കോഴിക്കോട്: കൊപ്ര ബ്രോക്കറായ കുറ്റിച്ചിറ കറാനി വീട്ടിലെ അബ്ദുൾ ജബ്ബാർ നാല്പതു വർഷം മുമ്പ് ആക്രിക്കടയിൽ നിന്നു വാങ്ങിയ വിളക്കുമായി വീട്ടിലേക്കെത്തിയപ്പോൾ,എല്ലാവരും പരിഹസിച്ചു. വീട്ടുകാരും നാട്ടുകാരും വട്ടാണെന്നുവരെ പറഞ്ഞെങ്കിലും കൗതുക വസ്തുക്കൾ ആ വീട്ടിലേക്ക് എത്തിക്കൊണ്ടിരുന്നു. ഇന്ന് അബ്ദുൾ ജബ്ബാറിന്റെ വീട്ടിലേക്ക് എത്തുന്നത് വിദേശികളും ഇൻഫ്ളുവൻസർമാരും അടക്കമുള്ള സന്ദർശകരാണ്. കാഴ്ചകൾ കണ്ട് വിസ്മയിക്കുകയാണ്.
അര നൂറ്റാണ്ടുമുമ്പ് കുറ്റിച്ചിറ തെക്കേപ്പുറം പ്രദേശത്തെ കല്യാണ സൽക്കാരങ്ങളിൽ സ്ത്രീകൾക്ക് മാത്രമായി ഒരുക്കിയിരുന്ന പ്രത്യേക ഇരിപ്പിടം കണ്ടാൽ ന്യൂജെൻ അന്തംവിടും. വളഞ്ഞ ബെഞ്ചിന്റെ ഇരുപുറത്തേക്കും കാലിട്ട് ഒരു സ്ത്രീയ്ക്ക് പിന്നിൽ മറ്റൊരാൾ എന്ന തരത്തിൽ വൃത്താകൃതിയിൽ ഇരുന്ന് മദ്ധ്യത്തിൽവച്ച ഒരു പാത്രത്തിൽ നിന്ന് എല്ലാവരും കഴിക്കുന്ന സംവിധാനം (മാസ്രപല) ആണിത്. ഈ വീടിനുമുണ്ട് നൂറ്റാണ്ടിന്റെ പഴക്കം. 103 കൊല്ലത്തെ നികുതി രസീത് അതിനു സാക്ഷ്യം പറയും
മാമോദീസ മുക്കാൻ ഉപയോഗിച്ചിരുന്ന പഴയകാലത്തെ പാത്രം, ബ്രിട്ടീഷുകാരുടെ കാലത്തെ സിഗരറ്റ് ടിൻ ബോക്സ്, നൂറ്റാണ്ട് പഴക്കമുള്ള തപാൽപ്പെട്ടിതുടങ്ങിയവയും ശേഖരത്തിലുണ്ട്. വിശാലമായ വീട്ടിൽ അറുപത്തിയൊൻപതുകാരനായ ജബാറും കുടുംബവും സന്ദർശകരെ വരവേൽക്കുകയാണ്.റീൽസെടുക്കാൻ യുവജനങ്ങളും പഠനത്തിനായി അദ്ധ്യാപകരും വിദ്യാർത്ഥികളും എത്തുന്നുണ്ട്. ഭാര്യ മെെമുന. മക്കൾ: അക്രം, അക്തർ, അഹ്ലർ, ആദിൽ.
വിശിഷ്ട വസ്തുക്കൾ
ഒരു നയാപെെസ മുതൽ 1,000 രൂപ വരെയുള്ള നാണയം, ലാവ സ്സറ്റോൺ, ഓലയിലെഴുതിയ ആധാരം, കാന്തശക്തിയുള്ള ടെെഗർ സ്റ്റോൺ, കൽക്കരി ഇന്ധനമായ ഇസ്തിരിപ്പെട്ടി, തടി പോലുള്ള ഓസ്ട്രേലിയൻ വുഡ് സ്റ്റോൺ, അലക്കാനുള്ള തുണി സൂക്ഷിക്കാനുള്ള തടിയുടെ ഈക്ക് പെട്ടി തുടങ്ങി അനവധിയുണ്ട് വിശിഷ്ട വസ്തുക്കൾ.
ഹെെദരാബാദ്, ഡൽഹി അടക്കമുള്ള സ്ഥലങ്ങളിലെ സുഹൃത്തുക്കളിൽനിന്നും കോഴിക്കോട്ടെ ആർക്കിയോളജിക്കൽ ക്ളബിന്റേതും തപാൽ വകുപ്പിന്റേതുമടക്കം ലേലങ്ങളിൽ നിന്നുമാണ് അപൂർവ വസ്തുക്കൾ സ്വന്തമാക്കിയത്.ആക്രിക്കടകൾ കയറി ശേഖരിച്ചതും കുറവല്ല.
പലതും വൻ വിലയ്ക്ക് വാങ്ങാൻ വിദേശികളടക്കം തയ്യാറാണ്. മരണം വരെയും ആർക്കും കൊടുക്കില്ല.
-അബ്ദുൾ ജബ്ബാർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |