കോഴിക്കോട്: പകർച്ചവ്യാധി ബാധിതരെ പ്രവേശിപ്പിക്കാൻ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിർമ്മിക്കാനിരുന്ന ഐസൊലേഷൻ ബ്ലോക്ക് പദ്ധതി തിരുവനന്തപുരം മെഡി.കോളേജിലേക്ക് മാറ്റി. 35 കോടി രൂപ ചെലവിൽ നിർമ്മിക്കാനിരുന്ന പദ്ധതിയാണ് ഫണ്ടില്ലാത്തതിനാൽ മാറ്റിയത്. 2018ലെ നിപയ്ക്കുശേഷം കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രത്യേക ഐസൊലേഷൻ സംവിധാനം വേണമെന്ന ആവശ്യത്തിന് ഇതോടെ മങ്ങലേറ്റു. ബ്ലോക്കിനായി 35 കോടി രൂപയുടെ വിശദമായ പദ്ധതി 2018ൽ സംസ്ഥാന സർക്കാരിന് സമർപ്പിച്ചിരുന്നു. പദ്ധതി പിന്നീട് കിഫ്ബിക്കു കൈമാറി. കിഫ്ബിയുടെ പക്കൽ വർഷങ്ങളോളം കുടുങ്ങിക്കിടന്ന പദ്ധതിയാണ് ഫണ്ടില്ലാതായതോടെ തിരുവനന്തപുരത്തേക്ക് മാറ്റിയത്.
2018ൽ ജില്ലയിൽ ആദ്യമായി നിപ വെെറസ് ബാധ സ്ഥിരീകരിച്ചതോടെയാണ് രോഗികളെ പ്രത്യേകമായി പരിചരിക്കാൻ ഐസൊലേഷൻ ബ്ലോക്ക് വേണമെന്ന ആവശ്യം ശക്തമായത്. ഇതിനായി ആദ്യം അഞ്ച് കോടി, പിന്നീട് എട്ട് കോടി എന്നിങ്ങനെ പദ്ധതി തയാറാക്കി. പിന്നീടാണ് 35 കോടിയിലെത്തിയത്. മെഡിക്കൽ കോളജ് ക്യാമ്പസിൽ പുതുതായി നിർമിച്ച റോഡിനു സമീപമാണ് ഐസൊലേഷൻ ബ്ലോക്കിനായി സ്ഥലം കണ്ടെത്തിയിരുന്നത്. നിർമ്മാണത്തിനു മുന്നോടിയായി ഇവിടെ സർവേ നടത്തി സ്ഥലം അളന്നുതിട്ടപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ പദ്ധതി വെെകിയതോടെ നടപ്പാകാതെ വന്നതോടെ നിർമ്മാണത്തിനായി കണ്ടെത്തിയ സ്ഥലത്ത് വീണ്ടും കാടുകയറി.
രോഗം വന്നാൽ പേവാർഡ് ഒഴിപ്പിക്കണം
2018ൽ കോഴിക്കോട് ജില്ലയിൽ നിപ സ്ഥിരീകരിച്ചതുമുതൽ മെഡിക്കൽ കോളേജിലെ കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയുടെ (കെ.എച്ച്.ആർ.ഡബ്ല്യു.എസ്) പേവാർഡാണ് ഐസൊലേഷൻ വാർഡായി ഉപയോഗിക്കുന്നത്. നിപ, കൊവിഡ്, അമീബിക് മസ്തിഷ്ക ജ്വരം ഉൾപ്പെടെയുള്ള പകർച്ചവ്യാധി ബാധിതരെ പ്രവേശിപ്പിക്കേണ്ടിവരുമ്പോൾ പേവാർഡിൽ ചികിത്സയിലുള്ള രോഗികളെ മാറ്റിയാണ് ഇവിടെ സൗകര്യമൊരുക്കുന്നത്. കോഴിക്കോട് ചില സമയങ്ങളിൽ അപൂർവ രോഗങ്ങൾ പടർന്നുപിടിക്കുമ്പോൾ നിരവധി രോഗികളെ ഐസൊലേഷൻ ബ്ലോക്കിലേക്ക് മാറ്റേണ്ടി വരാറുണ്ട്. സാധാരണ വാർഡുകളിലെ തിരക്ക് കണക്കിലെടുത്താണ് പലരും പേവാർഡിനെ ആശ്രയിക്കുന്നത്. എന്നാൽ പകർച്ചവ്യാധി ബാധിതരെ പ്രവേശിപ്പിക്കേണ്ടിവരുമ്പോൾ പേവാർഡിലെ രോഗികളെ പെട്ടെന്ന് സാധാരണ വാർഡുകളിലേക്ക് മാറ്റേണ്ടിവരുന്നു. ഇത് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതിനൊപ്പം ആശുപത്രി അധികൃതർക്കും അധിക സമ്മർദ്ദമുണ്ടാക്കും.
അപൂർവരോഗങ്ങൾ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ എന്നും രോഗികളെത്താറുണ്ട്. നമുക്ക് അത്യാവശ്യമായിരുന്ന ഐസൊലേഷൻ ബ്ലോക്കാണ് ഫണ്ടില്ലാത്തതിനാൽ നഷ്ടമായത്. പേവാർഡ് ഐസൊലേഷൻ വാർഡാക്കേണ്ട പഴയ രീതി തന്നെ ഇനിയും തുടരണം
-ഡോ.എം.പി ശ്രീജയൻ
സൂപ്രണ്ട്, മെഡി കോളേജ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |