കോഴിക്കോട്: സ്വകാര്യ ബസ് സർവീസുകളുടെ സമയം കൃത്യമായി ക്രമീകരിക്കാത്തതിനാൽ മത്സരയോട്ടം പതിവായി. സമയത്തെ ചൊല്ലിയുള്ള ബസ് ജീവനക്കാരുടെ തർക്കങ്ങളും സംഘട്ടനങ്ങളും തുടരുകയാണ്. കാൽനടക്കാർക്ക് റോഡരികിലൂടെ സ്വസ്ഥമായി നടന്നുപോകാനാവാത്ത സ്ഥിതിയാണ്. സിഗ്നൽ ജംഗ്ഷനുകളിൽ പോലും ലക്കും ലഗാനുമില്ലാതെയാണ് ബസുകളുടെ മത്സരയോട്ടം. ഇതേത്തുടർന്ന് ഇരുചക്രവാഹനങ്ങൾക്കാണ് ഏറെ ഭീഷണി. സീബ്രാലെെനിലൂടെ കടന്നുപോകാൻ വരെ കാൽനടക്കാർക്ക് കാത്തു നിൽക്കണം. സ്വകാര്യ ബസുകളുടെ ട്രാഫിക് നിയമലംഘനങ്ങളും പതിവാണ്. ഇവ നിയന്ത്രിക്കാൻ അധികൃതരും ഒന്നും ചെയ്യുന്നില്ല.
മിനിറ്റുകളുടെ ഇടവേളയിൽ സ്വകാര്യബസുകൾക്ക് പെർമിറ്റ് അനുവദിക്കുന്നതാണ് പ്രശ്നം. നിശ്ചിത സമയത്ത് ഓടിയെത്താനും കൂടുതൽ യാത്രക്കാരെ കിട്ടാനുമാണ് പരക്കംപാച്ചിൽ. ബേപ്പൂർ-മെഡിക്കൽ കോളേജ് റൂട്ടിലോടുന്ന സ്വകാര്യ ബസുകാർ കഴിഞ്ഞ ദിവസം തമ്മിലടിച്ചിരുന്നു. കോഴിക്കോട്ടെ മാത്രം പ്രശ്മല്ല ഇത്. സംസ്ഥാനത്തെ പൊതുഗതാഗത ബസ് സർവീസുകളുടെ സമയക്രമം സംബന്ധിച്ച് പഠനം നടത്തി പുന:ക്രമീകരിക്കേണ്ട കാലം അതിക്രമിച്ചു.
സമയക്രമം കാലാനുസൃതമായി പുന:പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ഗതാഗത വകുപ്പ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്.ഗതാഗതത്തിരക്ക്, റോഡുകളുടെ ശേഷി, യാത്രക്കാരുടെ ആവശ്യകത, നിലവിലുള്ള ബസ് സർവീസുകളുടെ എണ്ണം, റൂട്ടുകളുടെ ദൈർഘ്യം, വിവിധ സർവീസുകൾ തമ്മിലുള്ള ഇടവേള തുടങ്ങിയ ഘടകങ്ങൾ ശാസ്ത്രീയപഠനത്തിൽ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. സമയക്രമത്തെച്ചൊല്ലി സ്വകാര്യ ബസ് ജീവനക്കാർ തമ്മിലടിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണിത്. തമ്മിലടിക്ക് ശേഷം ജീവനക്കാർ തമ്മിൽ ഒത്തുതീർപ്പിലെത്തുന്നതു കാരണം പൊലീസിന് ഇക്കാര്യത്തിൽ ഫലപ്രദമായി ഇടപെടാനാവുന്നില്ല. നിലവിലുള്ള അശാസ്ത്രീയമായ സമയക്രമമാണ് തമ്മിലടിക്ക് കാരണമാകുന്നതെന്ന് ഉത്തരവിൽ പറഞ്ഞു. ജീവനക്കരുടെ പേരിൽ നടപടി എടുത്തതുകൊണ്ടു മാത്രം പ്രശ്നം പരിഹരിക്കപ്പെടില്ല.
പെർമിറ്റ് റദ്ദാക്കാൻ ശുപാർശ
സമയക്രമത്തെ ചൊല്ലി ബസ് ജീവനക്കാർ തമ്മിൽത്തല്ലിയതിൽ കണ്ടക്ടറുടെയും ഡ്രൈവർമാരുടെയും ലൈസൻസ് ആറ് മാസത്തേക്ക് റദ്ദാക്കാൻ കോഴിക്കോട് ആർ.ടി.ഒ. ജെബി ഐ. ചെറിയാൻ ശുപാർശ നൽകി. 'സരോജിനി' ബസിന്റെ ഡ്രൈവർ പ്രബിൻ, കണ്ടക്ടർ വൈശാഖ്, 'സെവൻ ഡെയ്സ്' ബസിന്റെ ഡ്രൈവർ ഷാക്കിർ എന്നിവരുടെ ലൈസൻസാണ് റദ്ദാക്കുക. എടപ്പാളിലെ ഡ്രൈവർമാരുടെ പരിശീലന കേന്ദ്രത്തിൽ അഞ്ചുദിവസത്തെ നിർബന്ധിത ക്ലാസിനും ഹാജരാകണം. വ്യവസ്ഥകൾക്കെതിരായി സർവീസ് നടത്തിയതിന് ബസുടമകളുടെ പെർമിറ്റ് റദ്ദാക്കണമെന്നും ആർ.ടി.ഒ ശുപാർശ ചെയ്യും.
സമയത്തെച്ചൊല്ലിയുണ്ടാകുന്ന പ്രശ്നങ്ങൾ സ്ഥിരമായി പരിഹരിക്കണം. ജീവനക്കാർക്കെതിരെയുള്ള നടപടി താത്കാലിക പരിഹാരമാണ്.
-കെ. ബൈജുനാഥ്,
ജുഡീഷ്യൽ അംഗം,
മനുഷ്യാവകാശ കമ്മിഷൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |