർ, സാംസ്‌കാരിക വകുപ്പ് ഡയറക്ടർ കെ. ഇമ്പശേഖർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |